പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മനസിലാക്കുന്നതിനും അവയെ അഭിമുഖീകരിക്കുന്നതിനും കുടുംബശ്രീ ബാലസഭാംഗങ്ങളായ 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളെ പ്രാപ്തരാക്കുന്ന ‘സജ്ജം’ ബില്‍ഡിങ്ങ് റെസിലിയന്‍സ് പദ്ധതിയുടെ പരിശീലന പരിപാടി അട്ടപ്പാടിയിലും. കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 9,10 തീയതികളില്‍ അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലെ 80 വീതം ബാലഗോത്രസഭാംഗങ്ങള്‍ക്കാണ് ആദ്യഘട്ട പരിശീലനം നല്‍കിയത്.
സംസ്ഥാന തലത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് അട്ടപ്പാടിയിലെ സജ്ജം പരിശീലനത്തിന് ചുക്കാന്‍ പിടിക്കുന്നത്.അഗളി ക്യാമ്പ് സെന്ററില്‍ നടന്ന അഗളി പഞ്ചായത്ത്തല പരിശീലന പരിപാടി കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാറും, ഭൂതിവഴി മൂപ്പന്‍സ് ട്രെയിനിംഗ് സെന്ററില്‍ നടന്ന ഷോളയൂര്‍ പഞ്ചായത്ത്തല പരിശീലന പരിപാടി കുടുംബശ്രീ ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സലീന ഷണ്മുഖനും ഉദ്ഘാടനം ചെയ്തു.
പ്രകൃതി, പരിസ്ഥിതി, ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവബോധം നല്‍കി. പ്രളയം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, മണ്ണിടിച്ചില്‍, കടല്‍ക്ഷോഭം തുടങ്ങി വിവിധ പ്രകൃതി ദുരന്ത സാധ്യതകളെ അറിയുന്നതിനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ മനസിലാക്കുന്നതിനും കുട്ടികള്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങി. കാലാവസ്ഥാ വ്യതിയാനം കുട്ടികളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നതുള്‍പ്പെടെ കുട്ടികള്‍ക്ക് സ്വയം മനസിലാക്കാന്‍ കഴിയുന്ന വിധത്തില്‍ വിവിധ ആക്ടിവിറ്റികളിലൂടെയാണ് പരിശീലനം സംഘടിപ്പിച്ചത്. നേതൃ പാടവം, യോഗ പരിശീലനം എന്നിവയും ഇതോടൊപ്പം നല്‍കി.
വരും മാസങ്ങളില്‍ പുതൂര്‍ പഞ്ചായത്ത്, അട്ടപ്പാടിയിലെ പ്രീ മെട്രിക് ഹോസ്റ്റലുകള്‍ എന്നിവ കേന്ദ്രീകരിച്ച് സജ്ജം പരിശീലനം നല്‍കും.
അഗളി പഞ്ചായത്ത് സമിതി സെക്രട്ടറി രേസി, പഞ്ചായത്ത് സമിതി കോ-ഓര്‍ഡിനേറ്റര്‍മാരായ പ്രിയ, ഷൈനി, പഞ്ചായത്ത് സമിതി അംഗങ്ങള്‍, കുടുംബശ്രീ യങ് പ്രൊഫഷണല്‍ സുധീഷ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോമോന്‍ കെ.ജെ, ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു.