കനസ് ജാഗ – സ്വപ്‌ന സ്ഥലങ്ങള്‍ ഒരുക്കുകയാണ് ഇവര്‍…

കനസ് ജാഗ അഥവാ സ്വപ്‌ന സ്ഥലം. തദ്ദേശീയരായ കുട്ടികളെ വ്യത്യസ്ത മേഖലകളില്‍ മികവുറ്റവരാക്കുന്നതിനും അവര്‍ ജീവിക്കുന്ന ഇടം, അവിടുത്തെ കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനങ്ങള്‍, സാമൂഹിക പ്രശ്‌നങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ സ്വയം തിരിച്ചറിയുന്നതിനും പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിന് സ്വയം പ്രാപ്തരാക്കുന്നതിനുമുള്ള കുടുംബശ്രീയുടെ പ്രത്യേക പദ്ധതിയാണ് കനസ് ജാഗ.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതിയോ പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയോ നടപ്പിലാക്കുന്ന ഒമ്പത് ഇടങ്ങളില്‍ ഈ അവധിക്കാലത്ത് കനസ് ജാഗയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു.

കാസര്‍ഗോഡ് കൊറഗ പ്രത്യേക പദ്ധതി, കണ്ണൂര്‍ ആറളം പ്രത്യേക പദ്ധതി, വയനാട്ടിലെ തിരുനെല്ലി, നൂല്‍പ്പുഴ പ്രത്യേക പദ്ധതികള്‍, മലപ്പുറം നിലമ്പൂര്‍ പ്രത്യേക പദ്ധതി, അട്ടപ്പാടി പ്രത്യേക പദ്ധതി, പറമ്പിക്കുളം പ്രത്യേക പദ്ധതി, പാലക്കാട് വണ്ടാഴി പ്രത്യേക പദ്ധതി, തൃശ്ശൂര്‍ കാടര്‍ പ്രത്യേക പദ്ധതി, ഇടമലക്കുടി പ്രത്യേക പദ്ധതി, ഇടുക്കിയിലെ മറയൂര്‍ കാന്തല്ലൂര്‍ പ്രത്യേക പദ്ധതി, പത്തനംതിട്ട മലപണ്ടാരം പ്രത്യേക പദ്ധതി പ്രദേശങ്ങളിലാണ് കനസ് ജാഗ നടപ്പിലാക്കുന്നത്.

ഈ പ്രദേശങ്ങളിലുള്ള തദ്ദേശീയരായ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കി അവര്‍ തങ്ങളുടെ ആവാസ വ്യവസ്ഥയെ വിശദമാക്കുന്നതും പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നതും പരിഹാരങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതുമായ ഷോര്‍ട്ട് ഫിലിമുകള്‍, നാടകം, കഥകള്‍ എന്നിവ തയാറാക്കുന്നു. പരമാവധി 15 മിനിറ്റ് വരുന്ന ഷോര്‍ട്ട് ഫിലിമുകള്‍ സെപ്റ്റംബറില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

നിലവില്‍ 500ലേറെ കുട്ടികള്‍ കനസ് ജാഗ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. തദ്ദേശീയ കുട്ടികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന കനസ് ജാഗ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ഉള്‍പ്പെടുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍. കനസ് ജാഗയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കുട്ടികള്‍ക്ക് എല്ലാവിധ ആശംസകളും.