തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന ഭാഷാ നൈപുണ്യ വികസന പദ്ധതിയായ ‘കമ്മ്യൂണിക്കോറി’ന്റെ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. ആഗോള ഭാഷയായ ഇംഗ്ലീഷിലെ നൈപുണ്യം വര്‍ദ്ധിപ്പിച്ച് പുതിയ തൊഴില്‍ മേഖലകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും തദ്ദേശീയ ജനവിഭാഗത്തെ മുന്നോട്ട് എത്തിക്കുകയാണ് കമ്മ്യൂണിക്കോര്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതിയും പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയും നടപ്പിലാക്കുന്ന മേഖലകളിലാണ് ഈ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവരുടെ ഭാഷാ നൈപുണ്യ ശേഷി പരമാവധി പരിപോഷിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ പരിശീലനത്തിലൂടെ തദ്ദേശീയ മേഖലയിലുള്ളവര്‍ക്ക് വിപുലമായ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയില്‍ ചുവടുവയ്ക്കാനുള്ള പ്രാപ്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ടിരിക്കുന്നു.
മാര്‍ച്ച് 25 മുതല്‍ 28 വരെ എറണാകുളം കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെന്ററില്‍ നടന്ന റിസോഴ്സ് പേഴ്സണ്‍ പരിശീലനത്തിന്റെ ഉദ്ഘാടനം കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.എം. റജീന നിര്‍വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.ബി. ശ്രീജിത്ത് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍ പൊന്നി സ്വാഗതവും സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപന്‍ നന്ദിയും പറഞ്ഞു. പട്ടിക വര്‍ഗ്ഗ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുന്ന ജില്ലകളില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ള 40 റിസോഴ്സ് പേഴ്‌സണ്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.