ഒപ്പമുണ്ട് കുടുംബശ്രീ

അതേ വയനാടിനെ നെഞ്ചോട് ചേര്‍ക്കുകയാണ് ഞങ്ങൾ

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളുമായി സജീവമായി മുന്നോട്ട് പോകുകയാണ് കുടുംബശ്രീ. ദുരിതബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന എല്ലാ ക്യാമ്പുകളിലും കുടുംബശ്രീ അംഗങ്ങളുടെ സജീവ സാന്നിധ്യമുണ്ട്. മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണ് ഹരിതകര്‍മ്മസേനാംഗങ്ങള്‍. 

ദുരിതമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് ക്യാമ്പുകളിലെല്ലാം കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ സേവനങ്ങള്‍ നല്‍കിവരുന്നു. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്‍പ്പെടെ ഭക്ഷണം നല്‍കുന്നതിനായി പ്രവര്‍ത്തിപ്പിക്കുന്ന ഭക്ഷണശാലകളിലും കുടുംബശ്രീ അംഗങ്ങള്‍ സേവനങ്ങള്‍ നല്‍കി വരുന്നു. ഇത് കൂടാതെ ദുരിതബാധിതര്‍ക്കായി വിവിധ ഇടങ്ങളില്‍ നിന്നെത്തിയ ആവശ്യവസ്തുക്കളുടെ കളക്ഷന്‍ സെന്ററുകളില്‍ തരംതിരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അയല്‍ക്കൂട്ട അംഗങ്ങള്‍ സജീവമാണ്. കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ അയല്‍ക്കൂട്ടാംഗങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരുന്നു.