കുടുംബശ്രീ അര്‍ബന്‍ ലേണിങ്ങ് ഇന്‍റേണ്‍ഷിപ് പ്രോഗ്രാം: രണ്ടാം ബാച്ചിന് ഏകദിന പരിശീലനം

കുടുംബശ്രീ അര്‍ബന്‍ ലേണിങ്ങ് ഇന്‍റേണ്‍ഷിപ് പ്രോഗ്രാമിന്‍റെ ഭാഗമായി തിരഞ്ഞെടുത്ത രണ്ടാം ബാച്ചിനുള്ള ഏകദിന പരിശീലന പരിപാടി തൈക്കാട് കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് ഇന്‍റേണ്‍ഷിപ് പ്രോഗ്രാം. എന്‍.യു.എല്‍.എം പദ്ധതി വഴി സംസ്ഥാനത്തെ നഗരമേഖലയിലുണ്ടായ പുരോഗതിയും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം പദ്ധതിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് പ്രോഗ്രാമിന്‍റെ ലക്ഷ്യം.

പരിശീലനത്തില്‍ 23 പേര്‍ പങ്കെടുത്തു. ഇവര്‍ ഫെബ്രുവരി ഒന്നു  മുതല്‍ സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ ഇന്‍റേണ്‍ഷിപ്പിനായി പ്രവേശിക്കും. ഇന്‍റേണ്‍ഷിപ് കാലയളവില്‍ കുടുംബശ്രീ നല്‍കുന്ന മൂന്നു പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട്  പിന്നീട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. രാജ്യമൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയെ കുറിച്ചും സംസ്ഥാനത്ത് നഗരദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ പദ്ധതി വഹിച്ച പങ്കിനെ കുറിച്ചും ആഴത്തില്‍ പഠിക്കാനുമുള്ള മികച്ച അവസരമാണ് ഇന്‍റേണ്‍ഷിപ്പിനെത്തുന്നവര്‍ക്ക് ലഭിക്കുക. കൂടാതെ കുടുംബശ്രീയും നഗരസഭകളുമായുള്ള വിവിധ സംയോജന മാതൃകകളെ കുറിച്ചും പഠിക്കാനുളള അവസരവും ലഭ്യമാകും.  

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിശീലനാര്‍ത്ഥികളോട് ഓണ്‍ലൈനായി സംവദിച്ചു. അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍ എസ് കുടുംബശ്രീയെ സംബന്ധിച്ചും നഗരമേഖലകളില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു.  

ഒരു നഗരസഭയില്‍ ഒരാള്‍ വീതം കേരളത്തിലെ 93 നഗരസഭകളിലും കുടുംബശ്രീ സംസ്ഥാനമിഷനില്‍ മൂന്നു പേര്‍ക്കുമാണ് ഇന്‍റേണ്‍ഷിപ്പിന് അവസരം. ആദ്യബാച്ചില്‍ ഉള്‍പ്പെട്ട 24 പേര്‍ ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

എന്‍.യു.എല്‍.എം സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ സുധീര്‍ കെ.ബി, ബീന ഇ, പൃഥ്വിരാജ്, നിശാന്ത് ജി.എസ്, മേഘ്ന എസ് പങ്കെടുത്തു.