കുടുംബശ്രീയുടെയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്‍റെയും നേതൃത്വത്തില്‍ അട്ടപ്പാടിയിലെ തദ്ദേശീയ മേഖലയിലെ വനിതാകര്‍ഷക സംഘങ്ങള്‍ മുഖേന കൃഷി ചെയ്ത സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്‍റെ വിളവെടുപ്പ് ഉത്സവമായി. ഊരു സമിതിയുടെ നേതൃത്വത്തില്‍ പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു വിളവെടുപ്പ്. അഗളി പഞ്ചായത്തിലെ കുന്നന്‍ചാള ഊരിലെ കര്‍ഷക വെള്ളി വെള്ളിങ്കിരിയുടെ കൃഷിയിടത്തില്‍ നടത്തിയ വിളവെടുപ്പിന്‍റെ ഉദ്ഘാടനം തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജി. ബൈജു നിര്‍വഹിച്ചു. നിലവിലെ കര്‍ഷകരില്‍ നിന്നും നടീല്‍ വസ്തുക്കള്‍ ശേഖരിച്ച് കൂടുതല്‍ കര്‍ഷകരെ മധുരക്കിഴങ്ങ് കൃഷിയുടെ ഭാഗമാക്കുന്നതിലൂടെ തദ്ദേശീയര്‍ക്ക് ഭക്ഷ്യസുരക്ഷയും പോഷക സുരക്ഷയും സാമ്പത്തിക സുരക്ഷയും ലഭ്യമാക്കുന്നതിനുളള എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പുനര്‍ജീവനം പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലായി ആകെ ഇരുപത് ഏക്കര്‍ സ്ഥലത്താണ് മധുരക്കിഴങ്ങ് കൃഷി ചെയ്തത്. ആദ്യഘട്ടത്തില്‍ വിളവെടുക്കുന്ന കിഴങ്ങ് തദ്ദേശീയ മേഖലയിലെ സ്ത്രീകളിലും കുട്ടികളിലും നിലനില്‍ക്കുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ഉപയോഗിക്കും. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി നൂറ് ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി വിപണിയിലെത്തിക്കും. ആദ്യഘട്ടത്തില്‍ വിപണനത്തിന് മുഖ്യമായും പ്രാദേശിക വിപണികളെയാകും പ്രയോജനപ്പെടുത്തുക.
കാര്‍ഷിക മേഖലയിലെ ഉപജീവന സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനവും പോഷകാഹാര ലഭ്യതയും ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ നവംബറിലാണ് അട്ടപ്പാടിയിലെ തദ്ദേശീയ വനിതകളുടെ നേതൃത്വത്തില്‍ ഓറഞ്ച്, പര്‍പ്പിള്‍ നിറത്തിലുള്ള സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്‍റെ കൃഷി ആരംഭിച്ചത്. മികച്ച വിളവ് ലഭിക്കാന്‍ അത്യുല്‍പാദന ശേഷിയുള്ള മധുരക്കിഴങ്ങ് ഇനങ്ങളുടെ രണ്ടു ടണ്ണോളം കിഴങ്ങ്, രണ്ടര ലക്ഷത്തോളം നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയും കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് മികച്ച പരിശീലനവും നല്‍കി.
വിളവെടുപ്പിന് ശേഷം സംഘടിപ്പിച്ച യോഗത്തില്‍ അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്‍റ് പ്രോജക്ട് ഓഫീസര്‍ മനോജ് ബി.എസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് പദ്ധതി വിശദീകരിച്ചു. ഊരുമൂപ്പന്‍, മണ്ണൂക്കാരന്‍, ഭണ്ഡാരി, കുറുതല, കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് ഭാരവാഹികളായ സരസ്വതി മുത്തുകുമാര്‍, സലീന ഷണ്‍മുഖം, ശാന്തി, അനിതാ ബാബു, ഷോളയൂര്‍ കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സ്മിത ബിനു എന്നിവര്‍ ആശംസിച്ചു. ഫാം ലൈവ്ലിഹുഡ് കോര്‍ഡിനേറ്റര്‍ അഖില്‍ സോമന്‍ നന്ദി പറഞ്ഞു. കര്‍ഷകര്‍, അനിമേറ്റര്‍മാര്‍, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ‘മധുരക്കിഴങ്ങിന്‍റെ പോഷകമൂല്യവും സംരംഭക സാധ്യതകളും’ എന്ന വിഷയത്തില്‍ ഡോ.രശ്മി സി.പി, ഡോ. ശരണ്യ എ.ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശില്‍പശാല നടത്തി.