കുടുംബശ്രീ ബാലസദസ്; സ്‌കൂളുകളില്‍ ചോദ്യപ്പെട്ടികള്‍

ഒക്ടോബര്‍ രണ്ടിന് ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ‘ബാലസദസി’ന് മുന്നോടിയായി സ്‌കൂളുകളില്‍ ‘ചോദ്യപെട്ടികള്‍’ സ്ഥാപിച്ചു.

കുട്ടികള്‍ അവരവരുടെ പ്രദേശങ്ങളിലോ അവര്‍ ഇടപെടുന്ന മേഖലകളിലോ കണ്ടെത്തുന്ന സാമൂഹിക പ്രശ്‌നങ്ങളെ ചോദ്യങ്ങളായോ നിര്‍ദ്ദേശങ്ങളായോ എഴുതി തയാറാക്കി ചോദ്യപെട്ടിയില്‍ നിക്ഷേപിക്കും. സെപ്റ്റംബര്‍ 27 വരെയാണ് ചോദ്യപെട്ടി സ്‌കൂളുകളില്‍ വയ്ക്കുക. ഈ ചോദ്യപെട്ടികള്‍ ബാലസദസ് പഞ്ചായത്ത് സംഘാടക സമിതി അല്ലെങ്കില്‍ കുടുംബശ്രീ എ.ഡി.എസുകള്‍ ശേഖരിക്കും. ഓരോ വിദ്യാലയങ്ങളില്‍ നിന്നും ലഭിക്കുന്ന മികച്ച ചോദ്യങ്ങള്‍  അല്ലെങ്കില്‍  നിര്‍ദ്ദേശങ്ങള്‍  തെരഞ്ഞെടുക്കുകയും ബാലസദസ്സില്‍ വായിക്കുകയും വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കുകയും ചെയ്യും.

കുട്ടികളുടെ അവകാശ സംരക്ഷണം നടപ്പാക്കുക, അവരില്‍ ജനാധിപത്യബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിച്ച കുട്ടികളുടെ അയല്‍ക്കൂട്ടങ്ങളാണ് ബാലസഭകള്‍. ഈ വര്‍ഷം ഡിസംബറില്‍ നടത്തുന്ന ബാലപാര്‍ലമെന്റിനു മുന്നോടിയായാണ് ബാലസദസ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയും സാമൂഹ്യ പ്രശ്നങ്ങള്‍  തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവുകള്‍  കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് ബാലസദസ്സുകള്‍ വഴി ലക്ഷ്യമിടുന്നത്.