കുടുംബശ്രീ അന്നശ്രീ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് തൃശ്ശൂരില്‍ തുടക്കം

കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും തയാറാക്കാലും ഗവേഷണവും ലക്ഷ്യമിട്ട് അന്നശ്രീ സെന്‍ട്രല്‍ ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തൃശ്ശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീ സംരംഭവും കാറ്ററിങ് പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ട്രെയിനിങ് ഏജന്‍സിയുമായ ഐഫ്രം (അദേഭ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

മാടക്കത്തറയില്‍ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 22ന് ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിച്ചു. വന്‍കിട കാറ്ററിങ് ജോലികളും ഭക്ഷണ ഓര്‍ഡറുകളും ഏറ്റെടുത്ത് നടത്താന്‍ കുടുംബശ്രീ സംരംഭകര്‍ക്ക് പരിശീലനം സെന്റര്‍ മുഖേന നടപ്പിലാക്കും. പച്ചക്കറി കൃഷി ചെയ്ത് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കുടുംബശ്രീ കൃഷി സംഘങ്ങള്‍ക്ക് സഹായവും വ്യത്യസ്തവും പ്രാദേശികവുമായ ഭക്ഷണ വിഭവങ്ങള്‍ തയാറാക്കാനുള്ള ഗവേഷണവും സെന്ററിലൂടെ നടത്തും.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെയും സഹായത്തോടെയാണ് കുടുംബശ്രീ പൂര്‍ണ്ണമായും മേല്‍നോട്ടം നടത്തുന്ന ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രവി, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, ജനപ്രതിനിധികളായ സാവിത്രി, അജിത് കുമാര്‍, പ്രശാന്ത്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സതി, പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കവിത, മുന്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജ്യോതിഷ് കുമാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ നിര്‍മല്‍, സിജു, ജില്ലാ പ്രോഗ്രാം മാനേജര്‍ ദീപ, ഐഫ്രം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.