കുടുംബശ്രീ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വിപണന പരിശീലനം സംഘടിപ്പിച്ചു

ഓണ്‍ലൈന്‍ വിപണനം ശക്തിപ്പെടുത്തുന്നതിനായി കുടുംബശ്രീ സംരംഭകര്‍ക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായി നബാര്‍ഡിന്റെ പിന്തുണയോടെ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. എറണാകുളത്ത് നാല് ദിനങ്ങളിലായി ആറ് ബാച്ചുകള്‍ക്ക് നല്‍കിയ ദ്വിദിന പരിശീലന പരിപാടിയില്‍ 149 കുടുംബശ്രീ സംരംഭകര്‍ ഭാഗമായി. മാര്‍ച്ച് 21 മുതല്‍ 24 വരെയായിരുന്നു പരിശീലനം.

ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് മുതലായ പ്രമുഖ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യാനും വില്‍പ്പന നടത്താനും സമൂഹമാധ്യമങ്ങള്‍ മുഖേനയുള്ള പ്രൊമോഷന്‍ നടത്താനുമുള്‍പ്പെടെ സംരംഭകര്‍ക്ക് തുണയാകുന്ന പരിശീലനമാണ് സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ആയിരത്തോളം ഉത്പന്നങ്ങള്‍ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിപണനത്തിന് എത്തിക്കുകയാണ് പരിശീലന പരിപാടി മുഖേന ലക്ഷ്യമിട്ടത്.

‘ഈസ് ഗോയിങ് ഓണ്‍ലൈന്‍’ ഏജന്‍സി മുഖേന നല്‍കിയ പരിശീലനത്തില്‍ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് രീതികള്‍, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലവും നല്‍കി. പരിശീലനം ലഭിച്ച എല്ലാ യൂണിറ്റുകള്‍ക്കും ആറ് മാസത്തെ പരിശീലനാന്തര സഹായവും ഏജന്‍സി നല്‍കും.

നേരത്തേ ഇന്റര്‍നാഷണല്‍ ലേബര്‍ അസോസിയേഷനും ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററും മൈക്രോസോഫ്ടും സംയുക്തമായി വുമണ്‍ ഇന്‍ ഡിജിറ്റല്‍ ബിസിനസ് പരിശീലനവും അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത് കൂടാതെ ഓണ്‍ലൈന്‍ വിപണന വഴികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ജില്ലാതല മാസ്റ്റര്‍ ട്രെയിനിങ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവര്‍ വഴി താഴേത്തട്ടിലെ സംരംഭകരിലേക്ക് പരിശീലനം എത്തിക്കാനുള്ള ശ്രമങ്ങളും കുടുംബശ്രീ നടത്തിവരുന്നു.