കുടുംബശ്രീ അവാര്‍ഡ്‌സ് 2025 : ജില്ലാതല തെരഞ്ഞെടുപ്പുകള്‍ പുരോഗമിക്കുന്നു

കുടുംബശ്രീയിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കുടുംബശ്രീ അവാര്‍ഡുകള്‍ക്ക് മുന്നോടിയായി ജില്ലാതല അവാര്‍ഡ് തെരഞ്ഞെടുപ്പുകള്‍ പുരോഗമിക്കുന്നു. മെയ് 17ലെ കുടുംബശ്രീ ദിനാഘോഷത്തോട് അനുബന്ധിച്ചാകും സംസ്ഥാനതല അവാര്‍ഡ് വിതരണം സംഘടിപ്പിക്കുക.

ബ്ലോക്ക്തലം മുതല്‍ ജില്ലാതലം വരെ 14 വിഭാഗങ്ങളിലും സംസ്ഥാനലത്തില്‍ 3 ജില്ലാ അവാര്‍ഡുകള്‍ ഉള്‍പ്പെടെ ആകെ 17 വിഭാഗങ്ങളിലുമാണ് അവാര്‍ഡുകള്‍ നല്‍കുക.

അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊരു സമിതി, സി.ഡി.എസ് (സംയോജനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം -മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍), സി.ഡി.എസ് (കാര്‍ഷിക-മൃഗസംരക്ഷണ മേഖല), സി.ഡി.എസ് (സാമൂഹ്യവികസനം- ജെന്‍ഡര്‍), സി.ഡി.എസ് (പട്ടികവര്‍ഗ്ഗ മേഖല), സി.ഡി.എസ് (കാര്‍ഷികേതര ഉപജീവനം – സംരംഭം, ഡി.ഡി.യു-ജി.കെ.വൈ, കെ-ഡിസ്‌ക്), സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്‌സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ഓക്‌സിലറി ഗ്രൂപ്പ്, ഓക്‌സിലറി സംരംഭം എന്നീ വിഭാഗങ്ങളിലുള്ള അവാര്‍ഡുകള്‍ ബ്ലോക്ക്, ജില്ല, സംസ്ഥാനതലങ്ങളില്‍ നല്‍കും. സംസ്ഥാനതലത്തില്‍ മികച്ച ജില്ലാ മിഷന്‍, മികച്ച സ്‌നേഹിത, മികച്ച രീതിയില്‍ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നല്‍കിയ ജില്ല എന്നീ വിഭാഗങ്ങളിലും അവാര്‍ഡുകളുണ്ട്.

വയനാട്, തൃശ്ശൂര്‍, മലപ്പുറം,കാസര്‍ഗോഡ്‌ ജില്ലകളില്‍ ജില്ലാതല അവാര്‍ഡ് നിര്‍ണ്ണയങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാനതല അവാര്‍ഡ് നിര്‍ണ്ണയം ഏപ്രില്‍ 21 മുതല്‍ 27 വരെയുള്ള തീയതികളില്‍ നടക്കും.