കേരള ചിക്കൻ
ബ്രീഡർ ഫാം
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കോഴി കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനായി മുട്ട ഉൽപാദനത്തിനായി 3 പേരന്റ് പക്ഷികളുടെ യൂണിറ്റുകൾ ആരംഭിക്കുന്നു. പേരന്റ് പക്ഷികളിൽ നിന്നും ലഭ്യമാകുന്ന മുട്ടയാണ് ഹാച്ചറികളിൽ എത്തിച്ച് വിരിയിച്ച് ബ്രോയ്ലർ ഫാമുകൾക്ക് ലഭ്യമാക്കുന്നത്. ആഴ്ചയിൽ ഒരു ലക്ഷം മുട്ട ഉല്പാദനമാണ് ലക്ഷ്യം വയ്ക്കുന്നത്. തിരുവനന്തപുരം,പാലക്കാട്,കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രതിദിനം 14,000 മുട്ട ഉല്പാദിപ്പിക്കാൻ കപ്പാസിറ്റിയുള്ള പാരന്റ് പക്ഷികളുടെ (ബ്രീഡർ ഫാം) യൂണിറ്റുകൾ ഒരുക്കുന്നത്.
പ്രതീക്ഷിത ഫലം
ഒരാഴ്ചയിൽ ഒരു ലക്ഷം ഇറച്ചിക്കോഴി മുട്ട (ഹാച്ചിങ് എഗ്ഗ്സ്) ഉല്പാദനം.
നിർവഹണം
കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് ബ്രീഡർ ഫാം ആരംഭിക്കുന്നത്. ഇതിനായി 3 ജില്ലകളിൽ 10 വീതം സി.ഡി.എസുകളെ ചേർത്ത് ആരംഭിച്ച ബ്രീഡർ ഫാം കൺസോർഷ്യം മുഖേന പ്രൊഡ്യൂസർ കമ്പനിയിലേക്ക് തുക ലഭ്യമാക്കും. പ്രൊഡ്യൂസർ കമ്പനി ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച കമ്പനികളിൽ നിന്നും തിരഞ്ഞെടുക്കുന്ന കമ്പനിയിലൂടെ ബ്രീഡർ ഫാമിന്റെ രൂപീകരണം നടത്തും. ബ്രീഡർ ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി വിദഗ്ധരായ ഒാഫീസർമാരെ കമ്പനി നിയമിക്കും.
ബ്രീഡർ ഫാമിൽ നിന്നും ലഭ്യമാകുന്ന ലാഭത്തിൽ നിന്നും ദൈനം ദിന ചിലവുകൾ നടത്തും. 3 റീജിയണുകളിലെയും ബ്രീഡർ ഫാമുകളിൽ ജോലി ചെയ്യുന്നവർക്കുള്ള ശമ്പളം കമ്പനി നൽകും. ലാഭത്തിന്റെ വിഹിതം കൺസോഷ്യത്തിൽ അംഗമായ സി.ഡി.എസ്സുകൾക്ക് നൽകും. ടി. തുകയിൽ നിന്നും സി.ഡി.എസുകൾ ലഭ്യമായ സി.ഇ.എഫ് തുക തിരിച്ചടക്കണം.
ഹാച്ചറി
ബ്രീഡർ ഫാമുകളിൽ ഉല്പാദിപ്പിക്കുന്ന മുട്ട ഹാച്ചറികളിൽ വച്ച് വിരിയിച്ച ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ ആണ് ഫാമുകൾക്ക് ലഭ്യമാക്കുന്നത്. ബ്രീഡർ യൂണിറ്റുകളിൽ നിന്നും ലഭ്യമാകുന്ന മുട്ട 21 ദിവസം വേണം ഹാച്ചറികളിൽ വച്ച് വിരിയിച്ചെടുക്കാൻ. ഇതിനായി നിലവിൽ കേരത്തിൽ ഉള്ള ഹാച്ചറികളെ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ എംപാനൽ ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനു ഹാച്ചറികൾക്ക് ഒരു മുട്ടയ്ക്ക് 3 രൂപ എന്ന നിരക്കിൽ വാടക നൽകും.
പ്രതീക്ഷിത ഫലം
ഓരോ ആഴ്ചയിലും 1 ലക്ഷം ഒരു ദിവസം പ്രായമായ കോഴികുഞ്ഞുങ്ങൾ
നിർവഹണം
പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതി നിർവഹണം. ഹാച്ചറികളിൽ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ കൃത്യമായ സന്ദർശനം ഉണ്ടാകും.
ബ്രോയ്ലർ ഫാമുകൾ
വർദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും നമ്മുടെ നാട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്ന സുരക്ഷിതമായ കോഴി ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും കുടുംബശ്രീ ചിക്കൻ എന്ന പേരിൽ ഇറച്ചിക്കോഴി വളർത്തൽ യൂണിറ്റുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് നിലവിലുള്ള മൃഗസംരക്ഷണ മേഖല പദ്ധതികൾക്കു പുറമേ ഇറച്ചിക്കോഴി വളർത്തൽ പദ്ധതിയിലൂടെയും ലക്ഷ്യമിടുന്നത്. വരും സാമ്പത്തിക വർഷം 2000 കോഴികളെ വളർത്തുന്ന 500 പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതാണ്. ഇതിനായി ലോൺ എടുക്കുന്ന യൂണിറ്റുകൾക്ക് സബ്സിഡിയും, ബാങ്ക് ലോൺ ആവശ്യമില്ലാത്ത യൂണിറ്റുകൾക്ക് സി.ഇ.എഫും ലഭ്യമാക്കുന്നതാണ്.
പ്രതീക്ഷിത ഫലം
ഓരോ യുണിറ്റിനും 2.5 ലക്ഷം രൂപ വാർഷിക വരുമാനം ലഭ്യമാക്കുക.
നിർവഹണം
ജില്ലകളാണ് ബ്രോയ്ലർ ഫാമുകൾ രൂപീകരിക്കേണ്ടത്. താല്പര്യമുള്ള സി.ഡി.എസ്സുകളിൽ നിന്നും അപേക്ഷ ബ്ലോക്ക് കോർഡിനേറ്റർ മുഖാന്തിരം സ്വീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. ബാങ്ക് ലോൺ ആവശ്യമുള്ള യൂണിറ്റുകൾക്ക് ബാങ്ക് ലോൺ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തങ്ങൾ ചെയ്യേണ്ടതാണ്. ഇത്തരത്തിൽ രൂപീകരിക്കുന്ന യൂണിറ്റുകൾക്ക് സബ്സിഡി ലഭ്യമാക്കുന്നതാണ്. സി.ഇ.എഫ് മാത്രം ആവശ്യമുള്ള യൂണിറ്റുകൾക്ക് ടി. ഫണ്ട് ലഭ്യമാക്കേണ്ടതാണ്. വരും സാമ്പത്തിക വർഷം ഓരോ ബ്ളോക്കിലും കുറഞ്ഞത് 4 പുതിയ ഫാം യൂണിറ്റുകൾ ആരംഭിക്കേണ്ടതാണ്.
മാംസ സംസ്കരണ ശാലകൾ (അബറ്റോയർ)
കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരളചിക്കൻ പദ്ധതിയുടെ ഭാഗമായി റീജിയണൽ തലത്തിൽ 3 അബറ്റോയറുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നെ ജില്ലകളിലാണ് അബറ്റോയർ ആരംഭിക്കുന്നത്. കുടുംബശ്രീ ബ്രോയ്ലർ ഫാമുകളിൽ നിന്നും വളർച്ചയെത്തിയ കോഴികളെ അബറ്റോയറിൽ എത്തിച്ചു ഇറച്ചി ആക്കിയതിനു ശേഷമാണ് കേരളാ ചിക്കൻ എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നത്. കോഴികളെ പല തരത്തിൽ ആവശ്യങ്ങൾക്ക് അനുസരിച്ചു ഇറച്ചി ആക്കുന്ന പ്രവർത്തനമാണ് അബറ്റോയറിൽ നടക്കുന്നത്.
പ്രതീക്ഷിത ഫലം
ഒരു ദിവസം 10 മെട്രിക് ടൺ ഇറച്ചി വി ൽപനയിലൂടെ മികച്ച വരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം
നിർവഹണം
പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ആയിരിക്കും ഇതിന്റെ പ്രവർത്തനം. ആവശ്യമായ മെഷീനുകൾ പ്രൊഡ്യൂസർ കമ്പനി നേരിട്ട് സ്ഥാപിക്കുന്നതാണ്. കണ്സോഷ്യങ്ങളുടെ മേൽനോട്ടം പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമാണ്.
ഫീഡ് സ്റ്റോർ (കോഴി തീറ്റ സംഭരണ കേന്ദ്രം)
കേരളം ചിക്കൻ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഇറച്ചി കോഴി യൂണിറ്റുകൾക്ക് മിതമായ നിരക്കിൽ കോഴിത്തീറ്റ ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കും. എല്ലാ ജില്ലകളിലും ഒരു ഫീഡ് സ്റ്റോർ ആരംഭിക്കും. ഇതിനായി ഒരു യുണിറ്റ് ആരംഭിക്കും. ടി യൂണിറ്റായിരിക്കും ജില്ലയിൽ ഇറച്ചിക്കോഴി തീറ്റ വിതരണം ചെയ്യുന്നത്. ഇതിനാവശ്യമായ സ്ഥലം വെയർ ഹൌസ് കോർപറേഷൻന്റെ ഗോഡൗണുകളിലോ വാടകക്കോ ഉപയോഗിക്കാവുന്നതാണ്. ജില്ലയിലെ മറ്റുള്ള സ്ഥലങ്ങളിൽ ഏതെങ്കിലും പ്രധാന സ്ഥലത്തു ഫീഡ് എത്തിച്ചു വിതരണം ചെയ്താൽ മതി. (ഉദാഹരണം ഒരു ബ്ലോക്കിൽ 3 പ്രധാന സ്ഥലങ്ങളിലോ/ എല്ലാവര്ക്കും എത്തിപ്പെടാൻ സാധിക്കുന്ന സ്ഥലങ്ങളിലോ)
പ്രതീക്ഷിത ഫലം
ദിവസവും ഒാരോ യുണിറ്റിലൂടെയും 6 മെട്രിക് ടൺ കോഴി തീറ്റ വില്പന
നിർവഹണം
ജില്ലാമിഷന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ യൂണിറ്റുകളെ ഒരുക്കുന്നതുമുതൽ കൃത്യമായ ടൈം ടേബിൾ അനുസരിച്ചു ഫീഡ് ലഭ്യമാക്കേണ്ടതാണ്.
കോൾഡ് സ്റ്റോർ
ഇറച്ചി കോഴി കേടാകാതെ സൂക്ഷിക്കുന്നതിനാണ് കോൾഡ് സ്റ്റോറേജ് സ്ഥാപിക്കുന്നത്. അബാറ്റോയറിൽ നിന്നും വൃത്തിയാക്കിയ കോഴി ഇറച്ചിയാണ് ഇവിടെ സൂക്ഷിക്കുക. 20 ഡിഗ്രി ടെമ്പറേച്ചറിൽ ആയിരിക്കും കോൾഡ് സ്റ്റോറേജ് പ്രവർത്തിക്കുക. ഓരോ ജില്ലയിലും ഓരോ കോൾഡ് സ്റ്റോറേജ് സ്ഥാപിക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. ഓരോ കോൾഡ് സ്റ്റോറേജിനും 1000 മെട്രിക് ടൺ കപ്പാസിറ്റി ഉണ്ടായിരിക്കും.
പ്രതീക്ഷിത ഫലം
കോഴി ഇറച്ചി കേടുകൂടാതെ സൂക്ഷിക്കുന്നതിനും വിപണിയിൽ എത്തിക്കുന്നതിനും സാധിക്കും
നിർവഹണം
വിപണന കേന്ദ്രങ്ങളോട് ചേർന്നായിരിക്കും കോൾഡ് സ്റ്റോറേജുകൾ ആരംഭിക്കുക. കോൾഡ് സ്റ്റോറേജ് സ്ഥാപിക്കുന്നതിന് നല്ല ഇൻവെസ്റ്റ്മെന്റ് ആവശ്യമായുണ്ട്. അതിനാൽ കോൾഡ് സ്റ്റോറേജ് സ്ഥാപിക്കുന്നതിന് സാധിക്കുന്ന ഒരു സി.ഡി.എസ്സിനെ ജില്ലാ മിഷനുകൾ കണ്ടെത്തി (സി.ഡി.എസ്സിന് ആയിരിക്കും ഉടമസ്ഥ അവകാശം) അവിടെ ആവശ്യമായ തുക നൽകി (കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ട്) ആയിരിക്കും യുണിറ്റ് സ്ഥാപിക്കേണ്ടത്. സി.ഡി.എസ്സിന് കോൾഡ് സ്റ്റോറേജ് നടത്തിപ്പിനായി ഒരു യൂണിറ്റിനെ രൂപീകരിക്കാവുന്നതോ, നേരിട്ട് നടത്താവുന്നതോ ആണ്.
വിപണന കേന്ദ്രങ്ങൾ
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും 2 വീതം വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. റീറ്റെയ്ൽ വിപണി ലക്ഷ്യം വച്ചാണ് വിപണന കേന്ദ്രങ്ങൾ ഒരുക്കുന്നത്. ബ്രാൻഡ് പരമാവധി ആളുകളിലേക്ക് എത്തുന്ന തരത്തിലുള്ള ഷോപ്പുകളാണ് ഒരുക്കേണ്ടത്. സംസ്ഥാനം മുഴുവൻ ഒരേ തരത്തിലുള്ള യൂണിറ്റുകളായിരിക്കും സ്ഥാപിക്കുക.
പ്രതീക്ഷിത ഫലം
വിപണന കേന്ദ്രങ്ങളിലൂടെ ദിവസം 1.5 മെട്രിക് ടൺ കോഴി ഇറച്ചി വില്പന
നിർവഹണം
ആധുനിക രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടിയതായിരിക്കും ഷോപ്പുകൾ. മെഷീൻ ഉപയോഗിച്ചായിരിക്കും ഇറച്ചി കട്ട് ചെയ്തു കൊടുക്കുന്നത്. ബ്രാൻഡഡ് കവറുകളിൽ ആയിരിക്കും പായ്ക്ക് ചെയ്യുന്നത്. വിപണിയിലെ ഡിമാൻഡ് പരമാവധി കേരളാ ചിക്കൻ ഷോപ്പുകളിൽ എത്തിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു. കൂടാതെ ചിൽഡ് മീറ്റും വിപണന കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്നതാണ്. ജില്ലാ മിഷനുകൾ ഇതിനു ആവശ്യമായ സ്ഥലം കണ്ടെത്തുകയും യൂണിറ്റുകൾ രൂപീകരിക്കുന്നതിനുള്ള സഹായം ലഭ്യമാക്കേണ്ടതുമാണ്.
റെൻഡറിങ് പ്ലാന്റ് (മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ)
കോഴി വളർത്തൽ, പ്രോസസ്സിംഗ് എന്നീ പ്രവർത്തങ്ങളിൽ പൊതുവെ പറയുന്ന ഒരു പ്രധാന പ്രശ്നമാണ് ഇറച്ചി കോഴി മാലിന്യവും അതിന്റെ സംസ്കരണ രീതിയും . കേരളാ ചിക്കൻ പദ്ധതിയിൽ കൃത്യമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ആസ്സൂത്രണം ചെയ്തിട്ടുണ്ട്്.
പ്രതീക്ഷിത ഫലം
റെൻഡറിങ് പ്ലാന്റിലൂടെ പ്രതിദിനം 20 മെട്രിക് ടൺ മാലിന്യ സംസ്കരണത്തിലൂടെ വരുമാനം ലഭ്യമാക്കുക
നിർവഹണം
മൂന്നു റീജിയണുകളിൽ ആയി അബറ്റോയറിനോട് ചേർന്നാണ് റെൻഡറിങ് പ്ലാന്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. കോഴി ഇറച്ചി ആക്കുമ്പോൾ വരുന്ന മാലിന്യങ്ങൾ റെൻഡറിങ്ങ് പ്ലാന്റിൽ സംസ്കരിച്ചു വളം മറ്റു ഉത്പന്നങ്ങൾ ആക്കി വിൽക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. തിരുവനതപുരം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ കൺസോർഷ്യം തന്നെ ആയിരിക്കും പദ്ധതി നേരിട്ട് നടപ്പിലാക്കുന്നത്. പ്രൊഡ്യൂസർ കമ്പനിയുടെ മേൽനോട്ടം ഉണ്ടാകും.
പ്രൊഡ്യൂസർ കമ്പനി
കേരളം ചിക്കൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചിട്ടുണ്ട്. കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പ്രവർത്തനങ്ങളും മോണിറ്റർ ചെയ്യുന്നത് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ്. ഇതിനായി വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ പ്രവർത്തനമാണ് പ്രൊഡ്യൂസർ കമ്പനിയുടെ വിജയം മുൻപോട്ടു നയിക്കുന്നത്. അതിനാൽ ഇത്തരത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി വിവിധ ഘട്ടങ്ങളിൽ പരിശീലനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതീക്ഷിത ഫലം
പ്രൊഡ്യൂസർ കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കുക
നിർവഹണം
പ്രൊഡ്യൂസർ കമ്പനിയാണ് പരിശീലനങ്ങൾ ആസൂത്രണ ചെയ്യുന്നതും നടപ്പിലാക്കുന്നതും.
ജനനി ഇൻഷുറൻസ് പദ്ധതി
ഇറച്ചി കോഴി വളർത്തൽ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളി ആണ് അപ്രതീക്ഷിതമായുണ്ടാകുന്ന കോഴികളുടെ മരണം. ഇത് കർഷകർക്ക് വലിയതോതിൽ നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇൗ മേഖലയിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതാണ് ഇൗ പ്രശനം പരിഹരിക്കപെടാതെ നിൽക്കുന്നത്. ഇൗ പ്രശ്നത്തിന് പരിഹാരം എന്ന നിലയിലാണ് കുടുംബശ്രീ കേരള ചിക്കൻ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്.
പ്രതീക്ഷിത ഫലം
കുടുംബശ്രീ ഇറച്ചി കോഴി കർഷകർക്ക് തങ്ങളുടെ ഫാർമകൾക്ക് ഇൻഷുറൻസ് പരിരക്ഷ.
നിർവഹണം
കുടുംബശ്രീ മിഷന്റെ എല്ലാ തലങ്ങളിലും പദ്ധതി നിർവഹണം നടക്കേണ്ടതുണ്ട്. ഇൻഷുറൻസ് സ്കീം നടപ്പിലാക്കുന്നതിനായി ഒരു ഇൻഷുറൻസ് ബ്രോക്കിങ് ഏജൻസിയെ സംസ്ഥാന മിഷൻ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു കോഴിക്ക് 2.36 രൂപയാണ് പ്രീമിയം ആയി അടക്കേണ്ടത്. ഒരു വർഷം 6 തവണ കോഴിവളർത്തൽ നടത്താൻ സാധിക്കും. അതിനാൽ ഒാരോ ബാച്ചിനും കൂടിയുള്ള തുക ഒരുമിച്ചാണ് അടക്കേണ്ടത്. ഏതെങ്കിലും ഫാമുകൾക്ക് 6 തവണ കൃഷി ചെയ്യാൻ സാധിച്ചില്ലെങ്കിൽ ബാലൻസ് തുക അടുത്ത വർഷത്തെ പ്രീമിയത്തിലേക്ക് ചേർക്കുന്നതായിരിക്കും. പ്രീമിയം തുകയുടെ 30 % കുടുംബശ്രീ സബ്സിഡി ആയി നൽകും. ബാക്കി തുക മാത്രമേ ഗുണഭോഗ്താക്കൾ നൽകേണ്ടതുള്ളൂ. പ്രൊഡ്യൂസർ കമ്പനിയിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ ലഭ്യമായി തുടങ്ങുമ്പോൾ പ്രീമിയം തുക കോഴികുഞ്ഞിന്റെ വിലയിൽ ചേർത്ത് എടുക്കുന്നതായിരിക്കും. അതിനാൽ ഗുണഭോഗ്താക്കൾക്ക് അധിക തുക ആകുന്നതല്ല (നിലവിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളുടെ വില 30 രൂപ മുതൽ 45 രൂപ വരെയാണ്. പ്രൊഡ്യൂസർ കമ്പനിയിലൂടെ ഗുണഭോക്താക്കൾക്ക് 20 രൂപയ്‌ക്ക് കോഴിക്കു ഞ്ഞുങ്ങളെ ലഭ്യമാക്കാൻ സാധിക്കും)