ഭവന നിർമാണ ഗ്രൂപ്പുകൾ

സേവന മേഖലയിൽ ഏറ്റവും വ്യത്യസ്തമായി കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതിയാണ്  “കുടുംബശ്രീ ഭവന നിർമാണ ഗ്രൂപ്പുകൾ” .  നിർമ്മാണ മേഖലയിൽ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങളെ ജില്ലാ അടിസ്ഥാനത്തിൽ കണ്ടെത്തി, ഇവർക്ക് അംഗീകൃത പരിശീലന ഏജൻസികളുടെ നേതൃത്വത്തിൽ സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനങ്ങൾ നിർമ്മിച്ചുകൊണ്ട് പരിശീലനം നൽകി വരുന്നു.
പരിശീലനം പൂർത്തീകരിക്കുന്ന അംഗങ്ങളെ ബ്ലോക്ക് , നഗരസഭ തലത്തിൽ ഗ്രൂപ്പുകളാക്കി തിരിച്ചു അതത് തദ്ദേശ ഭരണ സ്ഥാപങ്ങളിൽ കുടുംബശ്രീ സംരംഭമായി രൂപീകരിക്കയുന്നു. ഇങ്ങനെ രൂപീകരിക്കയുന്ന ഗ്രൂപ്പുകൾക്ക് തദ്ദേശ ഭരണ സ്ഥാപങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിലും കൂടാതെ മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതികളിൽ ഉൾപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളിലും ഉൾപ്പെടുത്തി ഇവർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നു.


കേരളത്തിൽ നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി എല്ലാവർക്കും വീട് നിർമ്മിച്ചു നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഗവൺമെന്റ് നടപ്പിലാക്കിയ  ലൈഫ് മിഷൻ  പദ്ധതിയിൽ ഉൾപ്പെട്ട ഭവനങ്ങൾ നിർമ്മിക്കുന്നതിനുള്ള അംഗീകൃത ഏജൻസിയായി കുടുംബശ്രീ ഭവന നിർമ്മാണ  ഗ്രൂപ്പുകൾക്ക് സർക്കാർ അംഗീകാരം നല്കിട്ടുണ്ട് . ആയത് പ്രകാരം ജില്ലകളിൽ സ്വന്തമായി ഭവനങ്ങൾ നിർമ്മിക്കുവാൻ സാധിക്കാത്ത സാധാരണക്കാരായ  ഗുണഭോക്താക്കൾക്കു  ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു. ഇതു കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന , ആശ്രയ ഭവനങ്ങൾ, സ്വപ്നക്കൂട്,കെയർ കേരള, ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ ഭവനങ്ങൾ എന്നിവ ഇവർ മുഖാന്തരം നിർമ്മിച്ചു വരുന്നു. ഇത് കൂടാതെ ഹൈദരാബാദിലുള്ള രാമോജി ഫിലിം സിറ്റിയുടെ കമ്മ്യൂണിറ്റി സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 2018 ലെ പ്രളയത്തിൽ ഭവനങ്ങൾ നഷ്ടപ്പെട്ട 120  കുടുംബങ്ങൾക്കു ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിനുള്ള ചുമതല കുടുംബശ്രീ ഭവന നിർമ്മാണ ഗ്രൂപ്പുകൾക്കാണ് ലഭിച്ചത്. ഇതിൽ 97 ഭവനങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും, എൺപതോളം ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.

ഭാവിയിൽ ഇവരെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു പൂർത്തീകരിക്കുന്ന "മൈക്രോ കോൺട്രാക്‌റ്റേഴ്‌സ്" ആക്കി മാറ്റുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

കുടുംബശ്രീ നിർമ്മാണ സാമഗ്രി ഉൽപ്പാദന യൂണിറ്റുകൾ

ഭവനങ്ങൾ  നിർമ്മിക്കുന്നതിന് ഏറ്റവും ആവശ്യമായ ഒന്നാണ് സിമന്റ് ബ്രിക്കുകൾ . സർക്കാർ പദ്ധതിയിൽ മാത്രമായി ഏകദേശം 2.50 ലക്ഷം ഭവനങ്ങൾ നിർമിക്കേണ്ടതായിട്ടുണ്ട് . ആയതിനിടെ നിർമ്മാണത്തിന് മാത്രമായി ഏകദേശം 36  ലക്ഷം സിമന്റ്  ബ്രിക്കുകളും കൂടാതെ അത്രയും ഭവന  നിർമ്മാണത്തിന് ആവശ്യമായ സിമന്റ് ജനൽ വാതിൽ കട്ടളകളും ആവശ്യമായി  വരും. ഈ തൊഴിൽ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി കുടുംബശ്രീ ഓരോ ബ്ലോക്കിലും, നഗരസഭകളിലും ആവശ്യം അനുസരിച്ചു നിർമ്മാണ സാമഗ്രി ഉൽപ്പാദന യൂണിറ്റുകൾ രൂപീകരിച്ചു വരുന്നു. നിലവിൽ 77  സിമന്റ് ബ്രിക്ക് യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട് . മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ചുകൊണ്ടു സർക്കാർ ഭവന പദ്ധതികൾക്കു ആവശ്യമായ സിമന്റ് ബ്രിക്കുകളും , കൂടാതെ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ട   ( ഉദാ :  കിണർ നിർമ്മാണം , ആട്ടിൻ കൂട്, തൊഴുത്ത് നിർമ്മാണം , കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് ) തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്കു ആവശ്യമായ നിർമ്മാണ സാമഗ്രികളും നിർമ്മിച്ചു വരുന്നു. ഒരു ദിവസം 600 മുതൽ 1000  സിമന്റ് ബ്രിക്കുകൾ നിർമ്മിക്കുകയും ആയത് ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം നൽകി, യൂണിറ്റുകൾക്ക് പരമാവധി വരുമാനം ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം..

പൊതു സേവന കേന്ദ്രം

കുടുംബശ്രീയുടെ സംരംഭ കൂട്ടായ്മയിലൂടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ആയതിന്റെ വിപണത്തിലൂടെ അംഗ സംരംഭകരുടെ സാമ്പത്തിക നിലവാരം ഉയർത്തുന്നതിനുമായി ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്ഥാപങ്ങളാണ് പൊതു സേവന കേന്ദ്രം

കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭങ്ങളും, സംഘകൃഷിയും തനതു രീതിയിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുവാൻ പ്രാപ്തരാണ്. എന്നാൽ ഇന്ന് ഇവർ നേരിടുന്ന വെല്ലുവിളി ഗുണഭോക്താക്കളുടെ ആവശ്യാനുസരണം ഒരേ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വലിയ അളവിൽ നിർമ്മിക്കുക എന്നതാണ് . ഇതിനായി ഒരേ രീതിയിൽ പ്രവർത്തിക്കുന്ന സംരംഭകരെ ജില്ലാ അടിസ്ഥാനത്തിൽ കണ്ടെത്തി പൊതുസേവന കേന്ദ്രം രൂപീകരിക്കുകയും അതിലൂടെ ഇവർക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വലിയ അളവിൽ ഉത്പാദിപ്പിച്ചു സാമ്പത്തിക ഉന്നമനത്തിനു സാധ്യമാകുന്നു .

പൊതുസേവന കേന്ദ്രം രൂപീകരിക്കുന്നത് വഴി താഴെ പറയുന്ന നേട്ടങ്ങൾ ലക്ഷ്യമിടുന്നു

• ഒരേ ഉത്പന്നങ്ങൾ അല്ലെങ്കിൽ വിവിധ ഉൽപ്പന്നങ്ങൾ കൂടിയ അളവിൽ ഉൽപ്പാദിപ്പിക്കുന്നു
• ഉയർന്ന വിലയുള്ള യന്ത്ര സാമഗ്രികൾ ലഭ്യമാക്കുന്നത് വഴി സംരംഭകർക്ക് മികച്ച സാങ്കേതിക സഹായം ലഭ്യമാകുന്നു.
• അസംസ്കൃത വസ്തുക്കൾ ഒരുമിച്ചു വാങ്ങിക്കുന്നതു വഴി ഉൽപ്പാദന ചെലവ് ചുരുക്കുവാൻ സാധിക്കുന്നു
• പ്രൊഫഷണലുകളുടെ മേൽനോട്ടവും മാർഗ്ഗ നിർദേശവും ഉറപ്പാക്കുന്നു
• ഒരേ പ്രദേശത്തു നിന്ന് ഒരേ ബ്രാൻഡിൽ , വലിയ തോതിൽ ഉത്പന്നങ്ങൾ നിർമ്മിക്കുവാൻ സാധിക്കുന്നു
• മികച്ച മാർക്കറ്റിംഗ് സൗകര്യം ഉറപ്പാക്കുവാൻ സാധിക്കുന്നു .