കുടുംബശ്രീ വ്‌ളോഗ് ആന്‍ഡ് റീ്ല്‍സ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ബഹു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു. ഇന്നലെ പത്തനംതിട്ട ജില്ലയില്‍ കെ 4 കെയര്‍ പദ്ധതി ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു സമ്മാനവിതരണം.
2023 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി കുടുംബശ്രീ സംഘടിപ്പിച്ച വ്ളോഗ് ആന്‍ഡ് റീല്‍സ് മത്സരത്തില്‍ 60ലേറെ വീഡിയോകളാണ് ലഭിച്ചത്. ഇതില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത വീഡിയോകള്‍ കുടുംബശ്രീയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി പബ്ലിഷ് ചെയ്തു. ഇതില്‍ ലഭിച്ച വ്യൂസും വിദഗ്ധ ജഡ്ജിങ് പാനല്‍ നല്‍കിയ മാര്‍ക്കും കണക്കാക്കിയാണ് അന്തിമ വിജയികളെ കണ്ടെത്തിയത്.
വ്‌ളോഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് വടകര സ്വദേശിനികളായ പുതിയാപ്പ് മലപ്പറമ്പത്ത് സൗമ്യ എം.ടി.കെ, സൗപര്‍ണ്ണികയില്‍ നവിത എം.പി എന്നിവര്‍ 50,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. വടകര നഗരസഭയിലെ കുടുംബശ്രീ ഹരിയാലി ഹരിതകര്‍മ്മ സേനയുടെ കീഴിലുള്ള ഗ്രീന്‍ ടെക്നോളജി സെന്ററിനെക്കുറിച്ചുള്ള വ്‌ളോഗാണ് ഇവര്‍ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.
രണ്ടാം സ്ഥാനം നേടിയ മലപ്പുറം ആക്കപ്പറമ്പ് ചരുവിളയില്‍ രതീഷ്. ടി മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭമായ എക്കോ ക്രാഫ്റ്റിനെക്കുറിച്ചുള്ള വ്ളോഗാണ് തയാറാക്കിയത്. ട്രോഫിയും സര്‍ട്ടിഫിക്കറ്റും 40,000 രൂപ ക്യാഷ് പ്രൈസും രതീഷിന് സമ്മാനമായി ലഭിച്ചു. മൂന്നാം സ്ഥാനം നേടിയ കോട്ടയം അറുനൂറ്റിമംഗലം എസ്.വി നിലയത്തില്‍ സ്മിത എന്‍.ബി ട്രോഫിയും സര്‍ട്ടിഫിക്കറ്റും 30,000 രൂപ ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. കഫേ കുടുംബശ്രീയെക്കുറിച്ചുള്ള വ്ളോഗാണ് കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സ്മിതയ്ക്ക് സമ്മാനം നേടിക്കൊടുത്തത്.
റീല്‍സ് മത്സരത്തില്‍ ഒന്നാമതെത്തിയ എറണാകുളം എടയ്ക്കാട്ടുവയല്‍ കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള കൈപ്പട്ടൂര്‍ എ.ഡി.എസ് അംഗങ്ങള്‍ വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും 25,000 രൂപയും ഏറ്റുവാങ്ങി. സിന്ധു സതീശന്‍, രാധാമണി ശശി, സിന്ധു സന്തോഷ്, അമ്മിണി അപ്പുക്കുട്ടന്‍, അമ്പിളി സന്തോഷ്, ലത പ്രകാശന്‍, ജയനശ്രീ രാജു, രമ കൃഷ്ണന്‍കുട്ടി, ഗിരിജ ബാബു, ബീന രാജന്‍, ഷൈല പ്രകാശന്‍ എന്നിവരാണ് തങ്ങളുടെ വാര്‍ഡിലെ ഐശ്വര്യ ജെ.എല്‍.ജിയെക്കുറിച്ചുള്ള റീല്‍ തയാറാക്കിയത്. എറണാകുളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റജീന, എടയ്ക്കാട്ടുവയല്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിഷിദ സന്തോഷ് എന്നിവര്‍ എ.ഡി.എസ് അംഗങ്ങള്‍ക്കൊപ്പം സമ്മാനമേറ്റുവാങ്ങി.
രണ്ടാം സ്ഥാനം നേടിയ ഇടുക്കി മുനിയറ വടക്കേടത്ത് വീട്ടില്‍ സിന്ധു തോമസ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും 20,000 രൂപ ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. അടിമാലി ബ്ലോക്കിലെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിനെക്കുറിച്ചുള്ള റീലാണ് സിന്ധു തയാറാക്കിയത്. മാമലക്കണ്ടത്തുള്ള കുടുംബശ്രീ പൊന്നൂസ് ഹോം സ്റ്റേയെക്കുറിച്ചുള്ള റീല്‍ തയാറാക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല കൊള്ളിയ്ക്കാപ്പറമ്പില്‍ അമല്‍ കെ.വി 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അമല്‍ ഏറ്റുവാങ്ങി.