കുടുംബശ്രീയെക്കുറിച്ച് പഠിച്ചറിയാന്‍ സൗത്ത് അമേരിക്കന്‍ ഗവേഷക വരവൂരില്‍

കുടുംബശ്രീയുടെ മികവ് പഠിക്കാന്‍ ഓഗ്‌സ്‌ബെര്‍ഗ് സര്‍വ്വകലാശാലയിലെ ഗവേണഷണ വിദ്യാര്‍ത്ഥിനിയും സൗത്ത് അമേരിക്കന്‍ സ്വദേശിനിയുയമായ ഇര്‍മ്മ ഗ്യാട്ടി മാല നവംബര്‍ 21 ന് തൃശ്ശൂരിലെ വരവൂര്‍ സി.ഡി.എസില്‍ എത്തി. തൃശ്ശൂര്‍ ജില്ലയിലെ മികച്ച സി.ഡി.എസ് ആയ വരവൂരിലെ വിവിധ കുടുംബശ്രീ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇര്‍മ്മ നേരില്‍ കണ്ടറിഞ്ഞു.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നിര്‍ദ്ദേശ പ്രകാരമാണ് ലാന്‍ഡ് ഇഷ്യൂസ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന ഇര്‍മ്മ വരവൂരിലെത്തിയത്. പഞ്ചായത്തിലെ കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങളായ ഹെല്‍പ്പ് ഡെസ്‌ക്, അമ്മൂസ് വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ്, തണല്‍ ബോര്‍ഡ് നിര്‍മ്മാണ യൂണിറ്റ്, തൃപ്തി അയല്‍ക്കൂട്ടത്തിന്റെ നവര ജെ.എല്‍.ജി തിച്ചൂരിലെ ഏഴ് ഏക്കര്‍ തരിശുഭൂമിയില്‍ ചെയ്തുവരുന്ന കുറുന്തോട്ടി കൃഷി, കേരള ഫ്‌ളോര്‍സ് എന്നിവ സന്ദര്‍ശിച്ചു. 

പഞ്ചായത്ത് ഭരണ സമിതിയുമായും ചര്‍ച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.കെ പുഷ്പ, മെമ്പര്‍ സെക്രട്ടറി എ.കെ. ആല്‍ഫ്രഡ്, സി.ഡി.എസ് അംഗം സത്യഭാമ എന്നിവര്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി.