കുടുംബശ്രീയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, ഫാക്ട് എന്നിവ സംയുക്തമായി കുടുംബശ്രീ കര്‍ഷക വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന നാലു ദിവസത്തെ കാര്‍ഷിക ഡ്രോണ്‍ പരിശീലന പരിപാടിക്ക് തുടക്കമായി. ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ് മെയ് 13ന് ഉദ്ഘാടനം ചെയ്തു.
ഡ്രോണ്‍ പരിശീലനം സംബന്ധിച്ച് മലയാളത്തില്‍ തയ്യാറാക്കിയ യൂസര്‍ ഗൈഡ് ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. ജി. ബൈജു കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു.കെ.സിനു നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ഷാനവാസ് ആശംസാ പ്രസംഗം നടത്തി. സി.ടി.സി.ആര്‍സി പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.വി.എസ് സന്തോഷ് മിത്ര നന്ദി പറഞ്ഞു.
രാവിലെ നടന്ന സെഷനില്‍ സി.ടി.സി.ആര്‍സി പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ.വി.എസ് സന്തോഷ് മിത്ര ഇ-ക്രോപ് ബേസ്ഡ് സ്മാര്‍ട്ട് ഫാമിങ്ങ്, ഇ-ക്രോപ് സ്മാര്‍ട്ട് ഫെര്‍ട്ടിഗേറ്റിങ്ങ് സിസ്റ്റം, സി.ടി.സി.ആര്‍.സി വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വിവിധ പഞ്ചായത്തുകളില്‍ നടപ്പാക്കിയ വിജയമാതൃകകള്‍ എന്നിവ സംബന്ധിച്ച് വിശദീകരിച്ചു.
ഉച്ചയ്ക്ക് ശേഷം ഡ്രോണിന്‍റെ രൂപഘടന, സാങ്കേതിക വശങ്ങള്‍, പ്രവര്‍ത്തനരീതി എന്നിവ സംബന്ധിച്ച് ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ അനൂപ് എ.ബി, എ.ഐ ഏരിയല്‍ ഡൈനാമിക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിഷ്ണു വി,നാഥ്, എസ്.ഡി.സി ഡ്രോണ്‍ ഇന്‍സ്ട്രക്ടര്‍ ലക്ഷ്മീ നാരായണന്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.
പരിശീലനത്തില്‍ പങ്കെടുക്കുന്ന 50 വനിതകളും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗരുഡ എയ്റോസ്പേസിന്‍റെ ആഭിമുഖ്യത്തില്‍ പരിശീലനം നേടി ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് നേടിയവരാണ് ഫാക്ടിന്‍റെ നേതൃത്വത്തില്‍ ഇവര്‍ക്കെല്ലാം ഡ്രോണും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഈ രംഗത്ത് കൂടുതല്‍ പ്രൊഫഷണലിസം നല്‍കുന്നതിന്‍റെ ഭാഗമായാണ് സി.ടി.സി.ആര്‍.ഐയും ഫാക്ടുമായും ചേര്‍ന്ന് വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ ഐ.സി.എ.ആര്‍-സി.ടി.സി.ആര്‍.ഐ, ഫാക്ട് എന്നിവിടങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഫാമിങ്ങ്, അഗ്രി ഡ്രോണ്‍ ഹാര്‍ഡ്വെയര്‍, മെയിന്‍റനന്‍സ് ആന്‍ഡ് സര്‍വീസിങ്ങ്, ഡ്രോണ്‍ സിമുലേറ്റര്‍, ട്രയല്‍ ഡ്രോണ്‍ ഫ്ളയിങ്ങ്, ഹാന്‍ഡ്സ് ഓണ്‍ അഗ്രി ഡ്രോണ്‍ ഫ്ളയിങ്ങ് എന്നിവയില്‍ ഫീല്‍ഡ്തല പരിശീലനമാണ് നല്‍കുന്നത്. കൂടാതെ ഡ്രോണ്‍ ഉപയോഗിക്കുന്ന അവസരങ്ങളില്‍ പാലിക്കേണ്ട വ്യക്തിഗത സുരക്ഷ, പരിസ്ഥിതി പരിഗണനകള്‍, കീടനാശിനി ഉപയോഗം, പരിപാലന സുരക്ഷാ നടപടികള്‍ തുടങ്ങിയവയിലും അവബോധം നല്‍കും. ഡ്രോണുകള്‍ വഴി വിത്തു നടീല്‍, കൃത്യമായ ഇടവേളകളില്‍ വിളകളുടെ വളര്‍ച്ചാ നിരീക്ഷണം, കീടനാശിനികളുടെയും ദ്രവരൂപത്തിലുളള വളങ്ങളുടെയും പ്രയോഗം എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്.
സി.ടി.സി.ആര്‍.ഐ ഡ്രോണ്‍ കോര്‍ഡിനേറ്റര്‍ ബിനീഷ് ജി.ജെ, കുടുംബശ്രീ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ചുമതല വഹിക്കുന്ന സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. പരിശീലന പരിപാടി 16ന് സമാപിക്കും.