കേരളീയം – കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ അഞ്ച് ദിനം കൊണ്ട് അരക്കോടി പിന്നിട്ടു വിറ്റുവരവ്

കേരളീയത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്ന കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ അഞ്ച് ദിനം കൊണ്ട് വിറ്റുവരവ് അരക്കോടി പിന്നിട്ടു. ജനങ്ങള്‍ ഒഴുകിയെത്തിയ പൊതുഅവധി ദിനമായ ഞായറാഴ്ച (നവംബര്‍ 5) കൂടി കഴിഞ്ഞപ്പോള്‍ 52.5 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഫുഡ്‌കോര്‍ട്ടിലൂടെ നേടാനായത്.

മലയാളി അടുക്കള എന്ന പേരിട്ട ഫുഡ്‌കോര്‍ട്ടില്‍ 14 ജില്ലകളിലെയും പ്രാദേശിക രുചിവൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരമാണൊരുക്കിയിരിക്കുന്നത്. സൂര്യകാന്തി വേദിക്ക് എതിര്‍വശം സജ്ജീകരിച്ചിരിക്കുന്ന കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ കടമ്പും കോഴിയും, ചിക്കന്‍ ചോറ്, ചാക്കോത്തി ചിക്കന്‍, ചിക്കന്‍ കൊണ്ടാട്ടം, കിളിക്കൂട്, ചിക്കന്‍ പത്തിരി, കല്ലുമ്മക്കായ നിറച്ചത്, മുട്ടമാല തുടങ്ങിയ നിരവധി വിഭവങ്ങളാണുള്ളത്. കൂടാതെ കുടുംബശ്രീ അംഗങ്ങള്‍ തയാറാക്കുന്ന വനസുന്ദരിയും സൊലൈ മിലനും മുളയരി പായസവും ഇവിടെയുള്ള ബ്രാന്‍ഡഡ്‌ വിഭവ സ്റ്റാളിലും ലഭ്യമാണ്.

ആവശ്യമായ തുക നല്‍കി കൂപ്പണ്‍ എടുത്ത് സ്റ്റാളുകളില്‍ നിന്നും ഇഷ്ടഭക്ഷണം വാങ്ങിക്കഴിക്കാവുന്ന രീതിയിലാണ് കുടുംബശ്രീ ഫുഡ്‌കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് പ്രവര്‍ത്തനം. ഇവിടെ ആവശ്യമുള്ള ചിക്കന്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നാണ് ലഭ്യമാക്കുന്നതും.