ഉല്ലാസ് മേളയില്‍ പങ്കെടുത്ത നഞ്ചിക്കും പ്രദീപയ്ക്കും അഭിനന്ദനങ്ങള്‍

ന്യൂഡല്‍ഹിയില്‍ ദേശീയ സാക്ഷരതാ മിഷന്‍ ഫെബ്രുവരി 6,7 തീയതികളില്‍ സംഘടിപ്പിച്ച ഉല്ലാസ് മേളയില്‍ പങ്കെടുത്ത അട്ടപ്പാടിയിലെ കാവുണ്ടിക്കല്‍ ഊരില്‍ നിന്നുള്ള നഞ്ചി തമണ്ടനും ഇതേ ഊരിലെ അനിമേറ്ററും സാക്ഷരതാ വോളണ്ടിയര്‍ അധ്യാപികയുമായ പ്രദീപയ്ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയിലെ (എന്‍.ഐ.എല്‍.പി) പഠിതാക്കളുടെ സംഗമവും മേളയുമായ ഉല്ലാസ് മേളയില്‍ പങ്കെടുത്ത 41കാരിയായ നഞ്ചി സാക്ഷരതാ പഠിതാവാണ്. അഗളി പഞ്ചായത്ത് സമിതി ട്രഷററും കൂടിയാണ് നഞ്ചി.

അട്ടപ്പാടിയില്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അട്ടപ്പാടി പ്രത്യേക പദ്ധതി വഴിയാണ് ഉല്ലാസ് സാക്ഷരതാ പഠന ക്ലാസ്സുകള്‍ സംഘടിപ്പിച്ചത്. അട്ടപ്പാടിയില്‍ 1495 പേര് പരീക്ഷയെഴുതിയതില്‍ 1495 പേരും വിജയിച്ചു. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ 9490 പേര്‍ എന്‍.ഐ.എല്‍.പി ഉല്ലാസ് സാക്ഷരതാ പരീക്ഷ വിജയിച്ചിരുന്നു.