കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികവര്ഗ്ഗ പ്രത്യേക സുസ്ഥിര വികസന പദ്ധതി നടപ്പിലാക്കുന്ന ഇടങ്ങളില്‍ ഇക്കഴിഞ്ഞ അവധിക്കാലത്ത് തുടക്കമിട്ട കനസ് ജാഗ (സ്വപ്ന സ്ഥലം) പ്രത്യേക പദ്ധതിയുടെ ഭാഗമായി ഒമ്പത് പുസ്തകങ്ങള്‍ തയാറാക്കിയിരിക്കുക യാണ് തദ്ദേശീയരായ കൊച്ചുമിടുക്കര്‍. തദ്ദേശീയരായ കുട്ടികളെ വ്യത്യസ്ത മേഖലകളില്‍ മികവുറ്റവരാക്കുന്നതിനും അവര്‍ ജീവിക്കുന്ന ഇടം, അവിടുത്തെ കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ സ്വയം തിരിച്ചറിയുന്നതിനും പ്രശ്നങ്ങളെ അതിജീവിക്കുന്നതിന് സ്വയം പ്രാപ്തരാക്കുന്നതിനുമുള്ള പദ്ധതിയാണ് കനസ് ജാഗ.
കുട്ടികള്‍ തയ്യാറാക്കിയ കഥകള്‍, തിരക്കഥകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആറളം (കണ്ണൂര്‍), വണ്ടാഴി, പറമ്പിക്കുളം (പാലക്കാട്), തിരുനെല്ലി, നൂല്‍പ്പുഴ (വയനാട്), നിലമ്പൂര്‍ (മലപ്പുറം), ഇടമലക്കുടി, മറയൂര്‍ – കാന്തല്ലൂര്‍ (ഇടുക്കി), മലപണ്ടാരം (പത്തനംതിട്ട), കൊറഗ (കാസര്‍ഗോഡ്), കാടര്‍ (തൃശ്ശൂര്‍), അട്ടപ്പാടി പദ്ധതികളുടെ ഭാഗമായി 3000ത്തോളം കുട്ടികള്‍ കനസ് ജാഗ പുസ്തകങ്ങള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.
സ്വന്തം പ്രദേശത്തെ തിരിച്ചറിയുക, സവിശേഷതകള്‍ മനസ്സിലാക്കുക, പ്രശ്നങ്ങള്‍ തിരിച്ചറിയുക, പരിഹാര മാര്ഗങ്ങള്‍ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ഗാത്മകശേഷി വളര്‍ത്തുക എന്നതിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ തയാറാക്കിയ രചനകളുടെ സമാഹാരമാണ് ഈ പുസ്തകങ്ങള്‍. തിരക്കഥകളെ അടിസ്ഥാനമാക്കി ഷോര്ട്ട് ഫിലിം തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ കുട്ടികള്‍. കുട്ടികളുടെ ഈ ലഘു ചലച്ചിത്രങ്ങള്‍ നവംബറില്‍ നടക്കുന്ന കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ അവതരിപ്പിക്കും.