1.സൂക്ഷ്മ സംരംഭ രൂപീകരണം:

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് വ്യത്യസ്ത ഉപജീവന പ്രവർത്തനങ്ങൾ കുടുംബശ്രീ മിഷൻ നടപ്പിലാക്കി വരുന്നുണ്ട്. ഇതിൽ സുപ്രധാനമായ ഒന്നാണ് സ്വയംതൊഴിൽ സംരംഭങ്ങൾ. കുടുംബശ്രീ വനിതകളോ കുടുംബാംഗങ്ങളോ തങ്ങളുടെ സംരംഭകത്വ വാസനയും തൊഴിൽ പരിജ്ഞാനത്തിനും അനുസരിച്ച് ആന്തരീക വായ്പയിലൂടെയോ ലിങ്കേജ് വായ്പയിലൂടെയോ കുടുംബശ്രീ പദ്ധതികളായ ആർഎംഇ, യുവശ്രീ പദ്ധതി പ്രകാരമോ സംരംഭങ്ങൾ ആരംഭിക്കുന്നുണ്ടൺ്.  സംരംഭം തുടങ്ങാൻ താല്പര്യപ്പെടുന്ന വ്യക്തികൾക്കും തങ്ങളുടെ നിലവിലുള്ള തൊഴിൽ മേഖല വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും അവരുടെ വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിച്ച് പരിശീലനം, സാമ്പത്തിക സഹായം, വിപണന സംവിധാനം, പിന്തുണാസഹായം എന്നിവ കുടുംബശ്രീ മിഷൻ നൽകിവരുന്നുണ്ട്. 2022-23 വർഷത്തിൽ 11,245 പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും 8000 ത്തിൽ പരം സംരംഭങ്ങൾക്ക് വിവിധ ധനസഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു. 2023-24 വർഷത്തിൽ നാളിതുവരെ 2899 സംരംഭങ്ങൾ പുതിയതായി ആരംഭിച്ചിട്ടുണ്ട്. സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനു താല്പര്യമുള്ള അയൽക്കൂട്ട അംഗങ്ങൾ /കുടുംബാംഗങ്ങൾ എന്നിവരെ കണ്ടു പിടിക്കുകയും സി.ഡി.എസ് തലത്തിൽ പൊതു അവബോധ പരിശീലനം, സംരംഭകത്വ വികസന പരിപാടി എന്നിവ നൽകി വരുന്നു.
 
എം.ഇ.സി. പരിശീലനം
 
കുടുംബശ്രീ മൈക്രോ സംരംഭങ്ങൾ രൂപീകരിക്കുന്നതിലും നിലനിർത്തുന്നതിലും ഗ്രാസ് റൂട്ട് ലെവലിൽ പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്സൺമാരായ എം.ഇ.സി.മാർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുതിയ വിജയകരമായ സംരംഭങ്ങൾ കൊണ്ടുവരുന്നതിൽ എം.ഇ.സി.മാരുടെ അറിവും കഴിവുകളും സമയബന്ധിതമായി നാളതീകരിക്കേണ്ടത് പരമപ്രധാനമാണ്. എൻ.ആർ.ഒയുടെ പിന്തുണയോടെ കുടുംബശ്രീ അവർക്ക് ഫൗണ്ടേഷൻ കോഴ്‌സ് പരിശീലനം നൽകി വരുന്നു.
 
2.അമൃതം ന്യൂട്രിമിക്സ്

സംസ്ഥാനത്ത് 5 മാസം മുതൽ മൂന്നുവയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനും അധിക പോഷകാഹാരം നൽകുന്നതിനും സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന റ്റി.എച്ച്.ആർ.എസ് പദ്ധതിയാണ് അമൃതം ഫുഡ് സപ്ലിമെന്റ്. ഇതിന്റെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുള്ള ആറു മുതൽ പത്തു വരെ സംരംഭകർ അടങ്ങുന്ന 242 യൂണിറ്റുകൾ അമൃതം ഫുഡ് സപ്ളിമെന്റ് ഉല്പാദിപ്പിച്ച് അംഗൻവാടികളിലൂടെ വിതരണം ചെയ്യുന്നു. ഫോർട്ടിഫൈഡ് അമൃതം ന്യൂട്രിമിക്സാണ് കുടുംബശ്രീ മുഖാന്തരം നിലവിൽ ലഭ്യമാക്കുന്നത്.
 
3. ജെറിയാട്രിക് കെയർ (K4 Care)

കെയർ ഇക്കോണമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും വയോജന പരിചരണം, രോഗി പരിചരണം, ബേബി സിറ്റിംഗ്, പാലിയേറ്റീവ് കെയർ എന്നീ മേഖലകളിൽ സേവനം നൽകുന്നതിനായി സംരംഭ മാതൃകയിൽ കുടുംബശ്രീ ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതിയാണ് K4 Care. 2018-ൽ ഹർഷം എന്ന പേരിൽ ജെറിയാട്രിക് കെയർ എക്സിക്യൂട്ടീവുകൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിരുന്നു. ആയതിന്റെ ഭാഗമായി 645 പേർക്ക് പരിശീലനം നൽകിയിരുന്നെങ്കിലും പരിശീലനാർത്ഥികളെ തെരഞ്ഞെടുത്തതിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിനാൽ 200 ഓളം പേർ മാത്രമേ ടി. മേഖലയിൽ നിലവിൽ പ്രവർത്തിച്ചു വരുന്നുള്ളൂ. ആയതിന്റെ രണ്ടാംഘട്ടം എന്ന നിലയ്ക്കാണ് K4 Care പദ്ധതി, കുടുംബശ്രീ ആരംഭിക്കാനുദ്ദേശിക്കുന്നത്. വിവിധ വയോജന സേവനങ്ങൾ, വീടുകളിൽ നിശ്ചിത ദിവസം നിന്ന് പരിപാലനം നൽകൽ, രോഗികൾക്ക് കൂട്ടായി ഹോസ്പിറ്റലിൽ പരിചരണം, ഒറ്റപ്പെട്ടു കഴിയുന്ന ഗുണഭോക്താക്കൾക്ക് വിവിധ ഗാർഹിക സേവനങ്ങൾ നൽകൽ, ആവശ്യമുള്ള മരുന്നുകൾ, ആഹാരം എന്നിവ വീടുകളിൽ എത്തിക്കൽ, ഓൺലൈൻ സേവനങ്ങൾ നൽകൽ, ആശുപത്രികളിലെ രോഗികൾക്ക് വയോജനങ്ങൾക്ക് വേണ്ടി വിനോദയാത്ര, കൂട്ടുപോകൽ, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ മെഡിക്കൽ ചെക്ക് അപ്പുകൾ, പകൽ വീടുകളുടെ നടത്തിപ്പ്, ഭിന്നശേഷിക്കാരുടെ പരിചരണം തുടങ്ങിയ സേവനങ്ങൾ K4 Care പദ്ധതിയിലൂടെ നൽകുന്നതിനായാണ് ലക്ഷ്യമിടുന്നത്. പരിശീലന ഏജൻസികളുടെ സഹായത്തോടെ പരിശീലനം നൽകി ജില്ലാതലത്തിൽ കോൾ സെന്ററുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്ക് ഇത്തരം സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും, ജെറിയാട്രിക് കെയർ എക്സിക്യൂട്ടീവുകൾക്ക് കൃത്യമായി വരുമാനം ലഭിക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്.
 
4.“ഇൻസ്പയർ” ഇൻഷുറൻസ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങളും, മഹാമാരിയും കുടുംബശ്രീ സംരംഭങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അനിശ്ചിതത്വത്തിൽ നിന്ന് സംരംഭകരേയും സംരംഭത്തെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് “ഇൻസ്പയർ” എന്ന പേരിൽ  ഇൻഷുറൻസ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്. കുടുംബശ്രീ സി.ഡി.എസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംരംഭങ്ങൾ/സംരംഭകർക്ക്  50% വാർഷിക പ്രീമിയം തുക അടയ്ക്കുന്നതിലൂടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കഴിയും. പദ്ധതി നടത്തിപ്പിനായി അമെക്സ് ഇൻഷുറൻസ് ബ്രോക്കേഴ്സ് എന്ന ഇന്റർമീഡിയറിയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്ന ഇൻഷുറൻസ് കമ്പനിയുമാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
 
 5. പി.എം.എഫ്.എം.ഇ

ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭങ്ങളെ ഔപചാരികമാക്കുന്നതിനുള്ള കേന്ദ്രീകൃത പദ്ധതിയാണ്  പി.എം.എഫ്.എം.ഇ. ഈ പദ്ധതിയുടെ ഭാഗമായി 7.24 കോടി മൂല്യമുള്ള 1152 സംരംഭങ്ങൾക്ക് സീഡ് ക്യാപിറ്റൽ ഫണ്ട് നൽകി.
സമ്പൂർണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി മുന്നോട്ടപോകുന്ന സംസ്ഥാന സർക്കാരിന് ആ ലക്ഷ്യം കൈവരിക്കുവാൻ ഇവർ കരുത്തേകും. ഹരിത കേരള മിഷൻ, കുടുംബശ്രീ മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നീ മിഷനുകളുടെയും വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയോജിത പദ്ധതിയാണ് ഹരിതകർമ്മ സേന.
 
6.ഹരിതകർമ്മ സേന

ഹരിത കേരള മിഷന്റെ മാലിന്യ രഹിത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഹരിതകർമ്മ സേന തൊഴിൽ സംരംഭ ഗ്രൂപ്പുകൾ രൂപീകൃതമായത്. ആയതിന്റെ അടിസ്ഥാനത്തിൽ ഓരോ വാർഡുകളിൽ നിന്നും 2 കുടുംബശ്രീ അയൽക്കൂട്ട / കുടുംബാംഗങ്ങളെ കണ്ടെത്തി ഹരിതകർമ്മ സേന രൂപീകരിച്ചു. പ്രസ്തുത സംരംഭകരിൽ 4 മുതൽ 5 വരെ അംഗങ്ങൾ ചേർന്ന് സംരംഭ ഗ്രൂപ്പുകളാകുകയും ആയത് മറ്റ് കുടുംബശ്രീ സംരംഭകരെപ്പോലെ സിഡിഎസിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രൂപ്പുകൾ ചേർന്ന് പഞ്ചായത്ത്/ നഗരസഭയിൽ ഒരു കൺസോർഷ്യമായും പ്രവർത്തിച്ചുവരുന്നു. ഒരു അംഗത്തിന് 250 വീടുകൾ / ഷോപ്പുകൾ എന്ന രീതിയിൽ കവറേജ് സാധ്യമാകുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
 
7.കോമൺ ഫെസിലിറ്റി സെന്റർ (സി.എഫ്.സി)

ഉത്പാദന സേവന മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് ആവശ്യമായ സഹായങ്ങൾ കുടുംബശ്രീ മുഖാന്തരം നൽകി വരുന്നുണ്ട്. ഗ്രൂപ്പ് സംരംഭമായും, വ്യക്തിഗത സംരംഭമായും പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ, വിപണിയിലെ മറ്റ് ഉത്പന്നങ്ങളെക്കാളും  ഗുണനിലവാരം ഉള്ളതാണെങ്കിലും പലപ്പോഴും ഇവർക്ക് മറ്റ് വലിയ തോതിൽ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുമായി മത്സരിക്കുവാൻ സാധിക്കുകയില്ല.
 
ഓരോ ജില്ലയിലും ഒരേ രീതിയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെ ഒരുമിപ്പിച്ച് ഒരേ ഉത്പന്നങ്ങൾ വലിയ തോതിൽ ഉത്പാദിപ്പിച്ച് ഒരേ രീതിയിൽ ബ്രാൻഡിംഗ്, പാക്കിംഗ് എന്നിവ കൊണ്ടുവരികയും ആയത് വിപണിയിൽ എത്തിച്ച് പരമാവധി വരുമാനം സംരംഭകർക്ക് ലഭ്യമാക്കുകയുമാണ് കോമൺ ഫെസിലിറ്റി സെന്റർ (സി.എഫ്.സി) പ്രവർത്തന രീതി.
 
8. പ്രവാസി ഭദ്രത
 
നോർക്ക റൂട്ട്സുമായി ചേർന്ന് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വന്നിട്ടുള്ള പ്രവാസികൾക്ക് സൂക്ഷ്മ സംരംഭങ്ങൾ രൂപീകരിക്കുന്നതിനായി 2 ലക്ഷം രൂപയോ പദ്ധതി തുകയുടെ 75ശതമാനമോ പലിശ രഹിത വായ്പയായി നൽകുന്നതിന് പ്രവാസി ഭദ്രത സ്കീം 2021-22 വർഷത്തിൽ കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ നാളിതുവരെ 3342 പ്രവാസി സംരംഭങ്ങൾ രൂപീകരിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
 
9. ജല ജീവൻ മിഷൻ  ISA പ്രവർത്തനങ്ങൾ
 

എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജല ജീവൻ മിഷന്റെ ടാപ്പ് കണക്ഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പഞ്ചായത്തുകളെയും ജലനിധി / വാട്ടർ അതോറിറ്റി എന്നിവരെയും സഹായിക്കുന്ന  ISA  ആയി 280 പഞ്ചായത്തുകളിൽ കുടുംബശ്രീ പ്രവർത്തിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ഇതിനായി പഞ്ചായത്തു തലത്തിൽ 3 അംഗ ടീമുകളെ നിയമിക്കുകയും അതു വഴി 228 പഞ്ചായത്തുകളിലായി 349 ആളുകൾക്ക് തൊഴിൽ നൽകയും ചെയ്തു.18 മാസത്തെ പ്രവർത്തനങ്ങൾക്കായി ഏകദേശം 45 കോടി രൂപ കുടുംബശ്രീക്ക് ലഭിക്കുന്നതാണ്.

 

10.മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്ററുകൾ (എം.ഇ.ആർ.സി)

കുടുംബശ്രീ സംവിധാനത്തിന്റെ ബൃഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിക്കുന്ന ഒരു മേഖലയാണ് ഉപജീവന മേഖല. കുടുംബശ്രീ, അയൽക്കൂട്ടാംഗങ്ങൾക്കായി മുന്നോട്ടു വയ്ക്കുന്ന നിരവധി ഉപജീവനോപാധികളിൽ പ്രത്യേക പരിഗണനയർഹിക്കുന്ന ഒന്നാണ് സൂക്ഷ്മസംരംഭങ്ങൾ. അയൽക്കൂട്ടാംഗങ്ങളെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രാപ്തമാക്കുന്ന തരത്തിലുള്ള എല്ലാവിധ സാഹചര്യങ്ങളും ഒരുക്കി നൽകുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സൂക്ഷ്മസംരംഭ മേഖല ലക്ഷ്യമിടുന്നു.

നിലവിലുള്ള കുടുംബശ്രീ സംവിധാനത്തിന്റെ ഘടനയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള വികേന്ദ്രീകരണാസൂത്രണ പ്രവർത്തനങ്ങൾ ലക്ഷ്യം കൈവരിക്കുന്നതിന് ആക്കം കൂട്ടും എന്നുളള തത്വത്തെ അടിസ്ഥാനപ്പെടുത്തി ബ്ലോക്ക് തല സംവിധാനം രുപീകരിക്കുകയും ഇതിലൂടെ സംരംഭപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിനായി കുടുംബശ്രീ ആവിഷ്കരിക്കുന്ന പദ്ധതിയാണ് മൈക്രോ എന്റർപ്രൈസസ്  റിസോഴ്സ് സെന്ററുകൾ. എം.ഇ.ആർ.സി.കളിലൂടെ എം.ഇ.സി. സംവിധാനം യഥാവിധി ഫലപ്രദമായി വിനിയോഗിക്കുകയും മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാർക്ക് കൂട്ടായ പ്രവർത്തനത്തിനവസരം നൽകി സംരംഭ വികസനത്തിലുള്ള അവരുടെ ഇടപെടൽ ഉറപ്പാക്കി, സംരംഭ പ്രവർത്തനങ്ങളിൽ സംഘടനാ സംവിധാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തി, ആയത് ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട് ഗുണഭോക്തൃ തിരഞ്ഞെടുപ്പു മുതൽ സംരംഭ രൂപീകരണം വരെ കുറ്റമറ്റ രീതിയിൽ നിർവ്വഹിച്ച് വിജയകരമായ സംരംഭങ്ങൾ രൂപീകരിക്കുകയും എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യുക എന്നതാണ് എം.ഇ.ആർ.സി. കൊണ്ടുദ്ദേശിക്കുന്നത്.

ബ്ലോക്ക് തലത്തിൽ ഉപജീവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുളള ഏകജാലക സംവിധാനം രൂപീകരിക്കുക, പ്രാദേശിക സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഉപാധിയായി പ്രവർത്തിക്കുക, യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്തുകയും സംരംഭം ആരംഭിക്കുന്നതിനുള്ള വിവിധ സഹായങ്ങൾ യഥാസമയം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള സംവിധാനമായി പ്രവർത്തിക്കുക., വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പദ്ധതികളും സംയോജിപ്പിക്കുന്നതിനുതകുന്ന ചാലകമായി പ്രവർത്തിക്കുക, ബ്ലോക്ക് തലത്തിൽ മേഖലാധിഷ്ഠിത സംരംഭ കൂട്ടായ്മകൾ/കൺസോർഷ്യം എന്നിവ രൂപീകരിക്കുക, വേതനാധിഷ്ഠിത തൊഴിൽ നേടുന്നതിന് അയൽക്കൂട്ടാംഗങ്ങളെ സഹായിക്കുക, നൂതന സംരംഭ മാതൃകകൾ രൂപീകരിക്കുകയും മികച്ച ആശയങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുക, അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷണനുകളുമായി സഹകരിച്ച് സംരംഭ വികസനത്തിനായുള്ള സാങ്കേതിക സഹായം, സർവ്വേ എന്നിവ ഉപയുക്തമാക്കുക, വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി അതിനനുസൃതമായി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യുക, ജില്ലാമിഷനും സിഡിഎസ്സിനുമിടയിലുള്ള കണക്റ്റിംഗ് ലിങ്കായി പ്രവർത്തിച്ച് സുതാര്യമായും കാര്യക്ഷമമായും സമയബന്ധിതമായും പ്രവർത്തനങ്ങൾ നടപ്പിലാക്കുക, ബ്ലോക്ക് തലത്തിൽ സംരംഭ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഇതിന്റെ ഭാഗമായി കോൾ സെന്റർ സംവിധാനം പ്രവർത്തിപ്പിക്കുകയും ചെയ്യുക, സംരംഭങ്ങൾക്കായി ഇൻകുബേഷൻ സംവിധാനം ഒരുക്കുക, ഓക്സിലറി അംഗങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് എം.ഇ.ആർ.സി യുടെ പ്രധാന ലക്ഷ്യങ്ങൾ.

 

11.ഷീ സ്റ്റാർട്ട്സ്:

കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്കും അയൽക്കൂട്ട കുടുംബങ്ങൾക്കും പുറമേ കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമാകാൻ താത്പര്യമുള്ള വനിതകളെ ഉൾപ്പെടുത്തി ഇരുപതിനായിരത്തോളം ഓക്സിലറി ഗ്രൂപ്പുകൾ കുടുംബശ്രീയുടെ ഭാഗമായി നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഇപ്രകാരം രൂപീകരിക്കപ്പെടുന്ന ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് സംരംഭ പ്രവർത്തനങ്ങൾക്ക് അവസരം നൽകുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് ഷീ സ്റ്റാർട്ട്സ്. ഈ പദ്ധതിയിലൂടെ സംരംഭകത്വ താത്പര്യമുള്ള ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അവരുടെ അഭിരുചിയ്ക്കനുസരിച്ച് സംരംഭം ആരംഭിക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും കുടുംബശ്രീ മുഖേന നൽകുന്നതാണ്.

അടുത്ത 3 വർഷം കൊണ്ട് (2023-24; 2024-25; 2025-26) കേരളത്തിൽ 1.5 ലക്ഷം സംരംഭങ്ങളും ഓക്സിലറി ഗ്രൂപ്പ്  അംഗങ്ങളായ 3 ലക്ഷം വനിതകൾക്ക് സ്വയംതൊഴിലിലൂടെ വരുമാനവും കണ്ടെത്താനുള്ള ബൃഹത്തായ ഒരു പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
 
 
12. കുടുംബശ്രീ വനിതാ കെട്ടിട നിർമ്മാണ ഗ്രൂപ്പുകൾ

സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വളരെ അധികം പ്രവർത്തനങ്ങൾ കുടുംബശ്രീ നടത്തി വരുന്നുണ്ട്. ഉപജീവനത്തിനായി നടത്തി വരുന്ന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് സൂക്ഷ്മസംരംഭങ്ങൾ. ഇതിൽ വൈദഗ്ദ്ധ്യ മേഖലയിൽ രുപീകരിച്ച ഏറ്റവും വ്യത്യസ്തമായ ഒന്നാണ് കുടുംബശ്രീ വനിതാ കെട്ടിട നിർമ്മാണ ഗ്രൂപ്പുകൾ. നിർമ്മാണ പ്രവർത്തനങ്ങളിൽ സഹായി ആയി മാത്രം നിന്നിരുന്ന വനിതകളെ നിർമ്മാണ മേഖലയിൽ വൈദഗ്ദ്ധ്യ പരിശീലനം നൽകി ജില്ല / ബ്ലോക്ക് / നഗരസഭ അടിസ്ഥാനത്തിൽ നിർമ്മാണ മേഖലയിലെ മേസൺ ജോലികൾ ഏറ്റെടുത്തു പൂർത്തീകരിക്കുവാൻ പ്രാപ്തരാക്കുക, ആയതിലൂടെ ഇവർക്ക് മാന്യമായ വരുമാനം ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.
നിലവിൽ 296 കെട്ടിട നിർമ്മാണ ഗ്രൂപ്പുകൾ വിവിധ ജില്ലകളിലായി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നുണ്ട്. ഇവർ സർക്കാർ/അർദ്ധസർക്കാർ, സ്വകാര്യ ഭവന നിർമ്മാണ പദ്ധതി എന്നിവയിലുൾപ്പെട്ട 700 ഓളം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും  MGNREG, CRD, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട നിർമ്മാണ ജോലികൾ ഏറ്റെടുത്ത് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. (മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ നിർമ്മാണം, വിശ്രമകേന്ദ്രങ്ങൾ, ശുചിമുറികളുടെ നിർമ്മാണം, അറ്റകുറ്റ പണികൾ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പി.ഡബ്ല്യു.ഡി.,  MGNREG, ജലജീവൻ മിഷൻ തുടങ്ങിയ വകുപ്പുകളുടെ രണ്ടു ലക്ഷം രൂപ വരെ നിർമ്മാണ ജോലികൾ ടെണ്ടർ കൂടാതെ ടി. യൂണിറ്റുകൾക്ക് നൽകുന്നതിനുള്ള സർക്കാർ ഉത്തരവും ലഭ്യമായിട്ടുണ്ട്.
 
 
13. എറൈസ് – വൈദഗ്ദ്ധ്യ പരിശീലനവും സ്വയംതൊഴിലും

സംസ്ഥാനത്ത് പ്രളയക്കെടുതികൾ മൂലം ഉപജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 50,000 പേർക്ക് 10 മേഖലകളിൽ സൗജന്യ വൈദഗ്ദ്ധ്യ പരിശീലനം നൽകി സ്വയംതൊഴിൽ നൽകുന്നതിനായി 2019 ജനുവരിയിലാണ് എറൈസ് പദ്ധതി ആരംഭിക്കുന്നത്. പ്ലംബിംഗ്, ഇലക്ട്രോണിക്സ് റിപ്പയറിംഗ്, ഇലക്ട്രിക്കൽ ജോലികൾ, കൃഷി അനുബന്ധ ജോലികൾ (തെങ്ങുകയറ്റം / കാടുവെട്ടൽ) ലോൺട്രി & അയണിംഗ്, സെയിൽസ്, ഹൗസ് കീപ്പിംഗ്, ഡേ കെയർ, ഹൗസ് മെയ്ഡ്, ഡാറ്റാ എൻട്രി എന്നീ പത്തു മേഖലകളിലാണ് എറൈസ് പദ്ധതി മുഖേന പരിശീലനം ലഭ്യമാക്കുന്നത്.
 
 

14. പ്രീമിയം ഹോട്ടൽ ശൃംഖല

നിലവിലുള്ള കുടുംബശ്രീ ഭക്ഷണ ശാലകളിൽ നിന്നും വേറിട്ടു നിൽക്കുന്ന, ഉന്നത നിലവാരം പുലർത്തുന്ന തരത്തിലുള്ള ഭക്ഷണശാലകൾ ആരംഭിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവയുടെ വശങ്ങളിലും, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങി തിരക്കുള്ള സ്ഥലങ്ങളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പ്രീമിയം ഭക്ഷണശാലകളാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. പ്രതിദിനം കുറഞ്ഞത് 50,000 രൂപയെങ്കിലും വിറ്റുവരവുള്ള ഭക്ഷണശാലകളാണ് ആരംഭിക്കുക. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കുന്നതാണ്.

 
15. ജനകീയ ഹോട്ടലുകൾ:
 

സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പുമായി സംയോജിച്ച് 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന 1196 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ഗ്രാമപ്രദേശത്ത് 997 ഉം നഗരപ്രദേശത്ത് 199 ജനകീയ ഹോട്ടലുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിലൂടെ 4998 വനിതകൾക്ക് വരുമാനം ലഭിക്കുന്നുണ്ട്. പ്രതിദിനം ശരാശരി 2,00,000 ഊണ് ജനകീയ ഹോട്ടലുകൾ മുഖേന വിതരണം ചെയ്യുന്നതിന് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി ഭീഷണിയില്ലാതാകുകയും സാമൂഹിക ജീവിതം കോവിഡ് കാലത്തിനു മുമ്പുള്ള നിലയിലാകുകയും ചെയ്ത സാഹചര്യത്തിൽ  ഗവണ്മെന്റ് ഉത്തരവ് പ്രകാരം 2023 ഓഗസ്റ്റ് 11 മുതൽ സബ്സിഡി നിർത്തലാക്കുകയുണ്ടായി. ഓരോ ജില്ലകളിലും ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ചയൂണിന്റെ നിരക്ക് സംബന്ധിച്ചു് അതാത് ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബശ്രീ ജില്ലാ മിഷനുമായി ചർച്ച നടത്തി തീരുമാനിക്കാവുന്നതാണ്.