കൊച്ചി ദേശീയ സരസ് മേള : ചവിട്ടുനാടകത്തിൽ ലോക റെക്കോഡ് സ്വന്തമാക്കി കുടുംബശ്രീ

504 അയൽക്കൂട്ട വനിതകളെ അണി നിരത്തി കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ സംഘടിപ്പിച്ച മെഗാ ചവിട്ടുനാടകത്തിന് ലോക റെക്കോഡ്. ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്ത ചവിട്ടുനാടകം എന്ന വേൾഡ് ടാലൻ്റ് റെക്കോഡാണ് കുടുംബശ്രീ സ്വന്തമാക്കിയത്.

കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണത്തിൻ്റെ  ഭാഗമായാണ് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ 24-12-2023 രാവിലെ 9:30ന് ചവിട്ടു നാടകം അവതരിപ്പിച്ചത്.

കുടുംബശ്രീയുടെ കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം പ്രമേയമാക്കിയ ചവിട്ടുനാടകത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയൽക്കൂട്ട അംഗങ്ങളാണ് പങ്കെടുത്തത്. ചവിട്ടുനാടക കലാകാരൻ രാജു നടരാജന്റെ നേതൃത്വത്തിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമായിരുന്നു അവതരണം.

ഓൾ ഗിന്നസ് വേൾഡ് റെക്കോഡേർസ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, ടാലൻ്റ് റെക്കോഡ് ബുക്ക് ഒഫീഷ്യൽസായ ഡോ. വിന്നർ ഷെരീഫ്, രക്ഷിതാ ജെയിൻ എന്നിവർ വിധികർത്താക്കളായി.

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ രതീഷ് പിലിക്കോട്, ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ടി.എം. റെജീന, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.