ജൂണ്‍ 7,8,9 തീയതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട് സംഘടിപ്പിക്കുന്ന കുടുംബശ്രീ അയല്‍ക്കൂട്ട – ഓക്സിലറി അംഗങ്ങളുടെ സര്‍ഗോത്സവമായ അരങ്ങ് 2024 സംസ്ഥാന കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ജില്ല. ഇന്നലെ പിലിക്കോട് കാരക്കക്കാവ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ എക്സിക്യൂട്ടീവ് യോഗത്തിലാണ് അരങ്ങിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
സംഘാടക സമിതി ചെയര്‍മാന്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ ടി.ടി. സുരേന്ദ്രന്‍ (കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍) സ്വാഗതം ആശംസിച്ചു. വിവിധ സബ് കമ്മറ്റികളുടെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിന്റെ ഭാഗമായി.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, പ്രവര്‍ത്തന മാതൃകകള്‍, കുടുംബശ്രീ ഉത്പന്ന പ്രദര്‍ശന വിപണന മേള എന്നിവ ഉള്‍പ്പെടുന്ന വിപുലമായ എക്സിബിഷനാകും അരങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കുക.
കൂടാതെ ഈ സംസ്ഥാന കലോത്സവത്തിന്റെ പ്രചരണാര്‍ഥം നാളെ വൈകുന്നേരം നാലിന് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ‘കൊട്ടും കുരവയും’ എന്ന പേരില്‍ തെരുവോര ചിത്രരചനാ പരിപാടി സംഘടിപ്പിക്കും. 30ന് വൈകുന്നേരം 3ന് ചെറുവത്തൂര്‍ പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് മുന്‍ അരങ്ങ് സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ചവരുടെ സംഗമവും അരങ്ങ് 2024 സെമിനാറും സംഘടിപ്പിക്കും.
അരങ്ങിന്റെ ആവേശം ജില്ലയിലെ നാനാ കോണുകളിലേക്ക് എത്തിക്കുന്നതിനായി 12,458 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും ഭാഗമാകുന്ന ‘അരങ്ങൊരുക്കം’ വിളംബരം ജൂണ്‍ രണ്ടിനും സംഘടിപ്പിക്കും.