ഐ.ഐ.ടി.എഫ്: ഡല്‍ഹിയിലും വൈറലായി ‘ബ്രാന്‍ഡഡ് ‘ കുടുംബശ്രീ

ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നവംബര്‍ 14ന് തുടക്കമായ ഇന്ത്യ ഇന്റര്‍ നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) പതിവുപോലെ നിറസാന്നിദ്ധ്യമായി കുടുംബശ്രീ. അതില്‍ ശ്രദ്ധ നേടുന്നത് കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ഉത്പന്നങ്ങളും!

ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തിലുള്ള മേളയിലെ കേരള പവലിയനില്‍ ഉത്പന്ന വിപണനത്തിനുള്ള കൊമേഴ്‌സ്യല്‍ സ്റ്റാളില്‍ കൊല്ലം, എറണാകുളം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുമുള്ള അയല്‍ക്കൂട്ടാംഗങ്ങളുടെ വിവിധ ഉത്പന്നങ്ങള്‍ അടങ്ങിയ രണ്ട് കുടുംബശ്രീ സ്റ്റാളുകളുണ്ട്. കൂടാതെ ഇതോടൊപ്പം നടക്കുന്ന ആജീവിക സരസ് മേളയില്‍ 5 കുടുംബശ്രീ സംരംഭക യൂണിറ്റുകളും (ആതിര ഹെര്‍ബല്‍സ്, കാര്‍ത്തിക ചിപ്‌സ് തിരുവനന്തപുരം, ഗ്രേസ് ഫുഡ് പ്രൊഡക്ടസ് കൊല്ലം, മധുവനി മില്ലറ്റ്‌സ് യൂണിറ്റ് അട്ടപ്പാടി, ശ്രീ ഹാന്‍ഡ്ലൂംസ് പാലക്കാട്).

കുടുംബശ്രീ ‘ ഫ്രഷ് ബൈറ്റ്‌സ് ‘ ബ്രാന്‍ഡിലുള്ള ചിപ്‌സ്, ശര്‍ക്കര വരട്ടി എന്നിവയും ബ്രാന്‍ഡഡ് കറിപ്പൊടികളുമാണ് കുടുംബശ്രീ സ്റ്റാളുകളില്‍ ഇത്തവണ താരമായിരിക്കുന്നത്. കൂടാതെ കരകൗശല വസ്തുക്കളും അച്ചാറുകളും തുണിത്തരങ്ങളും എല്ലാം ലഭ്യമാക്കിയിരിക്കുന്നു.
ഐ.ഐ.ടി.എഫ്  ഫുഡ് കോര്‍ട്ടില്‍ രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ (സൗപര്‍ണിക കോഴിക്കോട്‌, ലക്ഷ്യ എറണാകുളം) ഒരുക്കുന്ന രുചികരമായ ഭക്ഷണ വിഭവങ്ങളുമുണ്ട്.  മേള 27ന് സമാപിക്കും.