കുടുംബശ്രീയുടെ  ‘തിരികെ സ്കൂളി’ലെത്തിയത് ഇരുപത് ലക്ഷത്തിലേറെ വനിതകള്‍

കുടുംബശ്രീ അംഗങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘തിരികെ സ്കൂളില്‍’ ക്യാമ്പെയ്ന് സംസ്ഥാനമൊട്ടാകെ വന്‍വരവേല്‍പ്. ഇതുവരെ ക്യാമ്പെയ്നില്‍ പങ്കെടുത്തത് ഇരുപത് ലക്ഷത്തിലേറെ (2011465) അയല്‍ക്കൂട്ട വനിതകള്‍. ത്രിതല സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് ഒക്ടോബര്‍ ഒന്നിന് കുടുംബശ്രീ ആരംഭിച്ച ക്യാമ്പെയ്ന്‍റെ ഭാഗമായാണ് 192862 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി രണ്ട് ദശലക്ഷത്തിലേറെ അംഗങ്ങള്‍ വീണ്ടും സ്കൂളിന്‍റെ പടി കടന്നെത്തിയത്. നവംബര്‍ അഞ്ചു വരെയുള്ള കണക്കുകള്‍ പ്രകാരം മലപ്പുറം(230133) ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത്. പാലക്കാട്(228562), തൃശൂര്‍(194525) ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. 27 സി.ഡി.എസുകള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ 83.94 ശതമാനം പങ്കാളിത്തമുണ്ട്. ആകെയുള്ള 124647 അയല്‍ക്കൂട്ട അംഗങ്ങളില്‍ 72224 പേരും ക്യാമ്പെയ്നില്‍ പങ്കെടുത്തു.

ജില്ല, സി.ഡി.എസിന്‍റെ എണ്ണം, ആകെയുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം, ഇതുവരെ പരിശീലനത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം എന്ന ക്രമത്തില്‍. വയനാട്(27, 124647, 72224), പാലക്കാട്(97, 394697, 228562), കാസര്‍കോഡ്( 42, 180789, 98404), എറണാകുളം (102, 373645, 193387), പത്തനംതിട്ട(58, 150949, 74485), തൃശൂര്‍(100, 395509, 194525), കോട്ടയം(78, 233141, 114169), തിരുവനന്തപുരം(83, 460169, 217281), മലപ്പുറം(111, 509698, 230133), ആലപ്പുഴ(80, 320681, 134791 ), കണ്ണൂര്‍(81, 302794, 121079), കൊല്ലം (74, 348807, 136745), കോഴിക്കോട് (82, 427743, 144253), ഇടുക്കി (55, 154160, 51428).

ഡിസംബര്‍ പത്തിനകം ബാക്കി 26 ലക്ഷം അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അയല്‍ക്കൂട്ട ശൃംഖലയിലെ 46 ലക്ഷം വനിതകള്‍ക്കും പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇനിയുളള ഏഴ് അവധിദിനങ്ങളില്‍ ഓരോ ദിവസവും പരമാവധി നാല് ലക്ഷം പേരെ വീതം പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കി. സംസ്ഥാനത്തെ 1070 സി.ഡി.എസ്, 19470 എ.ഡി.എസ്, സംസ്ഥാന ജില്ലാ മിഷനുകള്‍, ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികള്‍ എന്നിവരടക്കം ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങളും അയല്‍ക്കൂട്ട പങ്കാളിത്ത പുരോഗതിയും എക്സിക്യൂട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ വിലയിരുത്തും.

അയല്‍ക്കൂട്ടതലത്തില്‍ വലിയ തോതിലുള്ള ഉണര്‍വ് സൃഷ്ടിക്കാന്‍ ക്യാമ്പെയ്ന് സാധിച്ചിട്ടുണ്ട്. വയോധികരും അംഗപരിമിതരും ഉള്‍പ്പെടെ ചെറുപ്പത്തിന്‍റെ ഊര്‍ജസ്വലത കൈവരിച്ച് സ്കൂള്‍ ബാഗും നോട്ടുബുക്കും കുടയും ഉച്ചഭക്ഷണവുമായി സ്കൂളിലേക്കെത്തുന്ന കാഴ്ചകളും ഏറെയാണ്.