ഒക്ടോബര്‍ രണ്ടിന് 19,470 വാര്‍ഡുകളില്‍ കുടുംബശ്രീ ‘ബാലസദസ്-ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’

ഒക്ടോബര്‍ രണ്ടിന്  സംസ്ഥാനത്തെ 19,470 വാര്‍ഡുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ‘ബാലസദസ്’ സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ കീഴിലുള്ള 31,612 ബാലസഭകളില്‍ അംഗങ്ങളായ നാല് ലക്ഷത്തിലേറെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കും. ഇതിന്‍റെ ഭാഗമായി ഓരോ വാര്‍ഡിലുമുള്ള ബാലസഭകളിലെ കുട്ടികള്‍ ഒത്തു ചേര്‍ന്ന് തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കടമകളും അവകാശങ്ങളും ചര്‍ച്ച ചെയ്യും.
ബാലസഭകളിലെ അഞ്ചു മുതല്‍ പതിനെട്ടു വയസുവരെയുള്ള കുട്ടികളാണ് ബാലസദസില്‍ പങ്കെടുക്കുന്നത്. ഇതിന്‍റെ ഭാഗമായി ഓരോ വാര്‍ഡിലുമുള്ള പ്രകൃതി സൗഹൃദ ഇടങ്ങളില്‍ 2 മണി മുതല്‍ 5 വരെ  കുട്ടികള്‍ ഒത്തു ചേരും. ബാലസദസില്‍ കുട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും സാമൂഹ്യപ്രശ്നങ്ങളും കുട്ടികളുടെ ആവശ്യങ്ങളും ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളായി തിരിച്ചു കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആദ്യ പടി. പിന്നീട് ഒക്ടോബര്‍ 10നു മുമ്പായി ഈ റിപ്പോര്‍ട്ടുകള്‍ അതത് സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കും. ഇപ്രകാരം സി.ഡി.എസ് തലത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ബാലപഞ്ചായത്ത്, ബാലനഗരസഭയിലും അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിക്കും സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലൂടെ കുട്ടികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കണ്ടെത്തും. അല്ലാത്തവ സംസ്ഥാന കുടുംബശ്രീ ബാലപാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.  

കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയും ഒപ്പം  സാമൂഹ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് ബാലസദസുകള്‍ വഴി ലക്ഷ്യമിടുന്നത്. കൂടാതെ ബാലസഭകളുടെ ശാക്തീകരണം, കുട്ടികളില്‍ സംഘടനാശേഷി, നേതൃഗുണം, യുക്തിചിന്ത എന്നിവ വളര്‍ത്തുക എന്നിവയും ലക്ഷ്യങ്ങളാണ്. ബാലസദസ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാമിഷനുകള്‍, സ്റ്റേറ്റ് -സി.ഡി.എസ് റിസോഴ്സ് പേഴ്സണ്‍മാര്‍, എ.ഡി.എസ് മെന്‍റര്‍മാര്‍ എന്നിവര്‍ക്ക് ചുമതല നല്‍കി.  

ബാലസദസിനു മുന്നോടിയായി ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഓരോ വാര്‍ഡിലും കോലായക്കൂട്ടങ്ങളും സംഘടിപ്പിക്കും. കൂടാതെ പ്രചരണത്തിന്‍റെ ഭാഗമായി റീല്‍സ്, പോസ്റ്റര്‍ രചന, സ്റ്റാറ്റസ് പോസ്റ്റ് മത്സരം, ഫ്ളാഷ് മോബ് എന്നിവ ഉള്‍പ്പെടെ വിവിധ പ്രചരണ പരിപാടികളും സംഘടിപ്പിക്കും.  കുട്ടികളുടെ അവകാശ സംരക്ഷണം നടപ്പാക്കുക, അവരില്‍ ജനാധിപത്യബോധം വളര്‍ത്തുക എന്നിവ  ലക്ഷ്യമിട്ടുകൊണ്ട് രൂപീകരിച്ച കുട്ടികളുടെ അയല്‍ക്കൂട്ടങ്ങളാണ് ബാലസഭകള്‍. ഈ വര്‍ഷം ഡിസംബറില്‍ നടത്തുന്ന ബാലപാര്‍ലമെന്‍റിനു മുന്നോടിയായാണ് ബാലസദസ് സംഘടിപ്പിക്കുന്നത്.