പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഊരുകളില്‍ സമ്പൂര്‍ണ്ണ സാക്ഷരത ഉറപ്പാക്കാന്‍ സാക്ഷരതാ മിഷനുമായി കൈകോര്‍ത്തുള്ള കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ മികവോടെ മുന്നേറുന്നു. ഡിസംബര്‍ പത്തിന് നടന്ന തുല്യതാ പരീക്ഷയ്ക്കിരുന്നത് 1925 പഠിതാക്കളാണ്. മികവുത്സവം എന്ന് പേരിട്ട ഈ തുല്യതാ പരീക്ഷയ്ക്കായെത്തിയത് 179 ഊരുകളില്‍ നിന്നുള്ളവരാണ്. ഈ ഘട്ടത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവരെ 2024 മാര്‍ച്ചില്‍ തുല്യതാ പരീക്ഷ എഴുതിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
അട്ടപ്പാടിയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കിവരുന്ന ആദിവാസി പ്രത്യേക പദ്ധതിയും സാക്ഷരതാ മിഷനുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം ഫെബ്രുവരി ഏഴിന് സംഘടിപ്പിച്ച പ്രാഥമിക യോഗത്തോടെയാണ് തുടക്കമായത്. പിന്നീട് പദ്ധതി വിശദീകരണ – സര്‍വ്വേ പരിശീലന ഉദ്ഘാടനം അതേമാസം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ നിര്‍വഹിച്ചു.
പിന്നീട് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി കുടുംബശ്രീ സ്‌പെഷ്യല്‍ പ്രോജക്ട് ആനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്‌സ് അധ്യാപകരുടെയും നേതൃത്വത്തില്‍ സാക്ഷരതാ സര്‍വ്വേ നടത്തി 4273 പേരെ നിരക്ഷരരായി കണ്ടെത്തി. പിന്നീട് സര്‍വ്വേ ക്രോഡീകരണം നടത്തിയതിന് ശേഷം സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു.
ഓരോ ഊരുകളിലെയും ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍, അഭ്യസ്തവിദ്യരായ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ വോളന്ററി അധ്യാപകരായി ഊരുകളില്‍ കണ്ടെത്തുകയും നിരക്ഷരരായവരെ സാക്ഷരതാ പരീക്ഷയ്ക്ക് പ്രാപ്തരാക്കുകയുമായിരുന്നു. അധ്യാപകര്‍ക്കുള്ള പഠന സഹായികള്‍ സാക്ഷരതാ മിഷനും പഠിതാക്കള്‍ക്കുള്ള പഠനോപകരണങ്ങള്‍ കുടുംബശ്രീയും നല്‍കി.
അട്ടപ്പാടിയിലെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ്, കോര്‍ഡിനേറ്റര്‍ ജോമോന്‍ കെ.ജെ, സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പാര്‍വ്വതി എന്നിര്‍ നേതൃത്വം നല്‍കുന്നു.