അരങ്ങ് 2024 കുടുബശ്രീ അയൽക്കൂട്ട – ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച കാസർഗോഡ് ജില്ലയിലെ മുൻകാല സംസ്ഥാന കലോത്സവ വിജയികളുടെ സംഗമം വേറിട്ട അനുഭവമേകി. ജൂൺ 7, 8, 9 തീയതികളിൽ കാസർഗോഡ് പിലിക്കോടാണ് കലോത്സവം.
ചെറുവത്തൂർ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് സെമിനാറും ഒപ്പം സംഗമവും സംഘടിപ്പിച്ചത്. സെമിനാറിൽ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ പി. സുബൈദ ‘കുടുംബശ്രീയുടെ 26 വർഷങ്ങൾ’ എന്ന വിഷയത്തിൽ സംസാരിച്ചു. അരങ്ങ് സംസ്ഥാനതല കലോത്സവത്തിലെ മുൻകാല വിജയികളായ ആയിഷ അയൂബ്, ഭാഗ്യശ്രീ, രാജലക്ഷ്മി, ഭഗീരഥി എന്നിവർ അരങ്ങ് അനുഭവങ്ങൾ പങ്കുവെച്ചു.
ചെറുവത്തൂർ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ അദ്ധ്യക്ഷയായ ചടങ്ങിൻ്റെ ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ കെ. ശകുന്തള നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ മുഖ്യാതിഥിയായി. സംസ്ഥാനതല ബാല പാർലമെൻ്റിൽ പങ്കെടുത്ത ജില്ലയിലെ ബാലസഭ അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു.
അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ ഡി. ഹരിദാസ്, പള്ളിക്കര സി.ഡി.എസ് ചെയർപേഴ്സൺ സുമതി എന്നിവർ സംസാരിച്ചു. സെമിനാർ കമ്മറ്റി കൺവീനർ ലിജിൻ കെ.വി സ്വാഗതവും കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ജ്യോതിഷ്.എ നന്ദിയും പറഞ്ഞു.