കുടുംബശ്രീ ടെക്‌നോവേള്‍ഡ് തേര്‍ഡ് ഐ.ടി ടീമിന്  ദേശീയ പുരസ്‌ക്കാരം

കേന്ദ്ര പാര്‍പ്പിട നഗരകാര്യമന്ത്രാലയത്തിന്റെ മികച്ച വനിതാ സംരംഭകര്‍ക്കുള്ള അവാര്‍ഡ് കോഴിക്കോടുള്ള കുടുംബശ്രീ ഐ.ടി യൂണിറ്റായ ടെക്‌നോവേള്‍ഡ് തേര്‍ഡ് ടീമിന്. ഹരിയാനയിലെ ഗുരുഗ്രാമില്‍  മാര്‍ച്ച് 6ന്‌ നടന്ന ചടങ്ങില്‍ ടെക്‌നോവേള്‍ഡ് തേര്‍ഡ് ഐ.ടി യൂണിറ്റിന് വേണ്ടി പ്രസിഡന്റ് കെ. വിജയയുടെ നേതൃത്വത്തിലുള്ള ടീം ബഹുമതി ഏറ്റുവാങ്ങി.

കേരളത്തില്‍ നിന്ന് ഈ ബഹുമതി നേടിയ ഏക സംരംഭമായ ടെക്‌നോവേള്‍ഡ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് പ്രവര്‍ത്തിക്കുന്നത്. 2004 മാര്‍ച്ചില്‍ അഞ്ച് വനിതകള്‍ ചേര്‍ന്ന് ആരംഭിച്ച ഈ ഐ.ടി യൂണിറ്റ് മുഖേന 50 വനിതകള്‍ക്ക് സ്ഥിരമായും 1500ലധികം വനിതകള്‍ക്ക് താത്ക്കാലികമായും ഉപജീവന അവസരം നല്‍കിവരുന്നു.

ഡേറ്റ എന്‍ട്രി, പ്രിന്റിങ് പ്രസ് എന്നിവ നേരിട്ട് നടത്തുന്നത് കൂടാതെ കോഴിക്കോട് കോര്‍പ്പറേഷന്‍ കിയോസ്‌ക്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ ഇ- സേവാ കേന്ദ്ര, വിവിധ ഹോസ്പിറ്റല്‍ കിയോസ്‌കുകള്‍ എന്നിവയും യൂണിറ്റ് മുഖേന നടത്തുന്നു. കൂടാതെ ട്രെയിനിങ്, പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുമുണ്ട്. ഡേറ്റ എന്‍ട്രി, പ്രിന്റിങ് മേഖലകളില്‍ സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സി കൂടിയാണ് ടെക്‌നോവേള്‍ഡ്.