ഹർഷം വയോജന, രോഗീ പരിപാലന പദ്ധതി

കുടുംബശ്രീയുടെ നേതൃത്വത്തിൽ വയോജന സേവനങ്ങളും, രോഗീ പരിചരണവും നല്കാൻ പ്രാപ്തമായ പരിശീലനം ലഭിച്ച ഗ്രൂപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ രൂപീകരിച്ചു പ്രവർത്തന സജ്ജമാക്കുകയാണ് ഹർഷം വയോജന പരിപാലന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
 
വർദ്ധിച്ചു വരുന്ന വയോജന പരിപാലനത്തിന്റെ ആവശ്യകതയും, ഇൗ മേഖലയിലുള്ള അവസരങ്ങളും കണക്കിലെടുത്തുകൊണ്ടും, വയോജന സേവനങ്ങൾക്കും രോഗീ പരിചരണത്തിനും പരിശീലനം ലഭിച്ച കെയർ ഗീവർമാരുടെ ദൗർലഭ്യം മനസ്സിലാക്കിയുമാണ് കുടുംബശ്രീ  ഹർഷം പദ്ധതി ആരംഭിച്ചിട്ടുള്ളത്. സാമൂഹ്യ സേവനവും ഉപജീവനവും ഒരുമിച്ചു സാധ്യമാകുന്ന പദ്ധതികളിൽ ഒന്നായി ഹർഷം ഇതിനകം തന്നെ മാറിക്കഴിഞ്ഞു. 2019-2020 സാമ്പത്തിക വർഷത്തിൽ, തിരഞ്ഞെടുക്കപ്പെടുന്ന 600 കുടുംബശ്രീ അംഗങ്ങൾക്ക്  പദ്ധതിയുടെ ഗുണഫലം ലഭിക്കും. 2019 ആഗസ്റ്റ് മാസം വരെ കേരളത്തിലുടനീളം 506 കുടുംബശ്രീ അംഗങ്ങൾ വയോജന സേവനങ്ങൾക്കും, രോഗീ പരിചരണത്തിലും പരിശീലനം നേടി പ്രവർത്തന സജ്ജരായിട്ടുണ്ട്. കിടപ്പു രോഗികൾക്കും, ഒറ്റപ്പെട്ടതും അവശത അനുഭവിക്കുന്നതും ആയ വയോജനങ്ങൾക്കും, രോഗികൾക്കും ആശ്വാസം പകരാൻ പരിശീലനം ലഭിച്ച കെയർ ഗീവർമാരിലൂടെ സാധിക്കും.  
 
സംരംഭ രൂപത്തിൽ സ്വയം തൊഴിൽ കണ്ടെത്തി പ്രവർത്തിക്കുന്ന മാതൃകയിലാണ് ഇവരുടെ പ്രവർത്തനം വിഭാവനം ചെയ്തിരിക്കുന്നത്. പരിശീലനത്തിന് പുറമെ, തൊഴിൽ ലഭ്യതയ്ക്കും  കുടുംബശ്രീ പിന്തുണ നൽകി വരുന്നു. തൊഴിൽ ലഭ്യത സഹായത്തിനും, സേവന ലഭ്യതയ്ക്കുമായി കാൾ സന്റെർ, വെബ് സൈറ്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യോഗ, ഫിസിയോ തെറാപ്പി, ഷുഗർ, പ്രഷർ പരിശോധന, ഒാറൽകെയർ, ബെഡ് കെയർ, ഹെയർ കെയർ, ബെഡ് മേക്കിങ്, കത്തീഡ്രൽ കെയർ തുടങ്ങി വിവിധ സേവനങ്ങൾ നല്കാൻ പ്രാപ്തരായ കുടുംബശ്രീ അംഗങ്ങൾ നിലവിലുണ്ട് . നിലവിൽ 152 ബ്ലോക്കുകളിൽ 115 ബ്ലോക്കുകളിലും കുടുംബശ്രീ കെയർ ഗീവർമാർ നിലവിലുണ്ട്. പരിശീലനവും തുടർപരിശീലനങ്ങളും വഴി വൈവിധ്യമാർന്ന മികച്ച സേവനങ്ങൾ പൊതു ജനങ്ങൾക്ക് നല്കാൻ കുടുംബശ്രീ പദ്ധതിയൊരുക്കുന്നുണ്ട്.
 
പദ്ധതിയുടെ സേവനം ലഭ്യമാക്കാനും, പദ്ധതിയിൽ ഭാഗമാകാനും കുടുംബശ്രീ ജില്ലാ മിഷനുകളുമായി ബന്ധപ്പെടാവുന്നതാണ്.  9188112218 എന്ന കോൾസെന്റർ  നമ്പർ വഴിയും, ഹർഷം.കുടുംബശ്രീ.ഒാർഗ് എന്ന വെബ്സൈറ്റ് വഴിയും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണു്.
 
നിലവിൽ ഹർഷം എക്സിക്യൂട്ടീവ് നൽകുന്ന സേവനങ്ങൾ

  • വീടുകളിൽ വയോജന പരിചരണവും കൂട്ടിരിപ്പും
  • വീടുകളിൽ രോഗീപരിചരണവും കൂട്ടിരിപ്പും
  • ആശുപത്രികളിലും കെയർ ഹോമുകളിലും ബൈസ്റ്റാൻഡർ/ പരിപാലകർ
  • രോഗികൾക്കും വയോജനങ്ങൾക്കും ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ  ഹ്രസ്വ സമയ സേവനങ്ങൾ
  • തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പകൽ വീടുകളിൽ സേവനം
  • രോഗികളെ ആശുപത്രികളിലും ലാബിലും കൂട്ടിക്കൊണ്ടുപോകൽ
  • വീടുകളിൽ ഷുഗർ ബ്ലഡ് പ്രെഷർ ചെക്ക് അപ്പ്
  • വയോജനങ്ങൾക്കായി  വിവിധ ആവശ്യങ്ങൾക്ക് കൂട്ടുപോകൽ