കാസര്‍ഗോഡുണ്ടൊരു ‘കുട്ടി ചന്ത’

വിദ്യാഭ്യാസ കാലയളവില്‍ തന്നെ തൊഴിലിന്റെ മാഹാത്മ്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ചെറു സംരംഭ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുന്നതും ലക്ഷ്യമിട്ട് കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍ തുടക്കമിട്ട പദ്ധതിയാണ് ബാലസഭ ‘കുട്ടി ചന്ത’. സ്‌കൂളുകള്‍ക്ക് അവധിയുള്ള ദിനങ്ങളില്‍ ജില്ലയിലെ 42 സി.ഡി.എസുകളിലും ബാലസഭാംഗങ്ങളായ കുട്ടികള്‍ മാസത്തിലൊരിക്കല്‍ ‘കുട്ടി ചന്തകള്‍’ നടത്തി വരുന്നു.

കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍, അവരുടെ രക്ഷിതാക്കള്‍  എന്നിവര്‍  ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍, കുടുംബശ്രീ കാര്‍ഷിക, ചെറുകിട സംരംഭങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നിവയെല്ലാമാണ് ‘കുട്ടി ചന്ത’കള്‍ വഴി വിറ്റഴിക്കുന്നത്. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക ജീവനോപാധി അറിവുകള്‍ നല്‍കുക, സാമൂഹികമായ ഇടപെടലിന് അവസരമൊരുക്കുക എന്നിവയും ‘കുട്ടി ചന്ത’കളുടെ ലക്ഷ്യമാണ്.

കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍, അഗ്രികള്‍ച്ചര്‍, സോഷ്യല്‍ ഡെവലപ്പ്‌മെന്റ് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ അതത് സി.ഡി.എസിന്റെ നേതൃത്വത്തിലാണ് കുട്ടി ചന്തകളിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. ചന്തകളില്‍ നിന്ന് ലഭിക്കുന്ന തുക സി.ഡി.എസ് അക്കൗണ്ടില്‍ നിക്ഷേപിച്ച് കുട്ടികളുടെ പഠന, പാഠ്യേതര വിഷയങ്ങള്‍ക്ക് ഉപയോഗിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 13ന് ചെമ്മനാട് സി.ഡി.എസില്‍ നടത്തി.