കുടുംബശ്രീ വ്‌ളോഗ് ആന്‍ഡ് റീല്‍സ് മത്സരംവിജയികളെ പ്രഖ്യാപിച്ചു

കുടുംബശ്രീ സംഘടിപ്പിച്ച വ്‌ളോഗ് ആന്‍ഡ് റീല്‍സ് മത്സര വിജയികളെ പ്രഖ്യാപിച്ചു. വ്‌ളോഗ്‌സ് മത്സരത്തില്‍ കോഴിക്കോട് വടകര സ്വദേശികളായ സൗമ്യ എം.ടി.കെ (പുതിയാപ്പ് മലപ്പറമ്പത്ത്)യും നവിത എം.പി (സൗപര്‍ണ്ണിക ഹൗസ്‌) ചേര്‍ന്ന് തയാറാക്കിയ വീഡിയോയ്ക്കാണ് ഒന്നാം സ്ഥാനം. റീല്‍സ് മത്സരത്തില്‍ എറണാകുളം എടയ്ക്കാട്ടുവയല്‍ സി.ഡി.എസിന് കീഴിലെ കൈപ്പട്ടൂര്‍ എ.ഡി.എസ് (വാര്‍ഡ് 11) അംഗങ്ങള്‍ തയാറാക്കിയ റീല്‍ ഒന്നാമതെത്തി.

വ്‌ളോഗ്‌സ് മത്സരത്തില്‍ മലപ്പുറം ആക്കപ്പറമ്പ് ചരുവിളയില്‍ രതീഷ്. ടി രണ്ടാം സ്ഥാനവും കോട്ടയം കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ്ായ അറുനൂറ്റിമംഗലം എസ്.വി നിലയത്തില്‍ സ്മിത എന്‍.ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റീല്‍സ് മത്സരത്തില്‍ സിന്ധു തോമസ് (ഇടുക്കി മുനിയറ വടക്കേടത്ത്) രണ്ടാം സ്ഥാനവും അമല്‍ കെ.വി (എറണാകുളം പെരുമ്പാവൂര്‍ വെങ്ങോല കൊള്ളിയ്ക്കാപ്പറമ്പില്‍) മൂന്നാം സ്ഥാനവും നേടി.  

വ്‌ളോഗ്‌സ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് 50,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 40,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. റീല്‍സ് മത്സരത്തില്‍ ഒന്നാമതെത്തിയവര്‍ക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയുമാണ് ക്യാഷ്് അവാര്‍ഡ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും

അറുപതോളം എന്‍ട്രികളാണ് ഇരു മത്സരങ്ങളിലുമായി ലഭിച്ചത്. ആദ്യഘട്ട വിലയിരുത്തലിന് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത വീഡിയോകള്‍ക്ക് കുടുംബശ്രീ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി ലഭിച്ച വ്യൂസും വിദഗ്ധ ജഡ്ജിങ് പാനല്‍ നല്‍കിയ മാര്‍ക്കും ചേര്‍ത്താണ് അന്തിമ വിജയികളെ കണ്ടെത്തിയത്.