കേരളീയം – ‘കേളികൊട്ട്’ കുടുംബശ്രീ വിളംബര കലാജാഥയ്ക്ക് ഫ്ളാഗ് ഓഫ്

നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘കേളികൊട്ട്’ കലാജാഥയ്ക്ക് തുടക്കം. ഇന്ന് കനകക്കുന്നു കൊട്ടാരവളപ്പിൽ നിന്നാരംഭിച്ച കലാജാഥ ‘കേരളീയം’ സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.
വയനാട്ടിലെ കുടുംബശ്രീ യൂണിറ്റിന്റെ സംഗീതസംഘമായ മലമുഴക്കിയാണ് കലാജാഥയ്ക്കു നേതൃത്വം നൽകുന്നത്. ഫ്‌ളാഗ് ഓഫിനു മുന്നോടിയായി കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫ്‌ളാഷ്മോബും അരങ്ങേറി. തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ചടങ്ങിൽ ഐ.ബി.സതീഷ് എം.എൽ.എ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ്, കേരളീയം കൺവീനർ എസ്. ഹരികിഷോർ ഐ.എ.എസ് എന്നിവരും പങ്കെടുത്തു.
നാളെയും മറ്റന്നാളുമായി തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തും. നാളെ നെടുമങ്ങാടും പാലോടും എത്തുന്ന യാത്ര മറ്റന്നാൾ ബാലരാമപുരം, നെയ്യാറ്റിൻകര, തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിലും എത്തിയശേഷം മാനവീയം വീഥിയിൽ സമാപിക്കും.