അയല്‍ക്കൂട്ട വനിതകള്‍ക്കായി ‘എന്നിടം’ ഒരുക്കി കുടുംബശ്രീയുടെ ഇരുപത്തിയാറാം വാര്‍ഷികം

കുടുംബശ്രീ സി.ഡി.എസുകളില്‍ സര്‍ഗാത്മക കൂട്ടായ്മകള്‍ക്ക് വേദിയൊരുക്കി സംസ്ഥാനമൊട്ടാകെ’എന്നിടം’ എ.ഡി.എസ് കലാ സാസ്കാരിക കേന്ദ്രം തുറന്നു. ഇരുപത്തിയാറാം വാര്‍ഷിക ദിനമായ മെയ് 17ന്‌ അയല്‍ക്കൂട്ട വനിതകള്‍ക്കുള്ള പ്രത്യേക സമ്മാനമായി ‘എന്നിടം’ മാറി.  തിരുവനന്തപുരം ജില്ലയില്‍ ആര്യന്‍കോട് പഞ്ചായത്തിലെ കരിക്കോട്ടുകുഴി എ.ഡി.എസില്‍ ‘എന്നിട’ത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് നിര്‍വഹിച്ചു. പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന എ.ഡി.എസ് ഓഫീസിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

അയല്‍ക്കൂട്ട വനിതകളുടെ സാംസ്കാരിക ശാക്തീകരണം ലക്ഷ്യമിട്ടു നടത്തുന്ന ‘എന്നിട’ത്തിലൂടെ അടുത്ത ഒരു വര്‍ഷത്തിനുളളില്‍ ഒട്ടേറെ കലാകാരികളെ കണ്ടെത്താന്‍ കഴിയുമെന്ന്  ‘എന്നിടം’ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ജാഫര്‍ മാലിക് പറഞ്ഞു. കുടുംബശ്രീയുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ സ്ത്രീമുന്നേറ്റം എപ്രകാരമായിരിക്കണം എന്നതു സംബന്ധിച്ച പുതുസമീപനമാണ് ‘എന്നിടം’ എന്ന പുതിയ പദ്ധതി. സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സര്‍ഗാത്മക വഴികളില്‍ സ്ത്രീകള്‍ക്ക് സ്വയം മുന്നേറുന്നതിനും എല്ലാ അംഗങ്ങളുടെയും പൂര്‍ണ പിന്തുണ ആവശ്യമാണെന്നും അതിന് ‘എന്നിടം’ പദ്ധതി ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി എല്ലാ വാര്‍ഡുകളിലും എ.ഡി.എസ് ഓഫീസ് സജ്ജമാക്കിയ ആര്യന്‍കോട് പഞ്ചായത്ത് സമിതിയെ അദ്ദേഹം അനുമോദിച്ചു.

വാര്‍ഷികാഘോഷത്തിന്‍റെ എല്ലാ ആവേശവും ഊര്‍ജവും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു പരിപാടി നടന്ന അബ്രോസ് സ്റ്റേഡിയത്തിലെ വേദിയും പരിസരവും. രാവിലെ 9.30 മുതല്‍ വേദിയില്‍ കുടുംബശ്രീ ബാലസഭാംഗങ്ങളും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും അവരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി. വയോജന അയല്‍ക്കൂട്ട അംഗം കമലം അവതരിപ്പിച്ച നാടോടി നൃത്തം സദസിന്‍റെ കൈയ്യടി നേടി. കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യമേള, ഉല്‍പന്ന പ്രദര്‍ശന വിപണന മേള   എന്നിവയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.

കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രമേഷ് ജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി ‘എന്നിടം’ ആശയാവതരണം നടത്തി.  ആര്യന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒ.ഗിരിജാ കുമാരി, വൈസ് പ്രസിഡന്‍റ് എ.എസ് ജീവല്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം അന്‍സജിത റസല്‍, ബ്ളോക്ക് പഞ്ചായത്ത് അംഗം ആര്‍.സിമി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഗോപാലകൃഷ്ണന്‍, കുടുംബശ്രീ പി.ആര്‍.ഓ നാഫി മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി സുദേവി എ.എസ്, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി എം.ശിവകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കരിക്കോട്ടുകുഴി എ.ഡി.എസ് പ്രസിഡന്‍റ് എന്‍.വിജയം നന്ദി പറഞ്ഞു.

ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാംഗങ്ങള്‍ പങ്കെടുത്തു.