അഗതിരഹിത കേരളം

അഗതി രഹിത കേരളം
ഓരോ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള അഗതി കുടുംബങ്ങളുടെ എണ്ണം സാമൂഹ്യ പുരോഗതിയുടെ നേർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന ഘടകമാണ്. അതുകൊണ്ടു തന്നെ എല്ലാവിധ പിന്നാക്കാവസ്ഥകളിലും ജീവിച്ചു വരുന്ന അഗതി കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടായേ പറ്റൂ. എല്ലാവിധ പൗരാവകാശങ്ങളും സംരക്ഷിക്കപ്പെട്ടുകൊണ്ട് അന്തസോടെയും മാന്യമായും അവർക്ക് ഇൗ സമൂഹത്തിൽ കഴിയാനാകണം. അഗതി കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ആവശ്യമായ പിന്തുണകളും സഹായങ്ങളും ലഭ്യമാക്കി അഗതിത്വത്തിൽ നിന്നു കരകയറ്റുകയും ഒരു അഗതി കുടുംബം പോലും തങ്ങളുടെ തദ്ദേശ സ്ഥാപനങ്ങളിൽ  ഇല്ല എന്നുറപ്പ് വരുത്തുകയും വേണം. കാരണം അഗതി കുടുംബങ്ങൾ അധിവസിക്കുന്ന സമൂഹത്തിന് സമഗ്ര വികസനത്തിന്റെ നേട്ടങ്ങൾ അവകാശപ്പെടാൻ കഴിയില്ല എന്നതു തന്നെ. അതിനാൽ സമൂഹത്തിലെ അശരണരും നിരാലംബരുമായവർക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് അഗതിരഹിത കേരളം.

 

സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന ആവിഷ്ക്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. 2003 ൽ ആരംഭിച്ച പദ്ധതി 2007ൽ പുന:പരിശോധന നടത്തുകയം 2009ൽ തുടർ സേവന പദ്ധതി രൂപീകരിക്കുകയും ചെയ്തു. തുടർന്നും ഗുണഭോക്താക്കളെ ഉൾക്കൊള്ളിക്കേണ്ടതുണ്ട് എന്നു മനസിലാക്കിയാണ് സർക്കാർ 2013ൽ രണ്ടാംഘട്ട പദ്ധതിക്ക് അംഗീകാരം നൽകിയത്.

 

അഗതി കുടുംബങ്ങളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത പദ്ധതിയാണ് ‘അഗതിരഹിത കേരളം'. ഏതൊരു ഗവൺമെന്റിന്റെയും സാധാരണ പദ്ധതികളിൽ നിന്നും വിഭിന്നമായി കുടുംബങ്ങളെ ലക്ഷ്യമാക്കി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു എന്നതാണ് ഈ പ്രോജക്ടിന്റെ സവിശേഷത. 2017ലാണ് അഗതി കുടുംബങ്ങളെ കണ്ടെത്താനുള്ള സർവ്വേ കുടുംബശ്രീ ആരംഭിച്ചത്. ഒൻപത് ക്ലേശഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ നടത്തിയത്.

 

കുടുംബത്തിന് ബാധകമായ ക്ലേശഘടകങ്ങൾ
ക്രമ നമ്പർ ഗ്രാമപ്രദേശങ്ങൾ നഗരപ്രദേശങ്ങൾ
1.ഭൂരഹിതർ / 10 സെന്റിൽ താഴെ ഭൂമിയുള്ളവർ ഭൂരഹിതർ / 5 സെന്റിൽ താഴെ ഭൂമിയുള്ളവർ
2.ഭവനരഹിതർ / ജീർണ്ണിച്ച വീട്ടിൽ താമസ്സിക്കുന്നവർ ഭവനരഹിതർ / ജീർണ്ണിച്ച വീട്ടിൽ താമസ്സിക്കുന്നവർ
3.150 മീറ്ററിനുള്ളിൽ കുടിവെള്ള സൗകര്യം ഇല്ല 150 മീറ്ററിനുള്ളിൽ കുടിവെള്ള സൗകര്യം ഇല്ല
4.ശുചിത്വ കക്കൂസ് ഇല്ല ശുചിത്വ കക്കൂസ് ഇല്ല
5.ജോലിയുളള ഒരാൾ പോലും ഇല്ലാത്ത കുടുംബം (ഒരു മാസം 10 ദിവസത്തിൽ താഴെ മാത്രം ജോലി) ജോലിയുളള ഒരാൾ പോലും ഇല്ലാത്ത കുടുംബം (ഒരു മാസം 10 ദിവസത്തിൽ താഴെ മാത്രം ജോലി)
6.വനിത കുടുംബനാഥയായുള്ള കുടുംബം വനിത കുടുംബനാഥയായുള്ള കുടുംബം
7.ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരോ, തീരാവ്യാധികൾ പിടിപെട്ടവരോ ഉള്ള കുടുംബം ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരോ, തീരാവ്യാധികൾ പിടിപെട്ടവരോ ഉള്ള കുടുംബം
8.പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച കുടുംബം പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച കുടുംബം
9.പ്രായപൂർത്തിയായ നിരക്ഷരർ ഉള്ള കുടുംബം പ്രായപൂർത്തിയായ നിരക്ഷരർ ഉള്ള കുടുംബം

എന്നിങ്ങനെ ഒൻപതു ഘടകങ്ങളിൽ 7 ക്ലേശഘടകങ്ങളും, പിന്നീട് കുടുംബത്തിന് ബാധകമായ മറ്റ് അധിക ക്ലേശഘടകങ്ങളിൽ ഒരെണ്ണമെങ്കിലും ഉള്ള കുടുംബത്തെ അഗതി കുടുംബമായി കണ്ടെത്തിയായിരുന്നു ആദ്യഘട്ടം. കുടുംബത്തിന്റെ അവസ്ഥയും ജീവിത സാഹചര്യവും നേരിൽക്കണ്ടു നടത്തുന്ന ഈ നിർണ്ണയ രീതിയാണ് എടുത്തുപറയേണ്ട പ്രധാനകാര്യം.

 

അധിക ക്ലേശഘടകങ്ങൾ
എ. ഗ്രാമപ്രദേശങ്ങൾ
1) ഭവന നിർമ്മാണത്തിന് ഭൂമി ഇല്ലാത്തവർ (പുറമ്പോക്ക് ഭൂമി, വനഭൂമി, കനാലുകളുടെയും പാടശേഖരങ്ങളുടെയും പുറംബണ്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ).
2) രാത്രികാലം, പൊതുസ്ഥലങ്ങളിലും തെരുവുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർ
3) അവിവാഹിതയായ അമ്മ/അമ്മയും കുഞ്ഞും മാത്രം / ഭർത്താവ് ഉപേക്ഷിച്ചതും ദുരിതമനുഭവിക്കുന്നവരുമായ വനിതകൾ
4) സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന അകാലത്തിൽ വിധവകളാകേണ്ടി വന്നവർ, വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന വനിതകൾ
5) തീരാവ്യാധികൾ/ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത അസുഖങ്ങൾ പിടിപെട്ടവരും ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരും
6) കുടുംബത്തിൽ ഭക്ഷണത്തിനു വക കണ്ടെത്താൻ കഴിവുള്ള 60 വയസ്സിൽ താഴെ പ്രായമുള്ള ആരുംതന്നെയില്ലാത്ത കുടുംബം
7) ഭിക്ഷാടനം നടത്തി നിത്യവൃത്തി കഴിക്കുന്നവർ
8) അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള വനിതകൾ

ബി. നഗരപ്രദേശങ്ങൾ
1) രാത്രികാലം, പൊതുസ്ഥലങ്ങളിലും തെരുവുകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർ
2) സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന അകാലത്തിൽ വിധവകളാകേണ്ടി വന്നവർ, വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന വനിതകൾ
3) ഭിക്ഷാടനം നടത്തി നിത്യവൃത്തി കഴിക്കുന്നവർ
4) ഭക്ഷണത്തിനു വക കണ്ടെത്താൻ കഴിവുള്ള 60 വയസ്സിൽ താഴെ പ്രായമുള്ള ആരുംതന്നെയില്ലാത്ത കുടുംബം
5) അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള വനിതകൾ
6) തെരുവു കുട്ടികൾ, ദുർഗുണ പരിഹാരപാഠശാല (ഖൗ്ലിശഹല ഒീാല), അഗതി മന്ദിരം (ജീീൃ വീാല) എന്നിവിടങ്ങളിൽ കഴിയുന്ന കുട്ടികൾ ഉള്ള കുടുംബം
7) കുടുംബം പോറ്റുന്നതിന് തൊഴിൽ ചെയ്യാൻ നിർബന്ധിതരായ 14 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ള കുടുംബം
8) ലൈംഗിക തൊഴിലാളികൾ (ഇീാാലൃരശമഹ ലെഃ ംീൃസലൃ)െ ഉള്ള കുടുംബം
9) അബല മന്ദിരത്തിൽ താമസിക്കുന്ന വനിത അംഗമായുള്ള കുടുംബം
10) ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബം
തുടർന്ന് ഈ ലിസ്റ്റിന് ഗ്രാമസഭയുടെയും പഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ചശേഷം കുടുംബങ്ങൾക്കുള്ള ആവശ്യകത കണക്കാക്കി പ്രോജക്ട് തയാറാക്കുന്ന ഘട്ടമാണ്. വെള്ളം, വീട്, വൈദ്യുതി, മരുന്നിന്റെ ലഭ്യത, ഭക്ഷണത്തിന്റെ ആവശ്യം, ആരോഗ്യപരമായ ആവശ്യങ്ങൾ എന്നിങ്ങനെ കണ്ടെത്തിയ അഗതി കുടുംബത്തിന്റെ ഏതാവശ്യവും നേടിയെടുക്കുന്നത് പരിഹരിക്കാനുള്ള തയാറാക്കും. ഒരു നിബന്ധനയുമില്ല. കുടുംബത്തിന്റെ ആവശ്യമനുസരിച്ചുണ്ടാക്കുന്ന ഫാമിലി മൈക്രോ പ്ലാനാണ് ഈ പദ്ധതിയുടെ നെടുംതൂൺ.
ഇപ്രകാരം ഒരു പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ മുഴുവൻ കുടുംബങ്ങളുടേയും പ്ലാൻ തയാറായാൽ ഇത് ക്രോഡീകരിച്ച് പഞ്ചായത്തും കുടുംബശ്രീയും ധനസഹായത്തിനുള്ള റിപ്പോർട്ട് തയാറാക്കും. ഈ പദ്ധതിക്കായി ഒരു പഞ്ചായത്തിന് ആകെ വേണ്ട തുകയുടെ 40% തുക 40 ലക്ഷം രൂപയിൽ പരിമിതപ്പെടുത്തി കുടുംബശ്രീ നൽകുമ്പോൾ സേവന പ്രവർത്തനങ്ങൾ ആരംഭിക്കും.
നിലവിൽ കേരളത്തിലെ 1034 തദ്ദേശസ്ഥാപനങ്ങളിൽ നിന്നും അഗതി കുടുംബങ്ങളെ കണ്ടെത്തി. 1013 തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പ്രോജക്ടുകൾ ലഭ്യമായി. അനുമതിയും നൽകി കഴിഞ്ഞു. ഇനിയുള്ള 2 വർഷം പ്രോജക്ടുകൾ മികച്ച രീതിയിൽ നടപ്പിലാക്കി, ഓരോ കുടുംബത്തിന്റേയും ആവശ്യങ്ങൾക്ക് തീർപ്പുകൽപ്പിച്ച് അഗതികളില്ലാത്ത കേരളം യാഥാർത്ഥ്യമാക്കാനാണ് കുടുംബശ്രീ ശ്രമിക്കുന്നത്.