അതിദരിദ്ര കുടുംബങ്ങള്‍ക്കായി കുടുംബശ്രീ നടപ്പിലാക്കിവരുന്ന ‘ഉജ്ജീവനം’- ഉപജീവന ക്യാമ്പെയിനോട് അനുബന്ധിച്ച് 100 അതിദാരിദ്ര്യ പദ്ധതി ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ ധനസഹായ വിതരണം നടത്തുന്നു. ജില്ലയുടെ തനത് പദ്ധതിയായ ‘കൈത്താങ്ങി’ല്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഫണ്ട് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ വി.ആര്‍. വിനോദ് ഐ.എ.എസ് നിര്‍വഹിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ഗുണഭോക്താവിന് തയ്യല്‍ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ധനസഹായമാണ് നല്‍കിയത്.
അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അടിയന്തര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി സി.ഡി.എസുകള്‍ ഫണ്ട് സമാഹരച്ച് സഹായനിധിയാക്കുകയും ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന പദ്ധതിയാണ് കൈത്താങ്ങ്. ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 100 ഗുണഭോക്താക്കള്‍ക്ക് ഉജ്ജീവനം ക്യാമ്പയിന്റെ ഭാഗമായി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്.
പ്രശാന്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഹസ്‌കര്‍ സ്വാഗതം ആശംസിച്ചു.