എറൈസ്

സംസ്ഥാനത്ത് പ്രളയക്കെടുതികൾ മൂലം ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാനമാർഗം കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 50,000 പേർക്ക് സൗജന്യ സ്വയംതൊഴിൽ പരിശീലനം നൽകുന്നതിനായി എറൈസ്  (ARISE- Acquiring Resilience and Identify through Sustainable Employment) സംസ്ഥാനതല സ്വയംതൊഴിൽ പരിശീലന പദ്ധതി ആരംഭിച്ചിട്ടുള്ളത്. പ്രളയം സാധിക്കാത്ത മേഖലകളിൽ കഴിയുന്ന സ്വയംതൊഴിൽ ചെയ്യാൻ താൽപര്യമുളളവർക്കും ഈ പ്രോഗ്രാമിലൂടെ പരിശീലനം നേടാൻ സാധിക്കും. ഈ പദ്ധതിയിൽ കുടുംബശ്രീ വനിതകൾക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്മാർക്കും പങ്കെടുക്കാം. ഇവർക്ക് സ്വയംതൊഴിൽ പരിശീലനം നൽകി വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണ നൽകുന്നതോടൊപ്പം സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ മൾട്ടി ടാസ്ക് ടീമുകൾ രൂപീകരിക്കുക എന്നതും ഈ പ്രോഗ്രാമിന്റെ ലക്ഷ്യമാണ്.


2018 ആഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയത്തിൽ സംസ്ഥാനത്ത് വളരെയധികം നാശനഷ്ടം സംഭവിച്ചപ്പോൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ഉപജീവന സർവേ പ്രകാരം പ്രളയത്തിനു ശേഷം ഏറ്റവും അധികം ആവശ്യമുള്ള സേവന മേഖലകൾ കണ്ടെത്തുകയും ഈ മേഖലകളിൽ പരിശീലനം കൊടുത്താൽ ഇവർക്ക് മികച്ച വരുമാനവും സമൂഹത്തിനു തൊഴിൽ മേഖലകളിലുള്ള കുറവ് പരിഹരിക്കാനും സാധിക്കും എന്ന് മനസ്സിലാക്കിക്കൊണ്ടാണ് എറൈസ് പദ്ധതിക്ക് തുടക്കം കുറിച്ചത്.


പ്ലാനിംഗ്, ഇലക്ട്രിക്കൽ വർക്ക്, ഇലക്ട്രോണിക്സ് റിപ്പയർ തുടങ്ങിയ ടെക്നിക്കൽ കോഴ്സുകളും ഡേ കെയർ, ഹൗസ്കീപ്പിംഗ്, സെയിൽസ്, ഡാറ്റാ എൻട്രി, ലോൺട്രി & അയണിംഗ്, ഹൗസ് മെയ്ഡ് തുടങ്ങി നോൺ ടെക്നിക്കൽ കോഴ്സുകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സർക്കാർ അംഗീകൃത തൊഴിൽ പരിശീലന സ്ഥാപനങ്ങളായ ഐ റ്റി ഐ, പോളിടെക്നിക് എന്നിവ വഴിയും കുടുംബശ്രീ എംപാനൽ ചെയ്ത അക്രഡിറ്റഡ് പരിശീലന ഏജൻസികൾ മുഖേനയുമാണ് ഗുണഭോക്താക്കൾക്ക് പരിശീലനം ലഭ്യമാക്കുന്നത്. ഹ്രസ്വകാല കോഴ്സുകളായാണ് എറൈസ് പരിശീലന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.


എറൈസ് പദ്ധതിയിൽ സി.ഡി.എസ് തലത്തിൽ നടന്ന മൊബിലൈസേഷന്റെ ഭാഗമായി 50,000 ആളുകൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരി മുതൽ ആരംഭിച്ച പരിശീലന പരിപാടിയിൽ നാളിതുവരെ 10,000 ആളുകൾ 10 മേഖലകളിലായി പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ടെക്നിക്കൽ വിഭാഗത്തിൽ 14 ജില്ലകളിൽ നിന്നായി 3000 ആളുകൾ പരിശീലനം നേടുകയും അറുപതോളം പഞ്ചായത്തുകളിൽ 90 മൾട്ടി ടാസ്ക് ടീമുകൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.