കുടുംബശ്രീക്ക് സംസ്ഥാന വനിതാരത്‌ന പുരസ്‌ക്കാരം

സംസ്ഥാന സര്‍ക്കാരിന്റെ 2023ലെ വനിതാരത്‌ന പ്രത്യേക പുരസ്‌ക്കാരം കുടുംബശ്രീക്ക്. സ്ത്രീ ശാക്തീകരണ രംഗത്തെ മികച്ച സേവനം പരിഗണിച്ചാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ഈ അംഗീകാരം. കഴിഞ്ഞ 25 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് കുടുംബശ്രീ നിസ്തുലമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

വനിതാ ശിശുവികസന വകുപ്പ്, മാര്‍ച്ച് 7ന്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണ ചടങ്ങില്‍ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജ്ജില്‍ നിന്ന് കുടുംബശ്രീ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സിന്ധു ശശി (സി.ഡി.എസ് 1), വിനീത. പി (സി.ഡി.എസ് 2), ഷൈന. എ (സി.ഡി.എസ് 3), കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, ചീഫ് ഫിനാന്‍സ് ഓഫീസര്‍ ഗീത. എം, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് എന്നിവര്‍ ചേര്‍ന്ന് ബഹുമതി ഏറ്റുവാങ്ങി.