കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ യുവജന വിഭവ കേന്ദ്രം സംഘടിപ്പിക്കുന്ന അട്ടപ്പാടി ട്രൈബല്‍ ഫുട്ബാള്‍ ലീഗിന്റെ മൂന്നാം സീസണില്‍ യുവരശ്മി വെള്ളമാരി ചാമ്പ്യന്മാര്‍. മൂന്ന് ദിനങ്ങളിലായി അഗളി പഞ്ചായത്ത് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ അട്ടപ്പാടിയിലെ കുടുംബശ്രീ സ്‌പെഷ്യല്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 44 യുവജന ക്ലബ്ബുകള്‍ / യുവശ്രീ ടീമുകള്‍ ഭാഗമായി.
സെപ്റ്റംബര്‍ 20ന് നടന്ന ഫൈനലില്‍ സ്‌ട്രൈക്കേഴ്‌സ് കരുവാരയെ ഏകപക്ഷീയമായ ഒരു ഗോളിന് യുവരശ്മി പരാജയപ്പെടുത്തുകയായിരുന്നു. അനശ്വര അബ്ബന്നൂര്‍ ക്ലബ്ബിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ച യംഗ് മസ്റ്റാഡ്സ് കടുകുമണ്ണ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
അനുറാം കടുകുമണ്ണ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളമാരി ടീമിലെ വിജയകുമാറാണ് മികച്ച ഗോള്‍ കീപ്പര്‍. ഫൈനലിലെ മികച്ച താരമായി വിഘ്‌നേഷ് വെള്ളമാരിയെയും തെരഞ്ഞെടുത്തു. എമര്‍ജിംഗ് പ്ലേയര്‍ക്കുള്ള ബഹുമതി അരുണ്‍ കരുവാരയും സ്വന്തമാക്കി.
സെപ്റ്റംബര്‍ 18ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കുടുംബശ്രീയുടെ നാല് പഞ്ചായത്ത് സമിതികളിലെയും ഭാരവാഹികള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാന ദാനം ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സാദിഖ് അലി, അഗളി പഞ്ചായത്ത് സെക്രട്ടറി പഴനി സ്വാമി, ജനമൈത്രി എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജി. സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ രവി കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ്, കൃഷ്ണകുമാര്‍, പഞ്ചായത്ത് സമിതി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.