ഓണപ്പൂ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഇക്കുറിയും കുടുംബശ്രീ കര്‍ഷകര്‍

ഇത്തവണയും പൊന്നോണത്തിന് പൂക്കളമിടാന്‍ കുടുംബശ്രീയുടെ പൂക്കളെത്തും. ഓണവിപണി മുന്നില്‍ കണ്ട് സംസ്ഥാനമൊട്ടാകെ  ആരംഭിച്ച പൂക്കൃഷി വിളവെടുപ്പിന് പാകമായി. ജമന്തി, മുല്ല, താമര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 780 ഏക്കറിലായി 1819 കര്‍ഷക സംഘങ്ങള്‍ പൂക്കൃഷിയില്‍ പങ്കാളികളായിരുന്നു. ഇത്തവണ ആയിരം ഏക്കറില്‍ പൂക്കൃഷി ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിലവില്‍ 3000 വനിതാ കര്‍ഷക സംഘങ്ങള്‍ മുഖേന 1253 ഏക്കറില്‍ പൂക്കൃഷി ചെയ്യുന്നുണ്ട്.
ഓണവിപണിയില്‍ പൂക്കള്‍ക്കുള്ള വര്‍ധിച്ച ആവശ്യകത തിരിച്ചറിഞ്ഞാണ് കുടുംബശ്രീ വനിതാ കര്‍ഷകര്‍ ഈ മേഖലയിലും ചുവടുറപ്പിക്കുന്നത്. ഓണാഘോഷത്തെ മനോഹരമാക്കാന്‍ മിതമായ നിരക്കില്‍ പൂവ് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം ചുരുങ്ങിയ കാലയളവില്‍ മികച്ച വരുമാനം നേടാന്‍ കഴിയുമെന്നതും കര്‍ഷകരെ പൂക്കൃഷിയിലേക്ക് ആകര്‍ഷിക്കുന്നു. വിളവെടുപ്പിന് തയ്യാറായ കൃഷിയിടങ്ങളില്‍ നിന്നു തന്നെ പൂക്കള്‍ക്ക് വലിയ തോതില്‍ ആവശ്യകത ഉയരുന്നുണ്ട്. ഇതോടൊപ്പം സെപ്റ്റംബര്‍ പത്തിന് സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 2000-ലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും കുടുംബശ്രീയുടെ പൂക്കളെത്തും.    

കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ വഴി നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവ സംസ്ഥാനമൊട്ടാകെ കൃഷി ചെയ്യുന്നുണ്ട്. ഇതു കൂടാതെയാണ് ഇപ്പോള്‍ പൂക്കൃഷിയിലും സജീവമാകുന്നത്. അതത് സി.ഡി.എസുകളുമായി ചേര്‍ന്നു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍.