ജെൻഡർ

സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്

സമൂഹത്തിൽ ഒറ്റപ്പെട്ടവരും, നിരാലംബരും, പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും താത്കാലിക അഭയവും നൽകുന്ന കേന്ദ്രം. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് 14 ജില്ലകളിലും പ്രവർത്തനം നടത്തിവരുന്നു. സ്നേഹിതയിൽ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായങ്ങളും മറ്റു വകുപ്പുകളുമായി ചേർന്ന് നിയമ -ആരോഗ്യ പരിരക്ഷയും നൽകുന്നു. സെന്ററുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിങ്ങ് സേവനവും ലഭ്യമാണ്. ഓരോ കേന്ദ്രങ്ങളിലും കൗൺസിലർ, സേവനദാതാക്കൾ, സെക്യൂരിറ്റി, ഓഫീസ് അസിസ്റ്റന്റ്, കെയർ ടേക്കർ തുടങ്ങിയ തസ്തികകളിലായി 11 പേരെ വീതം നിയമിച്ചിട്ടുണ്ട്. കൂടാതെ 14 ജില്ലകളിലേയും സ്നേഹിത സെന്ററിനോട് അനുബന്ധമായി ലീഗൽ ക്ലിനിക്കുകൾ ആരംഭിച്ചു.

ലക്ഷ്യം
1. സഹായം അഭ്യർത്ഥിച്ചു വരുന്ന സ്ത്രീകൾക്ക് വേണ്ട പിന്തുണയും നിർദ്ദേശവും നൽകി അനുയോജ്യമായ സേവനദാതാക്കളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുക.
2. മാനസികവും ശാരീരികവുമായ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അവശ്യഘട്ടങ്ങളിൽ താത്കാലിക അഭയകേന്ദ്രമായി പ്രവർത്തിക്കുക.
3. അതിക്രമത്തിനിരയായവരെ പ്രശ്നങ്ങളെ നേരിടുന്നതിന് മാനസികമായി സജ്ജരാക്കുക. സമത്വത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവബോധമുള്ളവരാക്കുക.
4. മറ്റു സ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്തുവരുന്ന സ്ത്രീകൾക്ക് അവശ്യ സന്ദർഭങ്ങളിൽ ആവശ്യമായ പിന്തുണാ നിർദ്ദേശങ്ങൾ നൽകുക (താമസം, സ്ഥലങ്ങൾ-സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ).
5. ഉപജീവനം-അതിജീവനം-സുരക്ഷ തുടങ്ങിയവയ്ക്കായി ഏതെങ്കിലും സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളുടെ സേവനം ആവശ്യമായ സ്ത്രീകൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു സർവീസ് സെന്ററായി പ്രവർത്തിക്കുക.
6. പ്രാദേശിക തലത്തിൽ പരിശീലന കളരികളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുകയും അവശ്യസന്ദർഭങ്ങളിൽ കൗൺസിലിംഗ് നൽകുകയും ചെയ്യുക.

ഹെൽപ്പ് ഡെസ്ക് സെന്ററിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾ
• അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരായ സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസിലിംഗ്
• നിയമസഹായം ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കുന്നതിന് സഹായിക്കൽ

ലീഗൽ ക്ലിനിക്ക്
• അതിക്രമങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങിയവർക്കും, യാത്രയ്ക്കിടയിൽ ഒറ്റപ്പെട്ടുപോയവർക്കും താത്കാലികമായി അഭയം നൽകൽ
• പ്രശ്ന പരിഹാരത്തിനായി സെന്ററിനെ സമീപിക്കുന്നവരെ സർക്കാർ/ സർക്കാരിതര അംഗീകൃത സ്ഥാപനങ്ങൾ നടത്തുന്ന സുരക്ഷിത താമസ സ്ഥലത്തേക്ക്  മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കൽ.
• അതിജീവനത്തിനും ഉപജീവനത്തിനുമുള്ള മാർഗ്ഗം കണ്ടെത്തുന്നതിന് അവരെ സഹായിക്കൽ.
• തൊഴിൽ അന്വേഷണവുമായി കേന്ദ്രത്തെ സമീപിക്കുന്നവർക്ക് അത്തരത്തിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകൽ. ഇതിനായി തൊഴിൽ പരിശീലന കേന്ദ്രങ്ങളുടെയും തൊഴിൽ നൽകുന്ന സ്ഥാപനങ്ങളുടേയും വിവരങ്ങൾ ഹെൽപ്പ് ഡെസ്ക് കേന്ദ്രത്തിൽ സൂക്ഷിക്കേണ്ടതാണ്.
• മാനസികമായ പിന്തുണ നൽകൽ.
• സ്ത്രീസുരക്ഷ, ലിംഗസമത്വം, കടമകൾ, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കൽ.
• 24 മണിക്കൂർ ടെലികൗൺസിലിംഗ്.
• സ്നേഹിതയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട് ഇടപെട്ട കേസുകളിൽ തുടർസേവനങ്ങൾ ലഭ്യമാക്കൽ.

ജെൻഡർ റിസോഴ്സ് സെന്റർ
സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും വനിതാ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ നിർദ്ദേശവും  വൈദഗ്ധ്യവും പിന്തുണയും  പരിശീലനവും നൽകുന്നതിനുള്ള സംവിധാനമാണ് ജെൻഡർ  റിസോഴ്സ് സെന്റർ. 14 ജില്ലകളിലായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 467 ജെൻഡർ റിസോഴ്സ് സെന്ററുകൾ പ്രവർത്തിക്കുന്നു.
ഉദ്ദേശ്യ ലക്ഷ്യങ്ങൾ

 • തദ്ദേശ സ്വയം ഭരണ പ്രദേശത്തെ വിവിധ സ്ത്രീശാക്തീകരണ- ലിംഗ നീതി ഉറപ്പാക്കൽ പ്രവർത്തന പരിപാടികൾക്ക് പിന്തുണ നല്കുന്ന ഒരു കേന്ദ്രം.
 •  ഭരണ ക്രമത്തിലും  തീരുമാനമെടുക്കൽ പ്രക്രിയയിലും  സ്ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും  പരിപോഷിപ്പിക്കുകയും പ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുക.
 • സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളെ  ചെറുക്കുന്നതിനും വിധേയരാക്കപ്പെട്ടവർക്ക് എല്ലാ പിന്തുണയും നൽകുക.
 • തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ  പദ്ധതി രൂപീകരണത്തിൽ ആവശ്യമായ സാഹചര്യത്തിൽ വനിത ഘടക പദ്ധതികളുടെ  രൂപികരണത്തിനും നടപ്പിലാക്കലിനും വേണ്ട നേതൃത്വവും നൽകുക.


സ്നേഹിത കോളിംഗ് ബെൽ
സമൂഹത്തിൽ ഒറ്റപ്പെട്ട് താമസിക്കുന്നവരേയും, മുതിർന്ന പൗരൻമാരേയും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരുമായ വ്യക്തികളേയും കണ്ടെത്തി ആവശ്യമായ പിന്തുണ നൽകുന്ന പദ്ധതിയാണ് ‘സ്നേഹിത കോളിംഗ് ബെൽ’. പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെയും വൃദ്ധരുടെയും വിവരങ്ങൾ ശേഖരിക്കുകയും അയൽക്കൂട്ട അംഗങ്ങൾ ഇവരുമായി നിരന്തര സമ്പർക്കം പുലർത്തി ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് ഇൗ പദ്ധതിയുടെ ലക്ഷ്യം. 2017-18 വർഷത്തിൽ കാസർഗോഡ് സ്നേഹിത ജെന്റർ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ കുറ്റിക്കോൽ പഞ്ചായത്തിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് സ്നേഹിത കോളിംഗ് ബെൽ. ഒരു അയൽക്കൂട്ട പരിധിയിൽ ഒറ്റപ്പെട്ടു താമസിക്കുന്ന ആളുകളെ കണ്ടെത്തി അയൽക്കൂട്ട ആരോഗ്യദായക വോളന്റിയറുടെ നേതൃത്വത്തിൽ അവർക്കാവശ്യമായ പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടുകൂടി കാസർകോഡ് ജില്ലാമിഷൻ ഈ പദ്ധതി നടപ്പിലാക്കി. 2018-19 വർഷം ഈ പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുമായി 56,687 പിന്തുണ സ്വീകർത്താക്കളെ ഈ പ്രവർത്തനത്തിലൂടെ കണ്ടെത്തി. ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പുകൾ, ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തൽ, പാർപ്പിടം ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ, കമ്മ്യൂണിറ്റി കൗൺസിലറുടെയും സ്നേഹിതാ ഉദ്യോഗസ്ഥരുടേയും സ്ഥിരം സന്ദർശനം, പകൽ വീടുമായി ബന്ധപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ നൽകിവരുന്നു.


ഉദ്ദേശ്യലക്ഷ്യങ്ങൾ

 • സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന എല്ലാ വിഭാഗം വ്യക്തികളുടേയും സുരക്ഷ ഉറപ്പാക്കുക.
 • വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്ന വ്യക്തികളുമായും മുതിർന്ന പൗരൻമാരുമായും വൃദ്ധദമ്പതികളുമായും സംവദിക്കുകയും ആശ്വാസം നൽകുകയും ചെയ്യുക.
 • ഒറ്റപ്പെടലിൽ നിന്നും മുക്തമാക്കുക. പൊതുസമൂഹവുമായി ബന്ധിപ്പിക്കുക.
 • ഒറ്റപ്പെട്ടു കഴിയുന്നവരിൽ- സ്ത്രീകളെ കുടുംബശ്രീ അയൽക്കൂട്ടമായും, യുവജനങ്ങളെ സമീപത്തുള്ള വായനശാല/സാംസ്കാരിക സ്ഥാപനങ്ങളുമായും, വൃദ്ധജനങ്ങളെ വയോജനഅയൽക്കൂട്ടമായും, പകൽ വീടുകളുമായും ബന്ധപ്പെടുത്തുക. അത്തരം കേന്ദ്രങ്ങളിൽ മാനസികോല്ലാസത്തിനാവശ്യമായ സംവിധാനം ഏർപ്പെടുത്തുക.
 • ഉപജീവന മാർഗ്ഗങ്ങളിൽ ഏർപ്പെടാൻ കഴിയുന്നവർക്ക് അതിനുള്ള പ്രേരണയും പരിശീലനവും നൽകുക.
 • 60 വയസ്സ് കഴിഞ്ഞവരെ തൊട്ടടുത്തുള്ള വയോജന അയൽക്കൂട്ടങ്ങളിൽ അംഗങ്ങളാക്കുക
 • വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുക


വിജിലന്റ് ഗ്രൂപ്പ്
അതിക്രമങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന 5 മുതൽ 10 വരെ അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളാണ് വിജിലന്റ് ഗ്രൂപ്പ്. സംസ്ഥാനത്താകമാനം 17,894 വാർഡുകളിൽ വിജിലന്റ് ഗ്രൂപ്പുകൾ രൂപീകരിച്ചു. അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ നേരിടുന്നവർക്ക് കുടുംബശ്രീ സേവന സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി ആവശ്യമായ സേവനങ്ങളും പിന്തുണയും നൽകുന്നതിനുളള ഒരു സ്വയം സജ്ജ വോളന്റിയർ ഗ്രൂപ്പായാണ് വിജിലന്റ് ഗ്രൂപ്പ്. ഇവർക്കായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രാപ്തി വർദ്ധനവിനുള്ള പരിശീലനങ്ങൾ സംഘടിപ്പിച്ചു. വിജിലന്റ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ തലത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികളുമായി സംയോജിച്ചാണ് നടത്തുന്നത്. പ്രശ്നങ്ങൾ നേരിടുന്നവർക്കും അതിജീവിച്ചവർക്കും അടിയന്തരഘട്ടത്തിൽ ആവശ്യമായ സാമൂഹിക മാനസിക പിന്തുണ നൽകാൻ വിജിലന്റ് ഗ്രൂപ്പ് പ്രവർത്തകർക്ക് സാധിക്കും.

കമ്മ്യൂണിറ്റി കൗൺസിലിംഗ്
പ്രാദേശിക തലത്തിൽ മാനസിക പിന്തുണ സംവിധാനവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി കൗൺസിലർമാരെ പരിശീലനം നൽകി വിന്യസിച്ചു. 3 സി.ഡി.എസ്സുകൾക്ക് ഒരാൾ എന്ന നിലയിൽ ആണ് കുടുംബശ്രീ അംഗങ്ങളിൽ നിന്നും തന്നെ കമ്മ്യൂണിറ്റി കൗൺസിലർമാരെ തിരഞ്ഞെടുത്തിരിക്കുന്നത്. 350 കമ്മ്യൂണിറ്റി കൗൺസിലർമാർ ആണ് ഇപ്പോൾ നിലവിലുള്ളത്. ഇവരുടെ സേവനം പ്രാദേശികമായി ലഭ്യമാക്കി വരുന്നതിനോടൊപ്പം തന്നെ ജെൻഡർ റിസോഴ്സ് സെന്ററുകളിലും രജിസ്റ്റർ ചെയ്യപ്പെടുന്ന പ്രശ്നങ്ങളിൽ ആവശ്യമായ പിന്തുണയും കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ നൽകി വരുന്നു. അവബോധ ക്ലാസ്സുകൾ, ഗ്രൂപ്പ് കൗൺസിലിങ്ങ് വ്യക്തിഗത കൗൺസിലിങ്ങ് എന്നിവ നൽകുകുകയും ആവശ്യമായ ഇടപെടലുകളും സേവനങ്ങളും 14 ജില്ലകളിലുമുള്ള സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കുമായി ചേർന്ന് നൽകുകയും ചെയ്ത് വരുന്നു. അതോടൊപ്പം തന്നെ വിവാഹിതരാകാൻ പോകുന്ന യുവതീയുവാക്കൾക്ക് പ്രീ-മാരിറ്റൽ കൗൺസിലിംഗുകളും, ആരോഗ്യകരമായ ആൺ-പെൺ സൗഹൃദങ്ങൾ വളർന്നു വരുന്നതിനനുസൃതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉതകുന്ന രീതിയിൽ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ബഡ്സ് സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾ, വയോജനങ്ങൾ തുടങ്ങിയവർക്കുളള മാനസിക പിന്തുണ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയവയും ചെയ്തു വരുന്നു.

രംഗശ്രീ
കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന സ്ത്രീകൾ മാത്രം അംഗങ്ങളായ തിയേറ്റർ ഗ്രൂപ്പുകൾ സ്ഥാപിക്കുകയും അതുവഴി സാംസ്കാരിക രംഗത്ത് സ്ത്രീകളുടെ ഇടം കൂടുതൽ ശക്തമാക്കുകയും ചെയ്യുക എന്നതാണ് രംഗശ്രീയിലൂടെ ലക്ഷ്യമിടുന്നത്. സാംസ്കാരിക മേഖലയിലെ സ്ത്രീ സാന്നിധ്യം ഉറപ്പാക്കുന്നതിനും, കൂടാതെ ജനോപകാരപ്രദമായ പരിപാടികളും ബോധവത്കരണവും നടത്തുന്നതിനും കുടുംബശ്രീ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീ ടീമുകളെ ഉപയോഗപ്പെടുത്തി വരുന്നു. കുടുംബശ്രീ വനിതകളായ 37 പേരെ നാടകാവതരണം, തിരക്കഥാ രൂപീകരണം, കോസ്റ്റ്യൂം പ്രോപ്പർട്ടി നിർമ്മാണം തുടങ്ങിയവ പരിശീലിപ്പിച്ച് മാസ്റ്റർ പരിശീലകരാക്കി മാറ്റി. പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ എറണാകുളം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രവർത്തകരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. മാസ്റ്റർ പരിശീലകരുടെ നേതൃത്വത്തിൽ ജില്ലയിലെ 2 വീതം സി.ഡി.എസ്സുകളിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് സി.ഡി.എസ് തലത്തിൽ പരിശീലനം നൽകി. ഇന്ന് പതിനാല് ജില്ലകളിൽ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പുകൾ കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്നു. ഗവൺമെന്റ്, ഗവൺമെന്റിതര സ്ഥാപനങ്ങളുമായി ചേർന്ന് രംഗശ്രീ കേരളത്തിലുടനീളം വിവിധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നവ കേരള ലോട്ടറി, നാഷണൽ ഹെൽത്ത് മിഷൻ, എനർജി മാനേജ്മെന്റ് സെൽ, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയവരുമായി സംയോജിച്ചുള്ള പരിപാടികളും എം.കെ.എസ്.പി, പി.എം.എ.വൈ തുടങ്ങിയ കുടുംബശ്രീ പദ്ധതികളുമായി ബന്ധപ്പെട്ടും തെരുവ് നാടകങ്ങൾ രംഗശ്രീ ടീം അംഗങ്ങൾ സംഘടിപ്പിച്ചു.