ഇവര്‍ക്കും കുടുംബശ്രീയുണ്ട്, കേള്‍വി – സംസാര പരിമിതര്‍ക്ക് വരുമാന മാര്‍ഗ്ഗമൊരുക്കാന്‍ മലപ്പുറം ജില്ലാ മിഷന്‍

ഭിന്നശേഷിക്കാരില്‍ കേള്‍വി – സംസാര പരിമിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും അവരെ സംരംഭകരാക്കി മാറ്റാനുമായി പ്രത്യേക പദ്ധതിയുമായി കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി സ്വയം തൊഴില്‍ അല്ലെങ്കില്‍ ഉപജീവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന് കുടുംബശ്രീയുടെ സഹായം ആവശ്യമുള്ളവരുടെ ആദ്യഘട്ട യോഗം മലപ്പുറം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ ആറിന് സംഘടിപ്പിച്ചു.

ജില്ലാ ഭരണകൂടവും കേള്‍വി – സംസാര പരിമിതരുടെ വിവിധ സംഘടനകളുമായും കൈകോര്‍ത്താണ് കുടുംബശ്രീ ജില്ലാ മിഷന്‍ ഈ പദ്ധതി നടപ്പിലാക്കുക. കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ സംരംഭങ്ങള്‍, തൊഴില്‍ പരിശീലനം, ധനസഹായം എന്നിവ ലഭ്യമാക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

യോഗത്തില്‍ എഴുപതോളം പേര്‍ പങ്കെടുത്തു. ഇവരുടെ വിവരശേഖരണത്തിനും തുടക്കമിട്ടു. രണ്ടാം ഘട്ടത്തില്‍ കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ള കൂടുതല്‍ പേരുകളുടെ വിവരശേഖരണം നടത്തും.

മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് കുമാര്‍ ഐ.എ.എസ്. യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എസ്. ഹസ്‌കര്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബാ മുംതാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ്‌ കോര്‍ഡിനേറ്റര്‍ മുഹമ്മദ് കട്ടുപ്പാറ, ഉദ്യോഗസ്ഥരായ അഭിജിത് മാരാര്‍, സമീര്‍, വിവിധ സംഘടനാ ഭാരവാഹികളായ കെ.സി. അബ്ദുല്‍ ലത്തീഫ്, മുജീബ് റഹ്‌മാന്‍, ഇന്റര്‍പ്രട്ടര്‍ ഫസീല തുടങ്ങിയവര്‍പങ്കെടുത്തു.