മാർക്കറ്റിംഗ്

മാസച്ചന്തകൾ
കുടുംബശ്രീ സംരംഭങ്ങൾക്ക് പ്രാദേശികമായി വിപണനാവസരങ്ങൾ തയ്യാറാക്കി നൽകുന്നതിനായി കുടുംബശ്രീ സംരംഭ വികസനത്തിന്റെ അടിസ്ഥാന ശിലയായ പ്രാദേശിക സാമ്പത്തിക വികസനമെന്ന ആശയം സാധൂകരിക്കുന്നതിനുമായി കുടുംബശ്രീ അതിന്റെ സംഘടനാ സംവിധാനത്തിലൂടെ സാധ്യമാക്കുന്ന വിപണന വേദിയാണ് മാസച്ചന്തകൾ. എല്ലാ മാസവും ഒരേ തീയതികളിൽ മൂന്നു മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചായത്ത് / ബ്ലോക്ക് / നഗരസഭാതല വിപണന മേളകളാണ് മാസച്ചന്തകൾ. കുടുംബശ്രീ സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംരംഭങ്ങൾ / ജെ.എൽ.ജികൾ / സി.ഐ.ജി എന്നിവയിൽ വിപണനാവസരം പ്രാദേശികമായി തന്നെ ലഭ്യമാക്കുന്നതിനാണ് മാസച്ചന്തകൾ സംഘടിപ്പിക്കുന്നത്. എല്ലാ ബ്ലോക്ക് തലങ്ങളിലും നഗരസഭാ തലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസുകളുടെ ആഭിമുഖ്യത്തിലും നിലവിൽ കേരളമൊട്ടാകെ 245 സ്ഥലങ്ങളിൽ കുടുംബശ്രീ മാസച്ചന്തകൾ സംഘടിപ്പിച്ചുവരുന്നു.

 

വിപണന മേളകൾ
കുടുംബശ്രീ ഉൽപന്നങ്ങൾ ഏറ്റവുമധികം ചെലവഴിക്കപ്പെടുന്ന വിപണന മാർഗമാണ് മേളകൾ. പ്രാദേശിക/ജില്ലാ/സംസ്ഥാന തലങ്ങളിൽ നടക്കുന്ന വിപണന മേളകളിൽ കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രവർത്തനവും വിപണനവും ഉറപ്പുവരുത്തുന്നതിനായി കുടുംബശ്രീ അവലംബിക്കുന്ന മാർഗമാണ് വിപണനമേളകൾ. അവയിൽ കുടുംബശ്രീ സംരംഭകർക്ക് പ്രാതിനിധ്യം ഉറപ്പാക്കുക എന്നതും കുടുംബശ്രീ ഉൽപാദകർക്കായി വിപണന മേളകൾ പ്രാദേശിക ഉത്സവങ്ങളോടനുബന്ധമായി സംഘടിപ്പിക്കുക എന്നതും. ഓണം, ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ചും കേരളത്തിലെ ഉത്സവക്കാലങ്ങളോടനുബന്ധിച്ചും കുടുംബശ്രീ വിപണന മേളകൾ സംഘടിപ്പിക്കാറുണ്ട്. ഗ്രാമവികസന മന്ത്രാലയവും ഇന്ത്യാ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ മുതലായവ സംഘടിപ്പിക്കുന്ന ദേശീയ അന്തർദേശീയ വിപണന മേളകളിലും സരസ് മേളകളിലും കുടുംബശ്രീ ഉൽപന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായി സജ്ജീകരിക്കാനുമുണ്ട്.

 

ഫുഡ് ഫെസ്റ്റ്
കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളുടെ മാതൃ ബ്രാൻഡായ കഫേ കുടുംബശ്രീ, ഭക്ഷ്യമേളകൾ എന്ന നിലയിൽ പ്രശസ്തമാണ്. കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകൾക്ക് സ്കിൽ ട്രെയിനിങ്, പെർഫോമൻസ്, ഇംപ്രൂവ്മെന്റ് ട്രെയിനിങ്, ഓൺ ദ ജോബ് ട്രെയിനിങ് മുതലായവ ലഭ്യമാക്കുന്നതിനും പങ്കാളിത്തത്തിലൂടെ മികച്ച വരുമാനം നേടിക്കൊണ്ട് പ്രവർത്തന മൂലധനവും ഉപഭോക്തൃ പ്രശംസയും നേടി സ്വയം പ്രവർത്തിക്കാനുള്ള ശേഷി നേടിക്കൊടുക്കുന്നതിനും ഉപഭോക്താക്കൾക്ക് ആരോഗ്യകരവും രുചിയുമുള്ള തനത് വിഭവങ്ങൾ നൽകുന്നതിനുമായി കുടുംബശ്രീ കാറ്ററിങ്/ഫുഡ് സെക്ടറിൽ ആവിഷ്കരിച്ചിരിക്കുന്ന പ്രവർത്തന ഇടപെടലുകളാണ് കഫേ കുടുംബശ്രീ ഭക്ഷ്യമേളകൾ. ജില്ലാ/സംസ്ഥാന തലങ്ങളിലും അന്തർദേശീയ തലങ്ങളിലും കഫേ കുടുംബശ്രീ ഭക്ഷ്യമേളകൾ സംഘടിപ്പിക്കാറുണ്ട്.

 

കമ്മ്യൂണിറ്റി മാർക്കറ്റിങ്ങ് നെറ്റ് വർക്ക് (ഹോംഷോപ്പ്)
പ്രാദേശികമായി കുടുംബശ്രീ സംരംഭകർ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് സാമൂഹ്യാധിഷ്ഠിത വിതരണ വിപണന സംവിധാനം ഒരുക്കുന്നതാണ് കമ്മ്യുണിറ്റി മാർക്കറ്റിംഗ് നെറ്റ് വർക്ക് അഥവാ ഹോംഷോപ്പ്. കുടുംബശ്രീ ഉത്പാദകർക്ക് കാര്യക്ഷമമായ ഒരു വിതരണ - വിപണന ശൃംഖല സൃഷ്ടിക്കുക വഴി കുടുംബശ്രീ സംരംഭകർക്ക്/വനിതകൾക്ക് തൊഴിലും സ്ഥിരവരുമാനവും ലഭ്യമാക്കുക, ഉപഭോക്താക്കൾക്ക് ഗുണനിലവാരവും ന്യായവിലയുമുള്ള ഉല്പന്നങ്ങൾ ലഭ്യമാക്കുക, പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുക എന്നിവയാണ് സുപ്രധാനലക്ഷ്യങ്ങൾ.

കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന - വിതരണ സംവിധാനത്തിന് മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്.

(എ).ഉൽപാദന സംവിധാനം
(ബി).വിപണന സംവിധാനം
(സി).വിതരണ-ഭരണനിർവഹണ സംവിധാനം (മാനേജ്മെന്റ് സംവിധാനം)

പ്രാദേശികമായി ആവശ്യകതയുള്ളതും ഗുണനിലവാരമുള്ളതുമായ ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന കുടുംബശ്രീ വനിതകൾ / യൂണിറ്റുകൾ. സംഘകൃഷി / മൃഗസംരംക്ഷണ സംരംഭങ്ങളുടെ ഉല്പന്നങ്ങൾ (പാൽ, പച്ചക്കറി, മുട്ട, മാംസം), മൂല്യവർദ്ധിത ഉല്പന്നങ്ങൾ  (സോപ്പ്,  അലക്ക്പൊടി, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ) തുടങ്ങി കുടുംബശ്രീ വനിതകൾ / യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ മാത്രം ഉൾപ്പെടുന്നതാണ് ഉല്പാദന സംവിധാനം.

പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ പ്രാദേശിക ഉപഭോക്താക്കളിലേക്ക് വിപണനം നടത്തുന്നതിന് സി.ഡി.എസ്സ് സംവിധാനത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന കുടുംബശ്രീ വനിതകളാണ് ഹോംഷോപ്പർമാർ. ഹോംഷോപ്പർമാരാണ് ഈ പദ്ധതിയുടെ വിപണന സംവിധാനം. ആർ.എം.ഇ, യുവശ്രീ, എസ്.എം.ഇ മാർഗ്ഗനിർദ്ദേശത്തിൽ അനുശാസിക്കുന്ന യോഗ്യതയുള്ള വ്യക്തികളെ ഹോം ഷോപ്പർമാരായി പരിഗണിക്കുന്നത്. നേരിട്ടുള്ള വില്പനയാണ് ഹോംഷോപ്പ് സംവിധാനത്തിലുള്ളത്. ഓരോ ഹോംഷോപ്പർമാരും തങ്ങൾക്ക് അനുവദിച്ച് കിട്ടിയ വാർഡ്/പ്രദേശത്തെ 150 മുതൽ 200 വീടുകളിലാണ് വിപണനം നടത്തേണ്ടത്. ഹോംഷോപ്പർമാർക്ക് അനുവദിക്കുന്ന വീടുകളുടെ എണ്ണം ഇവർക്ക് ലഭിക്കേണ്ട മിനിമം വരുമാനത്തിന് അനുസൃതമായിരിക്കണം. ഓരോ വാർഡിലും ഇത്തരത്തിൽ ഒന്നോ അതിലധികമോ ഹോംഷോപ്പർമാരെ തെരഞ്ഞെടുക്കാം. ഉല്പന്നങ്ങളുടെ വിപണനത്തിൽ നിന്നുള്ള കമ്മീഷനാണ് ഹോംഷോപ്പർമാരുടെ വരുമാനം.

ഉല്പാദകനെയും വിതരണക്കാരനെയും ഉപഭോക്താവിനെയും കോർത്തിണക്കുന്ന കണ്ണിയാണ് ഭരണനിർവ്വഹണ സംവിധാനം അഥവാ മാനേജ്മെന്റ് ടീം. കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് അവബോധവും വിപണനരംഗത്ത് പ്രാവീണ്യവും പരിചയവുമുള്ള വ്യക്തികളെ മാനേജ്മെന്റ് ടീമായി പരിഗണിക്കാം. 5 പേരടങ്ങുന്ന ഗ്രൂപ്പാണ് മാനേജ്മെന്റ് ടീം. കുടുംബശ്രീ സംവിധാനത്തിലുള്ളവരായിരിക്കണം 5 അംഗ ടീം.  ആർ.എം.ഇ, യുവശ്രീ മാർഗ്ഗനിർദ്ദേശത്തിൽ അനുശാസിക്കുന്ന യോഗ്യതയുള്ള വ്യക്തികളെ മാനേജ്മെന്റ് ടീം അംഗങ്ങളായി പരിഗണിക്കാം.
ഒരു മാനേജ്മെന്റ് ടീമിന്റെ പ്രവർത്തന പരിധി അവർക്ക് മോണിറ്ററിംഗ് നടത്തുന്നതിനും പ്രാദേശിക ആവശ്യകതയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നതിനും സാധിക്കുന്ന പ്രദേശമായിരിക്കണം. ഇത് ഒരു ബ്ലോക്കോ ഒന്നിലേറെ ബ്ലോക്കോ ജില്ലയോ ആകാം. ഈ പ്രവർത്തനപരിധി നിശ്ചയിക്കുന്നത് അതാത് ജില്ലാ മിഷൻ ആയിരിക്കും.

 

മാർക്കറ്റിംഗ് കിയോസ്ക്
കുടുംബശ്രീ സൂക്ഷ്മസംരംഭകരുടെ ഉത്പന്നങ്ങൾ പ്രാദേശികവിപണിയിൽ സുലഭമാക്കുക, ഉപഭോക്താക്കൾക്ക് കുടുംബശ്രീ ഉത്പന്നങ്ങൾ സ്ഥിരമായി ലഭ്യമാക്കുക, സംരംഭങ്ങളുടെ ഉത്പാദന ശേഷിയും നിലവാരവും ക്രമേണ ഉയർത്തുക, കുടുംബശ്രീ ഏകീകൃത റീട്ടെയിൽ ചെയിൻ എന്ന ആശയം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലകളിലെ പ്രധാന ടൂറിസ്റ്റ്മേഖലകൾ, വിപണന സാധ്യതയുള്ള സ്ഥലങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന കിയോസ്ക്കുകൾ ആരംഭിക്കുവാൻ 2019-20 ൽ പദ്ധതിയിടുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ നിലവിൽ പ്രവർത്തിക്കുന്നവ ഉൾപ്പടെ 100 കിയോസ്ക്കുകൾ സംസ്ഥാനത്താകമാനം പ്രവർത്തിപ്പിക്കാനും, ഇതിന്റെ ഗുണഫലം 2000 സംരംഭകർക്കെങ്കിലും ലഭ്യമാക്കാനും, ഇതിലൂടെ ഒരു കോടി രൂപയുടെ വരുമാനം സംരംഭകർക്ക് നേടിക്കൊടുക്കാനുമാണ് ലക്ഷ്യമിടുന്നത്.

 

കുടുംബശ്രീ ഔട്ട് ലെറ്റുകൾ
പ്രാദേശിക കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ജില്ലകളിൽ ബ്ലോക്ക്/യു.എൽ.ബി തലത്തിൽ സ്ഥാപിക്കപ്പെടുന്ന സ്ഥിരവിപണന കേന്ദ്രങ്ങളാണ് കുടുംബശ്രീ ഔട്ട് ലെറ്റുകൾ വിപണന സാധ്യതയുള്ള മാസചന്തകളുടെ നവീകരണം, വിപണന സാധ്യതയുള്ള പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഔട്ട് ലെറ്റുകൾക്ക് പദ്ധിയിടുന്നത്. പ്രാദേശിക സംരംഭകരുടെ ഉത്പന്നങ്ങൾ പ്രാദേശികമായി തന്നെ വിപണനം ചെയ്യാനുള്ള അവസരമൊരുക്കുക, ഏകീകൃതമായ മാതൃകയിൽ ഔട്ട് ലെറ്റുകൾ സ്ഥാപിക്കുക അതുവഴി കുടുംബശ്രീ ബ്രാൻഡ് ജനപ്രിയമാക്കുക, ഇത്തരം സ്ഥിരവിപണന കേന്ദ്രങ്ങളിലൂടെ സംരംഭകർക്ക് സാമ്പത്തികവും സാമൂഹികവുമായുള്ള ഉന്നമനം ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

 

കുടുംബശ്രീ ബസാർ
ജില്ലയിലെ കുടുംബശ്രീ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുക, സ്ഥിരം വിപണനത്തിന് വേദി ഒരുക്കുക, സുസ്ഥിരമായ ഉത്പാദനവും ലഭ്യതയും ഉറപ്പുവരുത്തുക, സംരംഭങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിലേയ്ക്ക് നയിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ മിഷൻ സ്ഥാപിക്കുന്ന സ്ഥിരവിപണന കേന്ദ്രങ്ങളാണ് കുടുംബശ്രീ ബസാർ. കുടുംബശ്രീ ഉല്പന്നങ്ങൾക്ക് വിപണിയിൽ ഏറിവരുന്ന സ്വീകാര്യത, സംരംഭകർക്ക് ഉത്പന്നങ്ങൾ യഥേഷ്ടം വിൽപന നടത്താനുള്ള സ്ഥിരം കേന്ദ്രങ്ങളുടെ അപര്യാപ്തത എന്നിവ കുടുംബശ്രീ ബസാർ എന്ന ആവശ്യത്തിന് ആക്കം കൂട്ടുന്നു. സ്ഥിരമായ വിപണന സാധ്യതകളാണ് കൂടുതൽ ഉത്പാദകരെ വളർത്തുന്നതും പുതിയ സംരംഭങ്ങൾക്ക് വഴിയൊരുക്കുന്നതും. ആധുനിക കേരളത്തിൽ കുടുംബശ്രീയുടെ നാഴികക്കല്ലായി നിലനിൽക്കാനുതകുന്ന സ്ഥിരവിപണന കേന്ദ്രങ്ങളാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

സൂക്ഷ്മസംരംഭങ്ങളുടെ ഉത്പാദനവും വിപണനവും വർദ്ധിപ്പിക്കുക, അതുവഴി ഉത്പാദകരുടെ സാമ്പത്തികവും സാമുഹികവുമായ ജീവിത നിലവാരം ഉയർത്തുക, പ്രത്യക്ഷമായും പരോക്ഷമായും ഓരോ ജില്ലയിലും 500 ൽ പരം സംരംഭക കുടുംബങ്ങൾക്ക് ബസാറിന്റെ ഗുണഫലം ലഭ്യമാക്കുക, ജില്ലയിലെ സംരംഭകരെ ക്ലസ്റ്റർ ചെയ്‌ത സംരംഭകരുടെ കൺസോർഷ്യം രൂപീകരിക്കുക, ഏകീകൃതമായ മാതൃകയിൽ ബസാർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ബ്രാൻഡ് ബിൽഡിംഗ് സാധ്യമാക്കുകയും ചെയ്യുക, ഒരു ലക്ഷം ഉപഭോക്താക്കളിലെങ്കിലും കുടുംബശ്രീ ഉത്പന്നങ്ങൾ എത്തിക്കുക, സംഭരണത്തിനും, വിപണനത്തിനും, വിതരണത്തിനും പൊതുമാനദണ്ഡം ഉറപ്പാക്കുക, കുടുംബശ്രീ ഉത്പാദകരുടെ സ്ഥിരവരുമാനം ഉറപ്പാക്കുക, സുസ്ഥിരമായി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുക, കഫേ കുടുംബശ്രീ ജെ.എൽ.ജി. എന്നിവയുടെ സാന്നിദ്ധ്യവും പ്രവർത്തനവും ബസാറിൽ ഉറപ്പുവരുത്തുക, സൂക്ഷ്മസംരംഭങ്ങളും വിപണത്തിനനുസൃതമായി ഉത്പാദനവും ഗുണനിലവാരം വർദ്ധിപ്പിക്കൽ, പാക്കിംഗ് മെച്ചപ്പെടുത്തൽ മുതലായവ നടത്താനാവശ്യമായ ധനസഹായവും, പരിശീലനവും നിലവിലുള്ള കുടുംബശ്രീ പദ്ധതികളിലൂടെ ഉറപ്പാക്കുക, ബസാർ ഭരണ സംവിധാനത്തിൽ പ്രവർത്തിക്കുന്നവർക്ക് കാലാനുസൃതമായ പരിശീലനം ഉറപ്പാക്കുക എന്നിവയാണ് കുടുംബശ്രീ ബസാറിന്റെ പ്രധാനലക്ഷ്യങ്ങൾ.
 

നാനോമാർക്കറ്റ്
പ്രാദേശിക കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണനംചെയ്യുന്നതിനായിവിവിധ സർക്കാർ സർക്കാർഇതരസ്ഥാപനങ്ങൾ, പഞ്ചായത്ത്/കോർപറേഷൻ ഓഫീസുകൾ, പ്രാദേശിക സൂപ്പർ മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഷെൽഫ്സ്പേസ്/ അലമാരയാണ് നാനോ മാർക്കറ്റുകൾ. കുടുംബശ്രീ സംരഭകർക്ക് പ്രാദേശിക വിപണി ഒരുക്കുക, സംരംഭകരുടെ ഉൽപ്പന്ന ഉൽപ്പാദനശേഷി വർധിപ്പിക്കുക, കൂടുതൽ സാമ്പത്തികലാഭം ലഭ്യമാക്കുക, വിഷരഹിതഉൽപ്പന്നങ്ങൾ കൂടുതൽ വിപണിയിൽ എത്തിക്കുക, കൂടുതൽ സംരംഭകരെ സൃഷ്ടിക്കുക തുടങ്ങിയ ബൃഹത്തായ ലക്ഷ്യങ്ങളാണ് നാനോ മാർക്കറ്റുകൾ വിഭാവനം ചെയ്യുന്നത്.

കേരളത്തിൽ വിവിധ ജില്ലകളിലായി 616 നാനോമാർക്കറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. 5000 രൂപയിലധികം മാസവിപണനം നടക്കുന്ന 500 നാനോമാർക്കറ്റുകൾ സൃഷ്ടിക്കുക എന്നതാണ് 2019-2020 സാമ്പത്തികവർഷത്തെ ലക്ഷ്യം. സംരംഭകർ നേരിട്ട് ഉൽപ്പന്നങ്ങൾ നാനോ മാർക്കറ്റിൽ എത്തിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ആകർഷകമായ രീതിയിൽ വിപണിയിൽ എത്തിക്കാനും, കൂടുതൽ ഉപഭോക്താക്കളെ തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനും, മാർക്കറ്റ് മനസ്സിലാക്കി നൂതന വിപണന മാർഗ്ഗങ്ങൾ അവലംബിക്കാനും സംരംഭകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൂടി കുടുംബശ്രീ നാനോ മാർക്കറ്റുകൾ യാഥാർത്ഥ്യമാക്കുന്നുണ്ട്.