ഇനി 12 നാളുകള്‍ കൊച്ചി ‘സരസ്’ കൊച്ചി

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് ഇന്ത്യ ഒട്ടാകെ എത്തിയിരിക്കുകയാണ്, ദേശീയ സരസ് മേളയിലൂടെ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങളും ഭക്ഷണ വിഭവങ്ങളും അണിനിരത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്താമത് ദേശീയ സരസ് മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം. ബഹുമാനപ്പെട്ട വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരുമന്ത്രിമാരും ഓണ്‍ലൈനായാണ് ചടങ്ങില്‍ പങ്കെടുത്തത്.

കേരളീയ സ്ത്രീ ജീവിതത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ശാക്തീകരിക്കുന്നതില്‍ കുടുംബശ്രീയുടെ പങ്ക് നിര്‍ണായകമെന്ന് മന്ത്രി ശ്രീ. എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ സംരംഭകരെയും ഉല്‍പ്പന്നങ്ങളെയും ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്ന, സംരംഭകര്‍ക്ക് വിപണന സാധ്യത ഒരുക്കുന്ന മേളയായാണ് സരസ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാല്‍ നൂറ്റാണ്ട് പിന്നിടുന്ന കുടുംബശ്രീക്ക് സ്ത്രീ ശാക്തീകരണത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ അങ്ങോളമിങ്ങോളമുള്ള വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്നു എന്നതാണ് സരസ് മേളയുടെ പ്രത്യേകതയെന്നും മന്ത്രി ശ്രീ. പി. രാജീവ് പറഞ്ഞു. കൊച്ചി സരസ് മേള കൂടുതല്‍ ആഘോഷമാവട്ടെ എന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ സരസ് മേളയുടെ ഉത്പന്ന സ്റ്റാള്‍ ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഫുഡ് കോര്‍ട്ട് ഉദ്ഘാടനം ടി.ജെ വിനോദ് എംഎല്‍എയും തീം സ്റ്റാള്‍ ഉദ്ഘാടനം കെ. ബാബു എംഎല്‍എയും നിര്‍വഹിച്ചു. സരസ് ടാഗ് ലൈന്‍ സമ്മാനദാനം പി.വി. ശ്രീനിജിന്‍ എംഎല്‍എ നിര്‍വഹിച്ചു. സരസ് ലോഗോ സമ്മാനദാനം കെ.ജെ മാക്‌സി എംഎല്‍എയും കലാസന്ധ്യ ഉദ്ഘാടനം ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയും നിര്‍വഹിച്ചു.

സരസ് തീം ഗാനരചന സമ്മാനദാനം രചയിതാവായ കെ. വി. അനില്‍ കുമാറിന് നല്‍കിക്കൊണ്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോകനാഥ് ബഹ്‌റ നിര്‍വഹിച്ചു. ഫോട്ടോഗ്രാഫി സമ്മാനദാനം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിച്ചു. ചലച്ചിത്രതാരം നിഖില വിമല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ. മീര, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ, കേരള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബേസില്‍ പോള്‍, കൊച്ചി കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റെനീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ലാല്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്ത്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ മേരി മിനി, ലതാ ബാബു, നബീസ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ റ്റി.എം. റെജീന നന്ദി പ്രകാശിപ്പിച്ചു.