മാനേജ്‌മെന്റ്  ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്)

കുടുംബശ്രീയുടെ എല്ലാ പദ്ധതി പ്രവർത്തനത്തിന്റെയും സാമ്പത്തിക ക്രയവിക്രയങ്ങളുടേയും പുരോഗതിയുടെ ഡാറ്റ സുരക്ഷിതമായി സോഫ്റ്റ് വെയർ -ഹാർഡ് വെയർ സംവിധാനത്തിന്റെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്യപ്പെടുകയും ഈ ഡാറ്റ ഉപയോഗിച്ച് സ്ഥാപനം പദ്ധതി പ്രവർത്തന പുരോഗതിയ്ക്കായി ഡിസിഷൻ മേക്കിംഗ് നടത്തുകയും ചെയ്യുന്ന സംവിധാനമാണ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം എന്ന എം.ഐ.എസ്.

കുടുംബശ്രീയുടെ ഗ്രാമീണ മേഖലയിലെ വിവിധ പദ്ധതികൾ തയ്യാറാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും എൻ.ആർ.എൽ.എം എം.ഐ.എസ് അടിസ്ഥാനമാക്കിയുള്ള ഡാറ്റയാണ് ഉപയോഗിക്കുന്നത്.

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ ഗ്രാമീണ ഉപജീവന മിഷൻ(NRLM) തയ്യാറാക്കിയ എം.ഐ.എസ് പോർട്ടലാണ്  https://nrlm.gov.in . ഗ്രാമീണ അയൽക്കൂട്ടങ്ങളുടെ പ്രവർത്തന പുരോഗതിയുടെ ഡാറ്റ എൻട്രിയാണ് ഈ പോർട്ടലിൽ നടക്കുന്നത്.

എൻ.ആർ.എൽ.എം എം.ഐ.എസ് പോർട്ടലിലെ ആദ്യഘട്ട പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.

എ) Monthly Progress Report(MPR) ഡാറ്റ എൻട്രി

ഫോർമാറ്റ് ഉപയോഗിച്ച് സി.ഡി.എസുകളിൽ നിന്നും എല്ലാ മാസവും അഞ്ചാം തീയതിയിൽ ശേഖരിക്കുന്ന ഡാറ്റ, ബ്ലോക്ക് തലത്തിലെ ഡാറ്റയായി ഏകീകരിച്ചു, ബ്ലോക്ക് കോർഡിനേറ്റർമാരാണ് പോർട്ടലിൽ ഡാറ്റ എൻട്രി ചെയ്യുന്നത്.

ബി) ഗ്രാമീണ എൻ.എച്ച്.ജി/ എ.ഡി.എസ് /സി.ഡി.എസ് പ്രൊഫൈൽ ക്രിയേഷൻ

എല്ലാ ഗ്രാമീണ അയൽക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും എ.ഡി.എസുകളുടെയും സി.ഡി.എസുകളുടെയും പ്രൊഫൈൽ ഡാറ്റ, സി.ഡി.എസ് അക്കൗണ്ടന്റുമാരാണ് പോർട്ടലിൽ ഡാറ്റ എൻട്രി ചെയ്യുന്നത്. ഈ പ്രവർത്തന പുരോഗതിയുടെ റിപ്പോർട്ട് എൻ.ആർ.എൽ.എം പോർട്ടലിലെ G13(SHG and member profile monitoring report) റിപ്പോർട്ടിൽ ലഭ്യമാണ്. അയൽക്കൂട്ട അംഗങ്ങളുടെ പേര്, ആധാർ ലിങ്ക്ഡ് സ്റ്റാറ്റസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സോഷ്യൽ കാറ്റഗറി വിവരങ്ങൾ, അയൽക്കൂട്ടങ്ങളുടെ പൊതു വിവരങ്ങൾ എന്നിവ റിപ്പോർട്ടിൽ ലഭ്യമാണ്.

സി) അയൽക്കൂട്ടങ്ങളുടെ ട്രാൻസാക്ഷൻ ബേസ്ഡ് എം.ഐ.എസ്

ഗ്രാമീണ അയൽക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും സാമ്പത്തിക ക്രയവിക്രയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി തുടങ്ങിയ പദ്ധതിയാണിത്. എൻ.ആർ.എൽ.എം ദേശീയ പോർട്ടലായ https://cbotrans.nrlm.gov.in/ മുഖേനയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. അയൽക്കൂട്ടങ്ങളുടെയും അംഗങ്ങളുടെയും മാസ സമ്പാദ്യം, അയൽക്കൂട്ടങ്ങൾ സി.ഡി.എസ്, ബാങ്ക് എന്നിവയിൽ നിന്നും എടുക്കുന്ന ലോണുകളുടെ വിവരങ്ങൾ, ലോണുകളുടെ തിരിച്ചടവ്, അംഗങ്ങൾ അയൽക്കൂട്ടത്തിൽ നിന്നും എടുക്കുന്ന ലോണുകളുടെയും തിരിച്ചടവിന്റെയും വിവരങ്ങൾ മുതലായവയാണ് പ്രധാനമായും പദ്ധതി പ്രവർത്തനത്തിൽ ഉൾപ്പെടുന്നത്.

ട്രാൻസാക്ഷൻ ബേസ്ഡ് എം.ഐ.എസ് പദ്ധതിയുടെ ഭാഗമായി ഗ്രാമീണ എ.ഡി.എസുകളുടെയും സി.ഡി.എസുകളുടെയും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനവും പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്.

എൻ.ആർ.എൽ.എം - എം.ഐ.എസ് (nrlm.gov.in)

ഗ്രാമീണ അയൽക്കൂട്ട വിവരങ്ങൾ
ഓരോ ഗ്രാമീണ അയൽക്കൂട്ടങ്ങളുടെയും പ്രൊഫൈൽ ഈ പോർട്ടലിൽ ചേർത്തിട്ടുണ്ട്. പ്രൊഫൈലിൽ പ്രധാനമായും അയൽക്കൂട്ടത്തിന്റെ പേര്, അയൽക്കൂട്ടം നിലവിൽ വന്ന തീയതി, അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണുള്ളത്.


അയൽക്കൂട്ട അംഗ വിവരങ്ങൾ
ഓരോ അയൽക്കൂട്ട അംഗങ്ങളുടെയും പ്രൊഫൈൽ ഈ പോർട്ടലിൽ ചേർത്തിട്ടുണ്ട്. പ്രൊഫൈലിൽ പ്രധാനമായും അയൽക്കൂട്ട അംഗത്തിന്റെ പേര്, വയസ്,ജനിച്ച തീയതി, മതം, ബി.പി.എൽ / എ.പി.എൽ കാറ്റഗറി, മൊബൈൽ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, അയൽക്കൂട്ടത്തിലെ സ്ഥാനം എന്നിവ രേഖപ്പെടുത്താൻ സാധിക്കും.


ലോകോസ് മൊബൈൽ ആപ്ലിക്കേഷൻ
ഗ്രാമീണ അയൽക്കൂട്ട അംഗങ്ങളുടെ ട്രാൻസാക്ഷൻ വിവരങ്ങൾ അതായത് ത്രിഫ്ട്, വായ്പ എടുക്കൽ, വായ്പ അടവ്, ആന്തരിക വായ്പ, ഫണ്ട് വിവരങ്ങൾ, മറ്റു ചെലവുകൾ എല്ലാം ഈ ആപ്ലിക്കേഷനിലൂടെ രേഖപ്പെടുത്താൻ സാധിക്കും. 2022 മാർച്ച് 31 വരെയുള്ള കട്ട് ഓഫ് ട്രാൻസാക്ഷൻ വിവരങ്ങൾ ഒറ്റത്തവണ ആയി രേഖപ്പെടുത്തിയിട്ട് അതിനു ശേഷമുള്ള ഓരോ മാസത്തേയും വിവരങ്ങൾ നാളതീകരിക്കുക ആണ് ചെയ്യേണ്ടത്. ഓരോ അയൽക്കൂട്ട അംഗത്തിന്റെയും ട്രാൻസാക്ഷൻ വിവരങ്ങളോടൊപ്പം ഓരോ അയൽക്കൂട്ടത്തിന്റെയും ഓരോ എ.ഡി.എസ്സിന്റെയും സി.ഡി.എസ്സിന്റെയും ട്രാൻസാക്ഷൻ വിവരങ്ങൾ ഓരോ മാസവും രേഖപ്പെടുത്തും. ഇതിനായി സി.ഡി.എസ് തലത്തിൽ റിസോഴ്സ് പേഴ്സൺമാരെ നിയമിച്ചിട്ടുണ്ട്. എൻ.ആർ.എൽ.എം നൽകുന്ന ഒരു ഫോർമാറ്റ് പ്രിന്റ് എടുത്ത് അയൽക്കൂട്ടങ്ങൾക്കു കൊടുത്ത ശേഷം അതു പൂരിപ്പിച്ചു വാങ്ങി റിസോഴ്സ് പേഴ്സൺമാർ മൊബൈൽ ആപ്ലിക്കേഷനിൽ എന്റർ ചെയ്യുന്നതാണ്.
 

കുടുംബശ്രീ സ്റ്റേറ്റ് എം.ഐ.എസ്


സംഘടനാ സംവിധാനം, മൈക്രോഫിനാൻസ്, മൈക്രോ എന്റർപ്രൈസസ്, ബാലസഭ, ആശ്രയ, സംഘകൃഷി എന്നീ തനതു പദ്ധതികളുടെ വിവരങ്ങൾ ശേഖരിക്കുവാൻ കുടുംബശ്രീ സ്റ്റേറ്റ് എം.ഐ.എസ് ഉപയോഗിച്ചുവരുന്നു. 2010 ൽ കേന്ദ്ര ഐ.ടി. മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ 'ഉന്നതി' പദ്ധതിയുടെ ഭാഗമായിട്ടാണ് കുടുംബശ്രീ എം.ഐ.എസ് സി-ഡാക്ക് മുഖേന രൂപീകരിക്കപ്പെട്ടത്. 1065 സി.ഡി.എസുകളിലും 14 ജില്ലാ മിഷനിലും സംസ്ഥാനമിഷനിലുമായി 1200 ഓളം ഉപയോക്താക്കളാണ് ഈ എം.ഐ.എസ് ഉപയോഗിക്കുന്നത്. സി.ഡി.എസിൽ അക്കൗണ്ടന്റാണ് അടിസ്ഥാന വിവരങ്ങൾ എന്റർ ചെയ്യുന്നത്. ഇപ്രകാരം എന്റർ ചെയ്യുന്ന വിവരങ്ങൾ ഡി.എം.സി പരിശോധിച്ച ശേഷം സംസ്ഥാന മിഷനിലേക്ക് അംഗീകാരത്തിനായി സമർപ്പിക്കുന്നു. പദ്ധതിയുടെ അംഗീകാരവും സാമ്പത്തിക നീക്കുവയ്ക്കലും നടത്തുന്നത് സംസ്ഥാന മിഷൻ ആണ്.
എല്ലാ അയൽക്കൂട്ടങ്ങളുടെയും ആന്തരിക വായ്പ, സമ്പാദ്യം എന്നിവ എല്ലാ മാസാവസാനം ക്രോഡീകരിച്ച് അടുത്ത മാസം പത്താം തീയതിക്ക് മുൻപ് എന്റർ ചെയ്യുന്നു. അയൽക്കൂട്ടങ്ങളുടെ പ്രവർത്തന മികവ് പരിഗണിച്ചു അവയെ ഗ്രേഡ് ചെയ്യാനും ബാങ്ക് വായ്പ, തിരിച്ചടവ്, മാച്ചിങ് ഗ്രാന്റ് എന്നിവ എന്റർ ചെയ്യാനും സാധിക്കുന്നു. മൈക്രോ സംരംഭങ്ങളുടെയും അംഗങ്ങളുടെയും വിവരങ്ങൾ, അവർക്കു ലഭിച്ച പരിശീലനം, ലോൺ, സബ്സിഡി എന്നീ വിവരങ്ങൾ രേഖപ്പെടുത്തുവാൻ കഴിയും. സംഘകൃഷി യൂണിറ്റുകൾ, അവയിലെ അംഗങ്ങൾ, വിളവിന്റെയും ബാങ്ക് ലോൺ സബ്സിഡി ഇൻസെന്റീവ് എന്നിവയും എന്റർ ചെയ്യാൻ സാധിക്കുന്നു. ആശ്രയ കുടുംബങ്ങളുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങൾ അവർക്ക് ലഭ്യമായ സേവനങ്ങളും അതിനു ചെലവായ തുകയും രേഖപ്പെടുത്താവുന്നതാണ്. ബാലസഭ അംഗങ്ങളുടെ വിവരങ്ങളും അവരുടെ പ്രവർത്തനങ്ങളും ഇതിൽ രേഖപ്പെടുത്താവുന്നതാണ്.