‘അരങ്ങൊരുക്കം’ പ്രഖ്യാപനവും ‘അരങ്ങൊരുക്കം’ ദീപം തെളിയിക്കലുമായി സംസ്ഥാനമൊട്ടാകെയുള്ള 3500ലേറെ കുടുംബശ്രീ കലാപ്രതിഭകളെ ‘അരങ്ങ്’ സംസ്ഥാന കലോത്സവത്തിലേക്ക് സ്വാഗതം ചെയ്ത് കാസര്‍ഗോഡ് ജില്ലയിലെ അയല്‍ക്കൂട്ടാംഗങ്ങള്‍. ജൂണ്‍ 7,8,9 തീയതികളില്‍ പിലിക്കോട് കാലിക്കടവില്‍ സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലാമാമാങ്കത്തിന് മുന്നോടിയായി ജൂണ്‍ രണ്ട് ഞായറാഴ്ചയായിരുന്നു അരങ്ങൊരുക്കം പ്രഖ്യാപനവും ദീപം തെളിയിക്കലും.
ഇത് കൂടാതെ വലിയ പറമ്പ ബീച്ചില്‍ സാംസ്‌ക്കാരിക സദസ്സും സംഘടിപ്പിച്ചു. വലിയ പറമ്പ പഞ്ചായത്ത് പ്രസിഡന്റ വി. സജീവന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ. ശകുന്തള, വലിയ പറമ്പ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മനോഹരന്‍, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, പടന്ന സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സി. റീന, തൃക്കരിപ്പൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. മാലതി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി. ലിജിന്‍ നന്ദി പറഞ്ഞു.