മലയാളിയുടെ രുചിവൈവിധ്യങ്ങളുടെ കലവറയാണ് കേരളീയം ഭക്ഷ്യമേളയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. വിഭവസമൃദ്ധമായ ഭക്ഷണം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കേരളീയത്തിലൂടെ ലഭ്യമായതെന്നും മന്ത്രി പറഞ്ഞു. കേരളീയത്തോടനുബന്ധിച്ച് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീയുടെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ആകൃതിയില്‍ ക്രമീകരിച്ച വിഭവസമൃദ്ധമായ ഭക്ഷണം രുചിച്ചുനോക്കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പതിനാലു ജില്ലകളില്‍ നിന്നുള്ള പ്രാദേശിക വിഭവങ്ങള്‍ നേരില്‍ കണ്ട് രുചിച്ചുനോക്കിയ മന്ത്രി കേരളീയത്തിലൂടെ ബ്രാന്‍ഡു ചെയ്യുന്ന വനസുന്ദരി ചിക്കന്‍ തയ്യാറാക്കുന്നതിലും പങ്കുചേര്‍ന്നു.
കുടുംബശ്രീയുടെ വ്യാപാര വിപണന മേളയും മന്ത്രി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐ.എ.എസും മന്ത്രിക്കൊപ്പം സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു കെ.എസ് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ബി. ശ്രീജിത്ത്, പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത്, പബ്ലിക് റിലേഷൻസ് ഓഫീസര്‍ നാഫി മുഹമ്മദ് എന്നിവരും പങ്കെടുത്തു.
ഇരുപത്തിനാലായിരം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള വിശാലമായ അടുക്കളയില്‍ പതിനാലുജില്ലകളിലെ പ്രാദേശിക വിഭവങ്ങളാണ് കുടുംബശ്രീ കൂട്ടായ്മയിൽ തയ്യാറാകുന്നത്.
കാസര്‍കോഡിന്റെ പ്രത്യേക വിഭവമായ കടമ്പും കോഴിയും മുതല്‍ മലപ്പുറം സ്‌പെഷ്യലായ ചിക്കന്‍പൊട്ടിത്തെറിച്ചത് വരെ സ്റ്റാളുകളില്‍ ലഭ്യമാണ്. രണ്ട് ബ്രാന്റഡ് വിഭവങ്ങളുടെ സ്റ്റാളുകളും കുടുംബശ്രീ ക്രമീകരിച്ചിട്ടുണ്ട്.