കണ്ണൂര്‍ ജില്ലാ ട്രൈബല്‍ കായിക മേള അത്‌ലോസില്‍ ആറളം ഓവറോള്‍ ചാമ്പ്യന്‍

2022ല്‍ കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ തുടക്കമിട്ട ജില്ലാ ട്രൈബല്‍ കായിക മേളയുടെ രണ്ടാം പതിപ്പും ഗംഭീര വിജയം. മങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയന്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി മൂന്ന് ശനിയാഴ്ച സംഘടിപ്പിച്ച മേളയില്‍ ജില്ലയിലെ 26 സി.ഡി.എസുകളെ പ്രതിനിധീകരിച്ച് 450 ലേറെ കായികതാരങ്ങളാണ് മാറ്റുരച്ചത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആറളം സി.ഡി.എസ് ഓവറോള്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. കോളയാട് സി.ഡി.എസ് 121 പോയിന്റോടെ രണ്ടാം സ്ഥാനവും 54 പോയിന്റോടെ ഉള്ളിക്കല്‍ സി.ഡി.എസ് മൂന്നാം സ്ഥാനവും നേടി.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. 11 മുതല്‍ 13 വയസ്സ് വരെ പ്രായമുള്ളവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും 14 മുതല്‍ 18 വരെ പ്രായമുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 19 മുതല്‍ 23 വരെ പ്രായമുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും മത്സരിച്ചു. 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 800 മീറ്റര്‍, 4-100 മീറ്റര്‍ റിലേ, 800 മീറ്റര്‍ നടത്തം, ലോങ്ജംപ്, ഹൈജംപ്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലായിരുന്നു മത്സരം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നവീനും (ആറളം) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശ്രീജിതയും (പാട്യം) മീറ്റിലെ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും 15 വീതം വ്യക്തിഗത പോയിന്റുകള്‍ നേടി.

നേരത്തേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കായികമേള ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ അധ്യക്ഷനായ ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ അനൂപ് ഗാര്‍ഗ് ഐ.എ.എസ്, ദേശീയ യൂണിവേഴ്‌സിറ്റി മീറ്റിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് എം. അശ്വതി എന്നിവര്‍ മുഖ്യാഥിതികളായി.. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു.പി. ശോഭ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആന്തൂര്‍ നഗരസഭാ ഉപാധ്യക്ഷ വി. സതീദേവി സമാപന ചടങ്ങില്‍ അധ്യക്ഷയായി. കെ.എ.പി അസിസ്റ്റന്റ് കമാന്‍ഡന്റ് ഇ.വി. പ്രവി ചടങ്ങില്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ഒ. ദീപ്തി നന്ദിയും പറഞ്ഞു.