കുടുംബശ്രീ ‘അരങ്ങ്-2024’ സംസ്ഥാന കലോത്സവം: മത്സരാര്‍ത്ഥികള്‍ക്കായി രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ തുറന്നു

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന കലോത്സവം’അരങ്ങ്-2024′ ല്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കായി രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ തുറന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനകലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വ്യക്തിഗത ഗ്രൂപ്പ് അംഗങ്ങളുടെ രജിസ്ട്രേഷന്‍ ജൂണ്‍ ഒന്നിന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. അതത് ജില്ലകള്‍ക്കാണ് ഇതിന്‍റെ ചുമതല. രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ അയല്‍ക്കൂട്ട അംഗത്വം സംബന്ധിച്ച പരിശോധനകള്‍ ജൂണ്‍ മൂന്നിനകം പൂര്‍ത്തിയാക്കും.

ഇതാദ്യമായാണ് കുടുംബശ്രീ കലോത്സവത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റുന്നത്. രജിസ്ട്രേഷന്‍ നേരത്തെ പൂര്‍ത്തിയാക്കുന്നതിനാല്‍ കലോത്സവ ദിനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട തിരക്കൊഴിവാക്കാന്‍ സാധിക്കുന്നത് മത്സരാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും ഒരു പോലെ സഹായകമാകും.  

സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിലായി അമ്പതോളം ഇനങ്ങളിലാണ് ഇത്തവണ മത്സരങ്ങള്‍ സംഘടിപ്പിക്കുക. അയല്‍ക്കൂട്ടങ്ങളിലെയും ഓക്സിലറി ഗ്രൂപ്പുകളിലെയും അംഗങ്ങളായ മൂവായിരത്തോളം വനിതകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി കാസര്‍ഗോട്ടെത്തുന്നത്. നിലവില്‍ നടന്നു വരുന്ന ജില്ലാതല കലോത്സവങ്ങള്‍ 31നുളളില്‍ പൂര്‍ത്തിയാകും. ഇതില്‍ വ്യക്തിഗത ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരാണ് സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ സംഘടിപ്പിച്ച അരങ്ങ്-സംസ്ഥാന കലോത്സവത്തില്‍ കാസര്‍ഗോഡ് ജില്ലയാണ് കിരീടം നേടിയത്.

കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പബ്ളിക് റിലേഷന്‍സ്  ഓഫീസര്‍ നാഫി മുഹമ്മദ് നന്ദി പറഞ്ഞു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ എന്നിവര്‍ പങ്കെടുത്തു.