
കാർഷികം
കുടുംബശ്രീ കാർഷിക മേഖലാ പ്രവർത്തനങ്ങൾ
അയൽക്കൂട്ട പ്രദേശങ്ങളിലെ കൃഷിയോഗ്യമായ ഭൂമി ഉപയുക്തമാക്കി, കൃഷിയിലൂടെ സമൂഹത്തിലെ പാവപ്പെട്ട വനിതകൾക്ക് വരുമാനമാർഗ്ഗം സൃഷ്ടിക്കുന്ന പ്രവർത്തനമാണ് സംഘകൃഷി. 2006 മുതൽ പാട്ടക്കൃഷിയിലൂടെ കുടുംബശ്രീ അംഗങ്ങൾ കൃഷി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുവരുന്നു. ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കു സംസ്ഥാനത്തെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി പാട്ടക്കൃഷിയിലൂടെ പരിമിതമായി നടന്നു വന്ന കൃഷി പ്രവർത്തനങ്ങളെ 2009 ൽ സംഘകൃഷി എന്ന പുതിയ ആശയത്തിലൂടെ വിപുലീകരിച്ചു.
സംഘകൃഷിയിൽ ഏർപ്പെടുന്നതിനായി, കൃഷിയിൽ താൽപര്യമുള്ള 4 മുതൽ 10 വരെ അയൽക്കൂട്ട വനിതകളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഗ്രൂപ്പുകളാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ എൽ ജി) അഥവാ സംഘകൃഷി ഗ്രൂപ്പുകൾ. കൃഷി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജെ എൽ ജി കൾക്ക് കൂടുതൽ ധനപരവും സാങ്കേതികവുമായ സഹായങ്ങൾ നൽകുക, കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ സാമൂഹ്യനിയന്ത്രണത്തിലൂടെ കൂടുതൽ സുതാര്യത ഉറപ്പു വരുത്തുക തുടങ്ങിയവയാണ് സംഘകൃഷി പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിൽ ദേശീയ ഉപജീവന മിഷന്റെ ഉപപദ്ധതിയായി വിഭാവനം ചെയ്തിരിക്കുന്ന മഹിളാ കിസാൻ സശാക്തീകരണൻ പരിയോജന (എം.കെ.എസ്.പി.) 2011 മുതൽ കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കി വരുന്നു. ഏകദേശം 3.3 ലക്ഷത്തിൽ പരം സ്ത്രീ കർഷകർ 65,031 സംഘകൃഷി ഗ്രൂപ്പുകൾ മുഖേന 52,490 ഹെക്ടർ സ്ഥലത്തു കൃഷിയിറക്കി വരുന്നു.
മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (എം.കെ.എസ്.പി.)
കൃഷിയിൽ സ്ത്രീപ്രാധാന്യം ഉറപ്പു വരുത്താനും കൂടുതൽ കാർഷിക തൊഴിലവസരം സൃഷ്ടിക്കാനും സുസ്ഥിര വികസനം ഉറപ്പു വരുത്താനുമാണ് ലക്ഷ്യം വച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലൂടെ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതി അടങ്കൽ തുക 79 കോടി രൂപയാണ്. കുടുംബശ്രീ എം.കെ.എസ്.പി. പദ്ധതി മുഖാന്തരം കേരളത്തിൽ 30,000 സംഘകൃഷി ഗ്രൂപ്പുകൾ രൂപീകരിക്കാനും അതിലൂടെ ഒന്നര ലക്ഷത്തിലേറെ സ്ത്രീകൾക്ക് സുസ്ഥിര കാർഷിക മേഖലാ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാനും ലക്ഷ്യമിട്ടിരുന്ന പദ്ധതിയിൽ നിലവിൽ 65,031 സംഘകൃഷി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തിയും സംഘകൃഷി നടപ്പിലാക്കി വരുന്നു.
എം.കെ.എസ്.പി. വാല്യു ചെയിൻ
ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിൽ ദേശീയ ഉപജീവന മിഷന്റെ ഉപപദ്ധതിയായ മഹിളാ കിസാൻ സശാക്തീകരണൻ പരിയോജന (എം.കെ.എസ്.പി.) വഴി കാർഷിക മൂല്യ വർദ്ധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിച്ച് വിപണനം നടത്തുന്ന പ്രവർത്തനങ്ങൾക്കായി 2017-19 കാലഘട്ടത്തിൽ എം.കെ.എസ്.പി. വാല്യു ചെയിൻ (മൂല്യവർദ്ധിത ഉല്പന്നങ്ങൾ) പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ബാങ്ക് ലിങ്കേജ്
നബാർഡിന്റെ മാർഗ്ഗ നിർദേശപ്രകാരം ഗ്രേഡ് ചെയ്യപ്പെട്ട ജെ എൽ ജി കളെ ബാങ്ക് ലിങ്കേജ് പ്രോഗ്രാമിലൂടെ ബാങ്കുമായി ബന്ധിപ്പിക്കുകയും വായ്പ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. പ്രവർത്തനം ആരംഭിച്ചു 6 മാസം കഴിഞ്ഞതും കൃഷിയിൽ സജ്ജീവമായി പ്രവർത്തിക്കുന്നതുമായ ജെ എൽ ജി കൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് പദ്ധതി. ബാങ്ക് ലിങ്കേജ് പ്രകാരം വായ്പ എടുക്കുന്ന ജെ എൽ ജി കൾക്കാണ് പലിശ സബ്സിഡി യുടെ പ്രയോജനം ലഭിക്കുന്നത്. 1 ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പകൾക്ക് 5 ശതമാനം പലിശ ഇളവ് നൽകുന്നു. 26,611 ജെ എൽ ജി കളെ ബാങ്കുമായി ബന്ധിപ്പിക്കുകയും 486 കോടി രൂപ ബാങ്ക് വായ്പ്പയായി ലഭ്യമാക്കുകയും ചെയ്തു.
കാർഷിക ഇൻസെന്റീവുകൾ
തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനും, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി കുടുംബശ്രീ വനിതാകർഷകർക്കു പ്രോത്സാഹനമായി നൽകുന്ന സഹായമാണ് ഏരിയ ഇൻസെന്റീവുകൾ. ഒന്നിൽ അധികം സീസണുകളിൽ എത്ര വിളകൾ കൃഷി ചെയ്താലും വർഷത്തിൽ ഒരു തവണ മാത്രമേ ഒരു ഗ്രൂപ്പിന് ഇൻസെന്റീവുകൾ അനുവദിക്കുകയുള്ളു. ബാങ്ക് ലിങ്കേജ് വഴി ലോൺ എടുത്തിട്ടുള്ള ജെ എൽ ജി കൾക്കു മാത്രമേ ഇൻസെന്റീവ് ലഭിക്കുകയുള്ളു. ഇടവിള കൃഷി ചെയ്യുന്ന ജെ എൽ ജി കൾക്ക് പ്രധാന വിളയ്ക്ക് മാത്രമേ ഇൻസെന്റീവ് ലഭിക്കുകയുള്ളു.
കാർഷിക സഹായ കേന്ദ്രങ്ങൾ (എഫ് എഫ് സി)
കാർഷിക രംഗത്തെ സ്ത്രീ കർഷകർക്ക് ആധുനിക അറിവും വിജ്ഞാനവും നൽകുന്നതിനായി പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ് കാർഷിക സഹായ കേന്ദ്രങ്ങൾ (എഫ് എഫ് സി). ജെ എൽ ജി രജിസ്ട്രേഷൻ/അഫിലിയേഷൻ നടത്തേണ്ടത് എഫ് എഫ് സി കളിലാണ്. 972 എഫ് എഫ് സി കൾ സംസ്ഥാനമൊട്ടാകെ പ്രവർത്തിച്ചു വരുന്നു.
മാസ്റ്റർ ഫാർമർ
ഫീൽഡ് തലത്തിൽ ജെ എൽ ജി കൾക്ക് വേണ്ട പിന്തുണാ സഹായം ഏറ്റവും പ്രാപ്യമായ നിലയിൽ ഏതു സമയവും ലഭിക്കാവുന്ന രീതിയിൽ തൊട്ടടുത്ത 20 ജെ എൽ ജി കൾക്ക് ഒരാൾ എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കർഷകയാണ് മാസ്റ്റർ ഫാർമർ. കർഷകർക്ക് വേണ്ട വിജ്ഞാനപ്രദമായ അറിവുകളും കാർഷിക സംബന്ധമായ മറ്റു സഹായങ്ങളും പ്രാദേശികമായി ലഭ്യമാക്കുന്നതിനുള്ള കണ്ണികളായി മാസ്റ്റർ ഫാർമർ പ്രവർത്തിക്കുന്നു.
ജീവ (ജെ.എൽ.ജി ഇവാല്യൂവേഷൻ ഗൈഡ്)
ഓരോ സീസണിലും കൃഷി ചെയ്യുന്ന സംഘകൃഷി ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുന്നതിനും നേരിട്ട് പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിനുമായി കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്തിട്ടുള്ള വ്യക്തികളാണ് ജീവ (ജെ.എൽ.ജി ഇവാലുവേഷൻ ഏജന്റ്). കേരളത്തിലെ എല്ലാ ബ്ലോക്കുകളിൽ നിന്നും നാലു പേരെ വീതം തെരഞ്ഞെടുക്കുകയും ഇവരെ ജില്ലാതലത്തിൽ ഗ്രൂപ്പായി രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്. ജീവ ടീമിന് ഓരോ ബ്ലോക്കിൽ നിന്നും ഒരു എക്സിക്യൂട്ടീവ് മെമ്പർ എന്ന രീതിയിൽ തെരഞ്ഞെടുക്കുകയും ഇതിൽ നിന്നും ജില്ലാതലത്തിൽ ഒരു പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇങ്ങനെ 605 ജീവ ടീം അംഗങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ജീവ ടീം പ്രധാനമായും സംഘകൃഷി സംഘങ്ങളെ നേരിട്ട് സന്ദർശിക്കുകയും കാർഷിക മേഖലയിലെ അവരുടെ ഇടപെടലുകളെ പഠിയ്ക്കുകയും ചെയ്യുന്നു.
ജീവ സന്ദർശനം പൂർത്തിയാകുന്ന മുറയ്ക്ക് നിലവിൽ കൃഷിചെയ്യുന്ന സംഘങ്ങളുടെ വിശദാംശം ലഭ്യമാക്കുകയും ജനങ്ങൾക്ക് ആവശ്യമായ കാർഷിക ഉല്പന്നങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനുമാകും