വയനാട്ടിലെ നൂല്‍പ്പുഴയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നൂല്‍പ്പുഴ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നങ്കര്‍ദ് ആട്ടെ (നമ്മുടെ ആട്ടം) ഊര് ഉത്സവങ്ങള്‍ ശ്രദ്ധേയമായി. ഉന്നതികളിലെ അയല്‍ക്കൂട്ടങ്ങള്‍, ബാലസഭകള്‍, ബ്രിഡ്ജ് കോഴ്സുകള്‍, യൂത്ത് ക്ലബ്ബുകള്‍ എന്നിവയുടെ ശാക്തീകരണം, ആദിവാസി മേഖലയില്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി അര്‍ഹരിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഈ ഊര് ഉത്സവങ്ങള്‍ അണിയിച്ചൊരുക്കിയത്.
സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കലാപരിപാടികളും ഊര് ഉത്സവങ്ങളുടെ ഭാഗമായി നടത്തി. ആറ് പുതിയ അയല്‍ക്കൂട്ടങ്ങള്‍ അഞ്ച് ബാലസഭകള്‍, 8 യൂത്ത് ക്ലബ്ബുകള്‍ എന്നിവ രൂപീകരിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമിടാനും ഈ ഊര് ഉത്സവങ്ങളോടെ കുടുംബശ്രീക്ക് കഴിഞ്ഞു.
നൂല്‍പ്പുഴയിലെ 11 ഉന്നതികളിലായി സംഘടിപ്പിച്ച ഊര് ഉത്സവങ്ങള്‍ക്ക് കഴിഞ്ഞ മാസമാണ് തുടക്കമായത്. പണയമ്പലം ഊരിലായിരുന്നു ഊര് ഉത്സവങ്ങളുടെ സമാപനം. നൂല്‍പ്പുഴ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജയ അധ്യക്ഷയായ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജ സതീഷ് നിര്‍വഹിച്ചു. ആദിവാസി പ്രത്യേക പദ്ധതി പ്രോജക്ട് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ആനിമേറ്റര്‍മാരായ ജ്യോതിഷ് സ്വാഗതവും ഇന്ദു നന്ദിയും പറഞ്ഞു.