കെ ഫോര്‍ കെയര്‍ ജില്ലാതല പരിശീലനം ആരംഭിച്ചു

ഗാര്‍ഹിക പരിചരണ മേഖലയില്‍ കുടുംബശ്രീ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന കെ ഫോര്‍ കെയര്‍ (കുടുംബശ്രീ ഫോര്‍ കെയര്‍) പദ്ധതിയുടെ ഭാഗമായുള്ള എക്‌സിക്യൂട്ടീവുകള്‍ക്കുള്ള ജില്ലാതല പരിശീലനങ്ങള്‍ക്ക് തുടക്കം. 30 പേരുള്ള ബാച്ചുകളായാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി ആദ്യം ആരംഭിച്ചത് തൃശ്ശൂര്‍ ജില്ലയിലാണ്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 4 വരെയുള്ള പരിശീലനം മദര്‍ ഹോസ്പിറ്റലിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ പരിശീലന പരിപാടി 26നും ആരംഭിച്ചു. മാര്‍ച്ച് 11 വരെയുള്ള പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത് പി.കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ്. കാസര്‍ഗോഡ് ജില്ലയിലെ പരിശീലനം 29ന് ആരംഭിക്കും. മൂന്ന് ജില്ലകളിലും പരിശീലനം സംഘടിപ്പിക്കുന്നത് ആസ്പിരന്റ് ലേണിങ് അക്കാഡമി പ്രൈവലറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ്. ശരീരഭാഗവും പ്രവര്‍ത്തനങ്ങളും, ആരോഗ്യഗരമായ ജീവിതവും വ്യക്തിഗത ശുചിത്വവും, രോഗിയുടെ അവകാശങ്ങള്‍, അണുബാധ നിയന്ത്രണവും അവയുടെ പ്രതിരോധവും നേത്ര സംരക്ഷണം, മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്നവിധം, കത്തീട്രല്‍ കെയര്‍, ഫിസിയോതെറാപ്പി, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ നല്‍കുന്ന വിധം, പേഷ്യന്റ് ട്രാന്‍സ്ഫറിങ് എന്നിങ്ങനെ 31 വിഷയങ്ങളിലാണ് വിദഗ്ധ പരിശീലനം നല്‍കുന്നത്.

കെയര്‍ എക്കണോമിയിലുള്ള കുടുംബശ്രീയുടെ പ്രധാന ഇടപെടലുകളിലൊന്നായ കെ ഫോര്‍ കെയര്‍ മുഖേന ഗാര്‍ഹിക പരിചരണങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ്. വയോജന- ശിശു പരിപാലനം, രോഗീ പരിചരണം, ഭിന്നശേഷി പരിപാലനം, പ്രസവ ശുശ്രൂഷ എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ ഒരു കുടുംബത്തിന് മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന മേഖലകളിലാണ് കെ ഫോര്‍ കെയര്‍ മുഖേന പരിശീലനം നേടിയ എക്‌സിക്യൂട്ടീവുകള്‍ സേവനം നല്‍കുക. തുടക്കത്തില്‍ 1000 കെ ഫോര്‍ കെയര്‍ എക്‌സിക്യൂട്ടീവുകളെ സജ്ജമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.